അങ്ങാടിപ്പുറം: ദൂരെ സ്ഥലങ്ങളില്‍ നിന്ന് അങ്ങാടിപ്പുറം പോളിടെകിനിക്കിലെത്തി പഠിക്കുന്നവര്‍ കുറഞ്ഞ ചിലവില്‍ താമസത്തിന് ആശ്രയിച്ചിരുന്ന ഹോസ്റ്റലിന് പൂട്ടുവീണു. കെട്ടിടത്തിന് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് ഹോസ്റ്റല്‍ പൂട്ടാനുള്ള കാരണം. നേരത്തെ ഇതേ കാരണത്തിന്റെ പേരില്‍ വനിതാ ഹോസ്റ്റലും പൂട്ടിയിരുന്നു.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പ്രിന്‍സിപ്പാളിനെ അടക്കം അറിയിച്ചിരുന്നതായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറയുന്നു. കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണി നടത്താനോ വേണ്ട രീതിയില്‍ സംരക്ഷിക്കാനോ അധികൃതര്‍ തയ്യാറായില്ല.
ദൂരദേശത്ത് നിന്നുള്ളവര്‍ ഇപ്പോള്‍ അന്തിയുറങ്ങുന്നത് പൂട്ടിയ ഹോസ്റ്റലിന്റെ വരാന്തയിലാണ്. കുറച്ച് കുട്ടികള്‍ വീടുകള്‍ വാടകക്കെടുത്ത് താമസം മാറി. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് ഹോസ്റ്റല്‍ വരാന്തയില്‍ കിടക്കുന്നത്.
വനിതാ ഹോസ്റ്റല്‍ തുറക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി സംഘടനകള്‍ നിരന്തര സമരം നടത്തിയിരുന്നു. ഈ അദ്ധ്യായന വര്‍ഷം ഹോസ്റ്റല്‍ തുറക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. അതിനിടെയാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലിനും പൂട്ടുവീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: