കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴും പമ്പാനദിയിലെ മണല്‍പ്പുറ്റ് നീക്കുന്ന പണി ആരംഭിച്ചിട്ടില്ല.
ഒരാഴ്ച മുമ്പ് മണ്ണ് നീക്കുന്നതിനുള്ള യന്ത്രവും അനുബന്ധ സാമഗ്രികളും ആറന്മുള സത്രക്കടവില്‍ പമ്പാതീരത്ത് എത്തിച്ചിട്ടുണ്ടെങ്കിലും പണികളാരംഭിച്ചില്ല. നദിയില്‍ വെള്ളം ഉയരുന്നതിനുമുമ്പ് നടത്തേണ്ടിയിരുന്ന മണ്‍പുറ്റ് നീക്കുന്ന ജോലി മഴക്കാലം തുടങ്ങിയ ശേഷമാണ് പണികള്‍ ആരംഭിക്കാന്‍ പോകുന്നത്.
രണ്ട് മാസം നീണ്ടുനില്‍ക്കുന്ന വഴിപാട് വള്ളസദ്യ ജൂലൈ 15 നാണ് ആരംഭിക്കുന്നത്. ദിവസവും പത്തിലധികം പള്ളിയോടങ്ങളാണ് വഴിപാട് വള്ളസദ്യയ്ക്കായി വിവിധ കരകളില്‍ നിന്നും ക്ഷേത്രക്കടവിലെത്തുന്നത്. പള്ളിയോടങ്ങള്‍ക്ക് യഥേഷ്ടം ക്ഷേത്ര കടവിലെത്തുന്നതിനും കടവില്‍ അടുക്കുന്നതിനും മണ്‍പുറ്റുകള്‍ ഇപ്പോഴും തടസ്സമായി നില്‍ക്കുകയാണ്.
ജലനിരപ്പ് താഴുന്ന അവസ്ഥയും അനുകൂലകാലാവസ്ഥയും ഉണ്ടായിരുന്നിട്ടും അന്നൊന്നും മണല്‍പുറ്റ് നീക്കുന്ന ജോലി നടത്തിയില്ല. ജലവിഭവ വകുപ്പാണ് ഈ ജോലി നടത്തേണ്ടത്. മണ്‍പുറ്റ് നീക്കാത്തതില്‍ യഥേഷ്ടം പള്ളിയോടങ്ങള്‍ക്ക് തുഴഞ്ഞെത്താന്‍ കഴിയാത്ത അവസ്ഥ നിലനില്ക്കുന്നു.
ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധത്തിലാണ്. വള്ളസദ്യ വഴിപാടുകള്‍ക്ക് തൊട്ടുമുമ്പും മണ്പുറ്റുനീക്കുന്ന ജോലികൊണ്ട് ശാശ്വത പരിഹാരം ഉണ്ടാകില്ലായെന്നത് വ്യാപകമായ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: