അടൂര്‍: ഏനാത്ത് ബെയ്ലി പാലത്തിന്റെ സുരക്ഷ പരിശോധിക്കാന്‍ ഹൈദ്രാബാദില്‍ നിന്നും സൈനികരെത്തി. ഒരാഴ്ച മുന്‍പ് കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ പാലത്തിന്റെ അടിവശത്ത് തട്ടിയാണ് വെള്ളം ഒഴുകിയത്. ഈ സാഹചര്യത്തിലാണ് ബെയ്ലി പാലം നിര്‍മിച്ച ഹൈദരാബാദ് എഞ്ചിനീയറിംഗ് റെജിമെന്റില്‍ നിന്നും ലഫ്റ്റണല്‍ കേണല്‍ വി.കെ.രാജുവിന്റെ നേതൃത്വത്തില്‍ ജി.വി. എന്‍.റെഡ്ഡി, കൃഷ്ണകുമാര്‍, ഷാനു സുന്ദര്‍, വൈ.അരുള്‍, കെ.മണികണ്ഠന് എന്നിവരടങ്ങിയ സംഘം പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ 11.30ന് ഏനാത്ത് എത്തിയ സംഘം ഇറിഗേഷന്‍ വകുപ്പ് കെഎസ്റ്റിപി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പരിശോധന നടത്തി. സേനാംഗങ്ങള്‍ തിരുവനന്തപുരത്തെത്തി ഇന്ന് മരാമത്ത് വകുപ്പ് സെക്രട്ടറി, കെഎസ്ടിപി ചീഫ് എഞ്ചിനിയര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ശക്തമായ വെള്ളമൊഴുക്കിനെ തുടര്‍ന്ന് പാലത്തിന്റെ ഇരുഭാഗത്തെയും അബട്ട്മെന്റിന് ചുറ്റും സ്ഥാപിച്ചിരുന്ന പാറയും മണ്ണും ഇളകിപ്പോയിരുന്നു. ഇതിനെ തുടര്‍ന്ന് അബട്ട്മെന്റിന് ചുറ്റും കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തി. വെള്ളം ഉയരുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളാണ് സേന ഇന്നലെ പരിശോധിച്ചത്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യതയും പരിശോധിക്കും.
ഇതിന്റെ ഭാഗമായി വരുന്ന 15 ദിവസത്തെ മഴയുടെ സാധ്യതയും മഴയുടെ അളവും ലഭ്യമാക്കാന്‍ കെഎസ്റ്റിപി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് കത്ത് നല്കി. കെഎസ്റ്റിപി ചീഫ് എഞ്ചിനീയര്‍ ഡാര്‍ളിന്‍ സി.ഡിക്രൂസ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദീപു, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.എസ്.ഗീത, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റോഷ് മോന്, ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടെറന്‍സ് ആന്റണി, കെഐപി ഇഇ സജു എന്നിവരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: