ഒറ്റപ്പാലം: മായന്നൂര്‍ പാലത്തിനുസമീപം കുടിലുകെട്ടി താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിലുകള്‍ പൊളിച്ചു നീക്കി. നഗരസഭയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു നടപടി. നഗരസഭ ചെയര്മാന്, ഹെല്‍ത്ത്, പോലീസ് എന്നീ വകുപ്പുകളുടെ സാന്നിധ്യത്തിലായിരുന്നു പൊളിച്ചു നീക്കല്്.
മായന്നൂര്‍ പാലത്തിനു താഴെ ഭാരതപ്പുഴയോരത്ത് ഏകദേശം എഴുപതോളം കുടിലുകളാണു ഇന്നലെ പൊളിച്ചുനീക്കിയത്. ഈ കുടിലുകളിലായി 150നും 200മിടയില്‍ തൊഴിലാളികള്‍ താമസിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന ഷെഡുകള്‍ക്കു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നു നഗരസഭ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സ്ഥലഉടമകള്‍ അതിനു തയ്യാറാകാത്തതാണു പൊളിച്ചുനീക്കല്‍ നടപടിക്ക് കാരണമായത.് എഴുപത് സ്ക്വയര്‍ ഫീറ്റിനു താഴെയുള്ള സ്ഥലത്തിനു മുന്നൂറു മുതല്‍ അഞ്ഞൂറ് രൂപവരെ ഓരോ കുടിലുകള്‍ക്കും വാടക ഈടാക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം കുടിലുകളാണ് നഗരസഭപൊളിച്ചു നീക്കിയത്. മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത ഷെഡുകള്‍ പൊളിച്ചു നീക്കാന്‍ രണ്ടായിരത്തി പതിനാറിലും, പതിനേഴിലും നഗരസഭ സ്ഥലഉടമകള്ക്കു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മഴക്കാലം ആരംഭിക്കുന്നതിനു മുമ്പായി അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്ന ഉറപ്പിന്മേല് സ്ഥല ഉടമകള്‍ സബ്കളക്ടറില്‍ നിന്നും സാവകാശം നേടിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നായിരുന്നു നഗരസഭയുടെ നടപടി.
കുടിലുകളില്‍ താമസിക്കുന്ന നൂറുകണക്കിനു തൊഴിലാളികളുടെ പ്രാഥമിക കാര്യങ്ങള്‍ക്കു ആശ്രയിക്കുന്നത് ഭാരതപുഴ തീരത്താണ്. ഇവിടെ നിന്നും ഒരു മാസം ശരാശരി രണ്ട് ടണ്ണോളം മനുഷ്യ മാലിന്യം ഭാരതപുഴയില്‍ എത്തിചേരുന്നുവെന്നാണ് നഗരസഭ ആരോഗ്യവകുപ്പ് പറയുന്നത്. ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി എന്നീ പ്രദേശങ്ങളില്‍ കൂടി കടന്നുപോകുന്ന ഭാരതപുഴയിലെ വെള്ളത്തില്‍ കോളി ഫാം ബാക്ടീരിയകള്‍ വളരെ കൂടുതല്‍ വര്‍ദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നു പറയുന്നു. അതിനു കാരണം ഇത്തരം മാലിന്യങ്ങള്‍ നിറയുന്നതു കൊണ്ടാണ്. ഭാരതപുഴയെ ആശ്രയിച്ച് നിരവധി കുടിവെള്ളപദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മത്സ്യമാംസ മാലിന്യങ്ങളുള്‍പ്പെടെയുള്ളവ പുഴയില്‍ നിറയുന്നതോടെ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകളും മലിനപ്പെടുകയാണ്.
നഗരസഭയും ആരോഗ്യ വകുപ്പും ചേര്‍ന്നു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ഡെങ്കിപനി, എച്ച്ഐവി പ്ലസ് തുടങ്ങിയ മാരക രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഒമ്പതോളം പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണു വര്‍ഷങ്ങളായി ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടില്‍ കെട്ടി താമസിക്കുന്നത്. ഇത്തരം കുടിലൂകളില് താമസിക്കുന്ന തൊഴിലാളികള്‍ക്കു യാതൊരു വിധ പരിരക്ഷയോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തത് പല മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുവാനും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നു.
എന്നാല്‍ കുടിലുകളില്‍ നിന്നും ഒഴിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പുരധിവസിപ്പിക്കാന്‍ അനുയോജ്യമായ നടപടി ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: