മലപ്പുറം: ഫോണില്‍ വിളിച്ചു കൊറിയര്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തിരക്കേറിയ കച്ചവട സ്ഥാപനങ്ങളില്‍ വിളിച്ചു പരിചയം നടിച്ച് കൊറിയര്‍ വാങ്ങി പണം കൊടുക്കണമെന്നും അല്പസമയത്തിനകം താന്‍ വന്നു വാങ്ങിക്കുമെന്നും പറഞ്ഞു തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ചാണ് ചങ്ങരംകുളം പോലീസില്‍ പരാതി ലഭിച്ചത്.
അന്വേഷണത്തില്‍ എടപ്പാള്‍ നടുവട്ടത്തും മലപ്പുറത്തും സമാനമായ പരാതികളിള്‍ ലഭിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ആറിനു ചങ്ങരംകുളത്തെ തിരക്കേറിയ പലചരക്കുകടയില്‍ സ്ഥിരം കസ്റ്റമര്‍ മൂക്കുതലയിലെ മൂസഹാജിയാണെന്നും ഒരാള്‍ അത്യാവശ്യമുള്ള ഒരു കൊറിയറുമായി ഷോപ്പില്‍ വന്നിട്ടുണ്ടെന്നും 3700 രൂപ കൊടുത്തു അതൊന്നു വാങ്ങിക്കണമെന്നും അല്പസമയത്തിനകം താനതു വാങ്ങിക്കാമെന്നും പറഞ്ഞു ഫോണ്‍ വിളിക്കുകയാണ് രീതി. ഇതനുസരിച്ച് പരിചയമില്ലാത്ത ഒരാള്‍ ഷോപ്പില്‍ വിലപിടിപ്പുള്ളതെന്നു തോന്നിക്കുന്ന കൊറിയര്‍ പാക്കറ്റ് കൊടുത്ത് കടയില്‍ നിന്നു പണം വാങ്ങിച്ച് മുങ്ങുകയുമായിരുന്നു.
ഇതിനിടെ പറഞ്ഞ സമയം കഴിഞ്ഞിട്ടും ആളെ കാണാതായതോടെ വ്യാപാരി ആളെ വിളിച്ചു ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം വ്യാപാരി അറിയുന്നത്.
തുടര്‍ന്ന് ചങ്ങരംകുളം പോലീസിനു എറവക്കാട് സ്വദേശിയായ വ്യാപാരി പരാതി നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് സ്പെഷല്‍ ബ്രാഞ്ച് ഓഫീസര്‍കൂടിയായ ആല്‍ബര്‍ട്ട് ചങ്ങരംകുളം പോലീസിലെ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷത്തില്‍ സംഘത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചത്.
സംഘം സമാനമായ രീതിയില്‍ നടുവട്ടത്തും മലപ്പുറത്തും തട്ടിപ്പ് നടത്തിയതായും അന്വേഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. മൂന്നു പരാതികളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. സമാനമായ നിരവധി തട്ടിപ്പുകള്‍ സംഘം നടത്തിയതായും പോലീസിനു സംശയമുണ്ട്. രണ്ടു പേരടങ്ങുന്ന സംഘം തട്ടിപ്പിനു ഉപയോഗിച്ച സിം കണക്ഷന് വ്യാജ രേഖകള്‍ ചമച്ച് സംഘടിപ്പിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്.
നടുവട്ടത്തെ പികെ സ്റ്റോഴ്സിലും മലപ്പുറത്തെ ഒരു പ്രമുഖ ജ്വല്ലറിയിലുമാണ് സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള രണ്ടു പേരാണ് തട്ടിപ്പിനു പിന്നിലെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും സമാനമായ മറ്റു തട്ടിപ്പുകളെ കുറിച്ചുള്ള പരാതികളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നും അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: