ഇനിയും സിനിമാതാരങ്ങള്‍ പൊങ്ങച്ചത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ആകാശത്തു തന്നെയോണ്. പലരും ഞെട്ടറ്റു താഴേക്കു പതിച്ചുകൊണ്ടിരിക്കുന്നു. ചിലരാകട്ടെ അതിനു കാത്തിരിക്കുന്നു. പണ്ടേതന്നെ പ്രേക്ഷകരില്‍നിന്നും പലരും വെളിച്ചം കെട്ടവരായിത്തീര്ന്നിട്ടുമുണ്ട്.
ക്യൂവില്‍നിന്നു ടിക്കറ്റെടുത്തു സിനിമകണ്ട് വിജയിപ്പിച്ച് ആളും താരവും ആക്കി ആരാധിച്ചപ്പോള്‍ അഹങ്കാരംകൊണ്ടു മത്തുപിടിച്ചവര്‍ എല്ലാമറന്നു കാട്ടിക്കൂട്ടുന്നത് തെരുവു മനുഷ്യര്‍പോലും കാണിക്കാത്ത തെമ്മാടിത്തം. സിനിമയുടെ ഗ്ലാമറില്‍ എന്തുമാകാം ചോദിക്കാന്‍ ആരുമില്ലെന്ന് ഹുങ്കാണ് ഇത്തരക്കാരെ ഇവിടംവരെ എത്തിച്ചത്. ചിലര്‍ക്ക് അധികാരവും ആക്രാന്തവും കാട്ടാന്‍ അമ്മയെന്നും കൊടച്ചക്രമെന്നും പേരിട്ടും നടത്തിക്കൊണ്ടിരുന്നത് ഒരുതരം മാടമ്പിത്തമാണെന്ന് എല്ലാവര്ക്കും ബോധ്യമായി. എന്തായാലും അവഹേളനം ചുമന്നു മതിയായ സിനിമാക്കാര്‍തന്നെ അമ്മയെ പൊളിച്ചടുക്കുന്നതുകാണാന് രസമുണ്ട്.
സീരിയലും സിനിമയും മാറ്റിവെച്ച് അതിനെക്കാള്‍ എരിവുള്ള സിനിമാ ചതിയുടേയും ഗൂഢരഹസ്യങ്ങളുടേയും ചുരുളഴിക്കല്‍ കാത്തിരിക്കുകയാണ് ജനം. തങ്ങളുടെ ഇഷ്ട-ജനപ്രിയ താരവും മറ്റും എന്നാണ് ജയിലില്‍ പോകുന്നതെന്നറിയാനുള്ള ആകാംക്ഷയിലേക്കു മാറിക്കഴിഞ്ഞു പ്രേക്ഷകന്. തങ്ങള്‍ അഭിനയിച്ച ഏതു സിനിമയെക്കാളും വെല്ലുന്നതാണ് തങ്ങള്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ജീവിതമെന്നോര്ത്ത് നാളെ ജയിലില്‍ നിന്നുമിറങ്ങുമ്പോള്‍ ഓര്മ്മക്കഥ എഴുതാം.
സിനിമയില്‍ നാലാംതരം ഹാസ്യം അവതരിപ്പിക്കുകയും അതുതന്നെ ജീവിതമാക്കുകയും ചെയ്തവര്‍ രാഷ്ട്രീയ അധികാരത്തിലുംകൂടി വന്നപ്പോള്‍ മുതലാണ് അമ്മ പെറ്റമ്മയോ പോറ്റമ്മയോ ആകാതെ വെറും വാടക അമ്മയായി തരംതാണത്. നിഷ്ക്കളങ്കനെന്നു പേരിനര്‍ഥമുള്ള ഇയാള്‍ പറഞ്ഞുകൂട്ടുന്ന വങ്കത്തരങ്ങള്‍ വലിയ പ്രമാണമാക്കികൊണ്ടുനടന്ന് ഒടുക്കം എംപിയാക്കിയതിന്റെ ഗുണം പാര്‍ട്ടി തന്നെ അനുഭവിക്കുന്നുണ്ട്. സിനിമയില്‍ തമാശ പറഞ്ഞാല്‍ ജനപ്രതിനിധിയാകാന്‍ യോഗമുണ്ടെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ അവിവേകം കൊണ്ടുതന്നെ എംഎല്‍എയായ മറ്റൊരു നടന് ശീലിച്ച ചീഞ്ഞ വാചകമടികള്‍കൊണ്ട് വെട്ടിലായിരിക്കുന്നത് പാര്‍ട്ടിതന്നെയാണ്. ഇപ്പോള്‍ വന്ഹിറ്റായിക്കൊണ്ടിരിക്കുന്നത് സിനിമയല്ല, സിനിമാക്കാരുടെ ചെയ്തികളാണ്. ജനം അതും കാണട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: