കുറെ നാളായി പരണത്തു പലരും പലതായി കാത്തുവെച്ചതാണ് സിനിമാനടനും എംഎല്‍എയുമായ മുകേഷിനു കിട്ടിയത്.അത് മുകേഷിനെ ജയിപ്പിച്ച പാര്‍ട്ടി സിപിഎമ്മില്‍ നിന്നുതന്നെയായതിനാല്‍ കെങ്കേമമായി.താന്‍ ആകാശത്തു കഴിയുന്ന നക്ഷത്രമാണെന്നു വിചാരിച്ചുംഅതുകൊണ്ടു തന്നെ ആരോടും എന്തും എങ്ങനേയും സംസാരിക്കാമെന്ന് അല്പ്പത്തംകൊണ്ടു സ്വയം മറന്നതാണ് മുകേഷിനു വിനയായത്.
അല്ലെങ്കിലം സിനിമാക്കാര് വലിയ അല്പ്പന്മാരാണെന്നു വെറുതെയെങ്കിലും വിചാരിച്ചു പോകുന്നവരാണ് പൊതുജനം.വെറുതെയല്ല,നൂറുശതമാനവും അതുനേരാണെന്നു തന്നിലൂടെ കാട്ടിക്കൊടുക്കുകയായിരുന്നു മുകേഷ്.അഭിനേതാക്കള്‍ ജീവിതത്തിലും അഭിനയിക്കുന്നതാണ് കഷ്ടം!
നടിയെ ആക്രമിച്ച കേസില്‍ അവരെ സംരക്ഷിക്കാതെ പ്രതിയെന്നാരോപണമുള്ള വ്യക്തിക്കൊപ്പം നിന്നുകൊണ്ട് താര സംഘടനയായ അമ്മ പക്ഷാഭേദം കാട്ടിയെന്ന വന്‍ ആരോപണം നിലനില്‍ക്കെയാണ് അതുമായി ബന്ധപ്പെട്ട്് പത്രക്കാരുടെ ചോദ്യത്തിനു അവഹേളിക്കുന്ന തരത്തില്‍ എംഎല്‍എമാരും നടന്മാരുമായ മുകേഷും ഗണേഷ്കുമാറും മറുപടി പറഞ്ഞത്.
പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവദിച്ച പാര്‍ട്ടിയേയും വോട്ടുചെയ്തു വിജയിപ്പിച്ച ജനങ്ങളേയും അക്ഷരാര്‍ഥത്തില്‍ അപമാനിക്കുംപോലുള്ള അല്‍പ്പത്തമാണ് മുകേഷിന്റെ പ്രതികരണം. ഗണേഷ് കുമാറും സമൂഹത്തോടു പ്രതിബദ്ധതയില്ലാത്തവിധമാണ് നടിയെ ആക്രമിച്ച വിഷയത്തില്‍ പത്രക്കാരുടെ ചോദ്യത്തിനു പ്രതികരിച്ചത്.
തങ്ങള്‍ ജനപ്രതിനിധികളാണെന്ന് താരങ്ങളെന്ന അഹങ്കാരത്തിമിര്‍പ്പില്‍ ഈ നടന്മാര് മറന്നുപോയിരിക്കാം.വളിച്ചകോമഡിയും തരികിട കഥാപാത്രങ്ങളെ മാത്രംഅവതരിപ്പിച്ചു പരിചയിച്ചതും കൊണ്ടാവാം മുകേഷിന്റെ പ്രതികരണം അങ്ങനെയായത്. ഈ രണ്ടുപേരേയും രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യമാധ്യമങ്ങളും കൂടി വറുത്തുപൊരിക്കുകയാണിപ്പോള്.
മുകേഷിനെതിരെ സിപിഎം പൊതുവേയും കൊല്ലം ജില്ലാ കമ്മിറ്റി പ്രത്യേകിച്ചും രൂക്ഷ വിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.മുകേഷ് രാജിവെക്കണമെന്നുവരെ പാര്ട്ടിക്കാര് പറഞ്ഞു കഴിഞ്ഞു.പാര്‍ട്ടിയിലെ സിനിമാനടനെപ്പോലെയാണ് മുകേഷിന്റെ പെരുമാറ്റമെന്നു പരിഹസിക്കുന്നവരും കുറവല്ല.സിനിമാക്കാരെ എംഎല്‍എയും എംപിയുമൊക്കയാക്കുന്ന സിപിഎമ്മിന് അത്തരക്കാരുടെ കോമാളിത്ത സ്വഭാവം ഇങ്ങനെയൊക്കെ മനസിലാക്കേണ്ടിവരുന്നതാണ് കഷ്ടം. എന്തു ചെയ്യാം കൊടുത്താല്‍ കൊല്ലത്തും കിട്ടുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: