ഡിട്രോയിറ്റ്: കേരളത്തിനു പുറത്തുനടക്കുന്ന ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്മയ്ക്ക് അമേരിക്ക സാക്ഷ്യം വഹിക്കുന്നു. അമേരിക്കയിലെ മലയാളി ഹിന്ദുസംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമത് കണ്വന്ഷന് ജൂലൈ ഒന്നുമുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 5000 ത്തോളം പ്രതിനിധികള്‍ എത്തും. സ്വാമി ചിദാനന്ദപുരി, സ്വാമി ബോധാനന്ദ, സുരേഷ് ഗോപി എംപി, ഡോ എന്‍ ഗോപാലകൃഷ്ണന്, സി രാധാകൃഷ്ണന്, പ്രൊ. വി മധുസൂദനന് നായര്‍, വിജയ് യേശുദാസ്, ബാലഭാസ്ക്കര്‍, പല്ലാവൂര്‍ ശ്രീധരമാരാര്‍, കോട്ടയ്ക്കല്‍ മധു തുടങ്ങി കേരളത്തില്‍നിന്നുള്ള ബഹുമുഖ പ്രതിഭകളും അമേരിക്കന്‍ കോണ്‍ഗ്രസിലേയും സെനറ്റിലേയും അംഗങ്ങളും അതിഥികളായെത്തും.
വൈദിക ദര്‍ശനത്തിന്റെ ബഹുസ്വരത സംബന്ധിച്ച് വിവിധ സെമിനാറുകളും കേരളത്തിന്റെ തനത് കലാപ്രകടനങ്ങളും നൃത്തനൃത്യങ്ങളും സംഗീത സദസ്സുകളും ഉണ്ടാകും. പാശ്ചാത്യ ലോകത്തെ പ്രമുഖ കലാകാരന്മാരെയെല്ലാം ഒരേ വേദിയില്‍ എത്തിക്കുന്ന ചതുര്‍യുഗങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന നൃത്തോത്സവം, യുവമോഹിനി സൗന്ദര്യമത്സരം, മാതൃകദമ്പതികളെ കണ്ടെത്താനുള്ള നളദമയന്തി മത്സരം എന്നിവ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കും.
വിവരസാങ്കേതികരംഗത്തും ആരോഗ്യമേഖലയിലും വിജയം കൈവരിച്ച പ്രമുഖ മലയാളി സംരംഭകരും ബിസിനസ്സ് ഗ്രൂപ്പുകളും പങ്കെടുക്കുന്ന പ്രൊഫഷണല്‍ സമ്മിറ്റ് പ്രത്യേകതയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: