തിരുവല്ല: പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച വകയില്‍ സപൈ്ളക്കോ പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് ഇനി നല്‍കാനുളളത് 13 കോടി രൂപ. വില ലഭിക്കുന്നത് നീണ്ടുപോകുന്നതിനാല്‍ കര്‍ഷകര്‍ കടക്കെണിയിലായി. കാലവര്‍ഷം കനത്തോടെ രണ്ടാംകൃഷിയും പ്രതിസന്ധിയിലാണ്.
നെല്ല് സംഭരിച്ച തുക പത്ത് ദിവസത്തിനുള്ളില്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പണം ലഭിക്കാതായതോടെ സാമ്പത്തിക ബുദ്ധിമുട്ടില്‍ വലയുകയാണ് കര്‍ഷകര്‍. ജില്ലയില്‍ 2362 കര്‍ഷകരാണ് സ്വന്തം അധ്വാനത്തിന്റെ പ്രതിഫലത്തിനായി സര്‍ക്കാരിന്റെ കനിവ് കാത്തു കഴിയുന്നത്. ജില്ലയില്‍ തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ കുടിശികയുള്ളത്.
ഇവിടെ 11.11 കോടി രൂപ വിതരണം ചെയ്യാനുണ്ട്. അടൂരാണ് തൊട്ടുപിന്നില്‍. ഇവിടെ 1.36 കോടി രൂപയാണ് നല്‍കാനുള്ളത്. മല്ലപ്പള്ളിയില്‍ 23.41 ലക്ഷവും കോഴഞ്ചേരിയില്‍ 20.07 ലക്ഷവും കൊടുത്ത് തീര്‍ക്കാനുണ്ട്.അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ പുഞ്ചക്കൃഷിയാണ് പ്രധാനപ്പെട്ടത്.
ഇതിനായി വായ്പയെടുത്തും സ്വര്‍ണം പണയും വച്ചുമൊക്കെയാണ് കര്‍ഷകര്‍ പണം കണ്ടെത്തിയിരുന്നത്. ഇത്തവണ കാലവര്‍ഷക്കെടുതികള്‍ക്കൊപ്പം ഉപ്പുവെള്ളവും മുഞ്ഞരോഗവും പട്ടാളപ്പുഴുവിന്റെ ആക്രമണവുമെല്ലാം കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. പല പാടശേഖരങ്ങളിലും പകുതിയിലേറെ കൃഷി നശിച്ചു. കൊയ്ത്ത് കഴിഞ്ഞ് നെല്ല് സംഭരണം തുടങ്ങിയതോടെ മില്ലുടമകളുടെ നിസഹകരണമുണ്ടായെങ്കിലും അതും മറികടന്നാണ് നെല്ല് പൂര്‍ണമായും വിറ്റത്. മാര്‍ച്ച് ആദ്യമാണ് നെല്ല് സംഭരണം ആരംഭിച്ചത്. തുടക്കത്തില്‍ സംഭരിച്ച നെല്ലിന്റെ തുക കര്‍ഷകര്‍ക്ക് ലഭിച്ചെങ്കിലും പിന്നീട് കര്‍ഷകര്‍ ഓഫീസുകള്‍ തോറും കയറിയിറങ്ങേണ്ടിവന്നു.
ഏപ്രില്‍ പകുതിയോടെ വരെയേ സംഭരണ തുക നല്കിയിട്ടുള്ളു. പിന്നീട് നിലച്ചു. കടക്കെണിയിലായ കര്‍ഷകര്‍ പ്രതിഫലത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും നിരാശയാണ് ഫലം. പുഞ്ചക്കൃഷിക്ക് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ രണ്ടാംകൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ പോലും ലഭിച്ചതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: