ചിങ്ങം പിറന്നാല്‍ പിന്നെ കല്യാണക്കാലമാണ്. കല്യാണത്തിന്റെ അന്ന് ഏവരുടേയും ശ്രദ്ധകേന്ദ്രം വധുവായിരിക്കും. ജീവിതത്തിലെ ആ ശുഭദിനത്തില്‍ സുന്ദരിയാവാന്‍ മോഹിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല. അന്നേ ദിവസം താന്‍ എങ്ങനെ തിളങ്ങണമെന്ന കണക്കുകൂട്ടല്‍ ഇന്നത്തെ തലമുറയ്ക്കുണ്ട്. വിവാദ വേളയില്‍ സുന്ദരിയായിരിക്കണമെങ്കില്‍ തയ്യാറെടുപ്പ് ദിവസങ്ങള്‍ക്ക് മുന്നേ തുടങ്ങിയിരിക്കണം.
വധുവിന്റെ നിറം, ആകൃതി, ശരീരഘടന ഇതെല്ലാം മനസ്സിലാക്കി വേണം മേക്കപ്പും വസ്ത്രങ്ങളും തിരഞ്ഞെടുക്കാന്‍. മുഖത്തെ കുറവുകള്‍ പരിഹരിക്കുന്ന കറക്ടീവ് മേക്കപ്പാണ് വേണ്ടത്.
കല്യാണത്തിന്റെ അന്ന് തനിയെ അണിഞ്ഞൊരുങ്ങാന്‍ ആരും നില്‍ക്കില്ല. മേക് അപ്പിന് മുമ്പ് ചര്‍മ്മത്തിന്റെ സ്വഭാവവും നിര്‍ണയിക്കണം.
എണ്ണമയമുള്ള ചര്‍മ്മക്കാരും വരണ്ട ചര്മ്മമുള്ളവരുമുണ്ട്. അതേപോലെതന്നെ സെന്‍സിറ്റീവ് ചര്‍മ്മക്കാരും സാധാരണ ചര്മ്മമുള്ളവരുമുണ്ട്. ഈ പ്രത്യേകത മനസ്സിലാക്കണം. ഇതനുസരിച്ച് ആവണം ഫൗണ്ടേഷന് തിരഞ്ഞെടുക്കാന്‍.
എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ഓയില്‍ കണ്ട്രോള് ജെല്‍ ഉപയോഗിച്ച ശേഷം മാത്രമേ മേക് അപ് തുടങ്ങാവൂ. ദീര്‍ഘനേരം നിലനില്‍ക്കുന്ന മേക്കപ്പ് ഉപയോഗിക്കാനും ശ്രദ്ധിക്കണം. സെന്‍സിറ്റീവ് ചര്‍മ്മക്കാരും അവര്‍ക്ക് അനുയോജ്യമായ മേക്കപ്പ് തിരഞ്ഞെടുക്കണം.
മുഖക്കുരുവും പാടുകളുമുള്ള ചര്‍മ്മമാണെങ്കില്‍ പിംപിള്‍ ട്രീറ്റ്മെന്റ് ദിവസങ്ങള്‍ക്ക് മുന്നേ തുടങ്ങണം. കേവലം മുഖത്തിന്റെ സൗന്ദര്യം മാത്രം ശ്രദ്ധിച്ചാല്‍ പോര. കൈകാലുകള്‍ക്കും പരിചരണം ആവശ്യമാണ്. വാക്സിംഗ്, ക്രീം മസാജ്, പെഡിക്യൂര്‍, മാനിക്യൂര്‍ ഒക്കെ കൈകാലുകള്‍ മനോഹരമാക്കും.
മുഖം കൂടുതല്‍ സുന്ദരമാക്കാന്‍ ഫേഷ്യല്‍ അത്യന്താപേക്ഷിതമാണ്. മൂന്നോ നാലോ ദിവസം മുന്നേ ഫേഷ്യല്‍ ചെയ്തെങ്കിലേ കൂടുതല്‍ പ്രയോജനം കിട്ടൂ. ഗോള്‍ഡന്‍ ഫേഷ്യല്‍, ഡയമണ്ട് ഫേഷ്യല്‍, വൈറ്റനിങ് ഫേഷ്യല്‍, പേള്‍ ഗോള്‍ഡ് ഗ്ലോ ഫേഷ്യല്‍ എന്നിവയില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
വിവാഹത്തിന് മുന്നേ ശരിയായ ഭക്ഷണ ക്രമം സ്വീകരിക്കണം. ധാരാളം വെള്ളം കുടിക്കണം. ധാരാളം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
വിവാഹ വസ്ത്രം ശരീര ഘടനയ്ക്കും നിറത്തിനും അനുയോജ്യമാകുന്നതാവണം. മുഖത്തിന് യോജിക്കുന്ന കേശാലങ്കാരം വേണം തിരഞ്ഞെടുക്കാന്‍. വധുവിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുവാന്‍ ബ്രൈഡല്‍ ഹെയര്‍ സ്റ്റൈലിങിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: