വിഴിഞ്ഞം: ബിജെപിയുടെ കോവളം നിയോജകമണ്ഡലം ഓഫീസിന് നേരേ ആക്രമണം. ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകളും കൊടിയും പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ട്. വിവിധ സാമൂഹിക സാംസ്‌ക്കാരിക നായകന്‍മാരുടെ ചിത്രങ്ങളടക്കിയ ഫഌക്‌സുകളാണ് നശിപ്പിക്കപ്പെട്ടത്.വാളുപോലെയുളള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ഇവ നശിപ്പിച്ചത് എന്ന് പ്രഥമദൃഷ്ടിയില്‍ തന്നെ ബോധ്യമാണ്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജി.പി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പാര്‍ട്ടി ഓഫീസിന് നേരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ബാലരാമപുരത്ത് പ്രതിഷേധ പ്രകടനം നടന്നു. മേഖലാ ഉപാദ്ധ്യക്ഷന്‍ വെങ്ങാനൂര്‍ സതീഷ് ഉദ്ഘാടനം ചെയ്തു. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും അവര്‍ ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് കട്ടച്ചല്‍കുഴി ബി.രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പൂവാര്‍ വിഷ്ണു, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വെങ്ങാനൂര്‍ അഭിലാഷ്, നേതാക്കളായ ഷിബു, ശ്രീകണ്ഠന്‍, രാജേഷ്,വിനുകുമാര്‍, ഗോപകുമാര്‍,അവണാകുഴി സനല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















