ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി ഉള്‍പ്പെട്ട ആയുഷ് എംഡി/എംഎസ് കോഴ്സുകളിലേക്കുള്ള ഇക്കൊല്ലത്തെ ഓള് ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാഡുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (എഐഎപിജിഇടി 2017) ഓഗസ്റ്റ് 6 ഞായറാഴ്ച നടക്കും. ന്യൂദല്‍ഹിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും അപേക്ഷാ സമര്‍പ്പണത്തിനും www.aiapget.com, www.aiia.co.in, www.ayush.gov.in- എന്നീ വെബ്സൈറ്റുകളില്‍ ജൂലൈ 15 വൈകിട്ട് നാലു മണിവരെ അവസരം ലഭിക്കും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
അപേക്ഷാഫീസ് ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 1750 രൂപയും പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് 1250 രൂപയുമാണ്. ഇന്റര്‍നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴി ഫീസ് അടയ്ക്കാം.
ആയുഷ് പിജി കോഴ്സുകള്‍ക്ക് ഇക്കൊല്ലം മുതല്‍ രാജ്യത്തൊട്ടാകെ നടത്തുന്ന ഏകീകൃത എന്‍ട്രന്‍സ് പരീക്ഷയാണിത്. സംസ്ഥാനതലത്തിലോ സ്ഥാപനാടിസ്ഥാനത്തിലോ ഉള്ള പ്രവേശനപരീക്ഷക്ക് പ്രാബല്യമുണ്ടാവില്ല. ഓള് ഇന്ത്യ (ഓപ്പണ്‍/അദര്‍ സ്റ്റേറ്റ്സ്), സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലേക്കുള്ള പ്രവേശനം എഐഎപിജിഇടി-2017 റാങ്ക് പരിഗണിച്ചായിരിക്കും. രാജ്യത്തെ ആയുഷ് കോളേജുകള്‍/ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, വാഴ്സിറ്റികള്‍, കല്പിത സര്‍വ്വകലാശാലകള്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. വിദ്യാര്‍ത്ഥികളുടെ ചോയിസ്, യോഗ്യതാ മാനദണ്ഡങ്ങള്‍, നേറ്റിവിറ്റി, സംവരണ ചട്ടങ്ങള്‍ എന്നിവ പരിഗണിച്ച് കൗണ്‍സലിങ് നടത്തി അഡ്മിഷന് നല്‍കാനുള്ള ചുമതല അതത് സംസ്ഥാന ആയുഷ് കൗണ്‍സലിംഗ് അധികാരികള്‍/വാഴ്സിറ്റികള്‍/കല്പിത സര്‍വ്വകലാശാലകള്‍ക്ക് നല്‍കിയിട്ടുണ്ട്.
യോഗ്യത: അംഗീകൃത ബിഎഎംഎസ്/ബിയുഎംഎസ്/ബിഎസ്എംഎസ്/ബിഎച്ച്എംഎസ് ബിരുദം നേടി ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. കൗണ്‍സില്‍ രജിസ്ട്രേഷനുണ്ടായിരിക്കണം. അഡ്മിഷന് കൗണ്‍സിലിങ്ങിന് മുമ്പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
കമ്പ്യൂട്ടര്‍ അധിഷ്ഠിത എന്‍ട്രന്‍സ് ടെസ്റ്റില്‍ ഒബ്ജറ്റീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള 100 ചോദ്യങ്ങളുണ്ടാവും. 90 മിനിറ്റ് സമയം അനുവദിക്കും. ഓരോ ശരി ഉത്തരത്തിനും ഓരോ മാര്‍ക്ക് വീതം. ഉത്തരം തെറ്റിയാല്‍ സ്കോര്‍ ചെയ്തതില്‍നിന്നും (0.25) കാല്മാര്ക്ക് വീതം കുറയ്ക്കും. അഡ്മിറ്റ് കാര്‍ഡ് ജൂലൈ 24 മുതല്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ദല്‍ഹി, ഭോപ്പാല്‍, ലക്നൗ, നാഗ്പൂര്‍, പാറ്റ്ന, റാഞ്ചി, ഗുവഹാട്ടി, അഹമ്മദാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, ചണ്ഡിഗഢ്, ഭുവനേശ്വര്‍, ഹൂബ്ലി, ഡെറാഡൂണ്‍, റായ്പൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് എന്‍ട്രന്‍സ് പരീക്ഷ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ www.aiapget.com എന്ന വെബ്സൈറ്റിലുണ്ട്.
ശ്രദ്ധിക്കാന്‍
. സംസ്ഥാനത്തെ 15 സര്‍ക്കാര്‍ നഴ്സിങ് സ്കൂളുകളില്‍ ഇക്കൊല്ലം ഒക്ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ജൂലൈ 20 വരെ. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.dhskerala. gov.in എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 250 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 75 രൂപ മതി. പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലയിലുള്ള ഗവണ്മെന്റ് നഴ്സിങ് സ്കൂളുകളില്‍ ലഭിക്കണം. ആകെ ലഭ്യമായ 365 സീറ്റുകളെ 14 റവന്യൂ ജില്ലകളിലെ സര്‍ക്കാര്‍ നഴ്സിംഗ് സ്കൂളുകള്‍ക്കായി വിഭജിച്ചു നല്‍കിയിട്ടുണ്ട്. സ്കൂള്‍ സ്ഥിതിചെയ്യുന്ന ജില്ലയും സീറ്റുകളും- തിരുവനന്തപുരം-28, കൊല്ലം-25, പത്തനംതിട്ട-20, ആലപ്പുഴ-23, ഇടുക്കി-20, കോട്ടയം-20, എറണാകുളം-30, തൃശൂര്‍-28, പാലക്കാട്-25, മലപ്പുറം-26, കോഴിക്കോട്-50, വയനാട്-20, കണ്ണൂര്‍-30, കാസര്‍കോഡ്-20. ഇതിനുപുറമെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കായി കൊല്ലം ആശ്രാമത്തും സര്‍ക്കാര്‍ നഴ്സിങ് സ്കൂള്‍ പ്രത്യേകമുണ്ട്. ഇവിടെ 20 സീറ്റുകള്‍. പെണ്‍കുട്ടികള്‍ക്കാണ് ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം. ആണ്‍കുട്ടികള്‍ക്ക് 20 % സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷകര്‍ക്ക് 2017 ഡിസംബര്‍ 31ന് 17 വയസ്സ് തികയണം. 27 വയസ് കവിയരുത്. പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്നു വര്‍ഷവും എസ്സി/എസ്ടിക്കാര്‍ക്ക് അഞ്ച് വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ 40 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതി. അംഗവൈകല്യമുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. യോഗ്യതാപരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്റെ മെരിറ്റ് പരിഗണിച്ചാണ് സെലക്ഷന്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 700 രൂപ വീതം സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകര്‍ ഇന്ത്യന്‍ പ്രതിരോധസേനയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dhskerala. gov.in- ല്‍ ബന്ധപ്പെടാം.
. സംസ്ഥാനത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിങ് സ്കൂളുകളില്‍ ഓഗസ്റ്റിലാരംഭിക്കുന്ന ഓക്സിലിയറി നഴ്സിങ് ആന്റ് മിഡ്വൈഫ്സ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ജൂലൈ 15 വരെ. ആകെ 130 സീറ്റുകള്‍. പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് 200 രൂപ. എസ്സി/എസ്ടിക്കാര്‍ക്ക് 75 രൂപ. അപേക്ഷാഫോറവും പ്രോസ്പെക്ടസും ഡൗണ്‍ലോഡ് ചെയ്യാം www.dhs.kerala.gov.in.. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിങ് സ്കൂളുകള്‍ തിരുവനന്തപുരം (തൈക്കാട്), കോട്ടയം (തലയോലപ്പറമ്പ്), പാലക്കാട് (പെരിങ്ങോട്ടുകുറിശ്ശി) എന്നിവിടങ്ങളിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: