പന്തളം: സമൂഹത്തില്‍ സംസ്ക്കാരവും പരിഷ്ക്കാരവും പരിപോഷിപ്പിക്കാനുള്ള മാര്‍ഗ്ഗം വിദ്യാഭ്യാസമാണെന്ന് ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍. പന്തളത്തു നടന്ന ജന്മഭൂമി പ്രതിഭാസംഗമത്തില്‍ അനുമോദന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ക്കാരവും പരിഷ്ക്കാരവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. സമൂഹത്തിന്റെ വളര്‍ച്ചക്ക് പരിഷ്ക്കാരം ആവശ്യമാണെങ്കിലും അത് സംസ്ക്കാരത്തില്‍ അധിഷ്ഠിതമായിരിക്കണം.
പരിഷ്കൃത സമൂഹത്തിന് സംസ്ക്കാരം നഷ്ടപ്പെട്ടാല്‍ അത് അപകടകരമായ അവസ്ഥയാകും. പരിഷ്കൃത സമൂഹത്തിലും സംസ്ക്കാരം താഴോട്ടു പോകുന്നതായിക്കാണാം. വിശാലമായ സാധ്യതകള്‍ ഉള്ള ലോകത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ മൂല്യങ്ങള്‍ കൈവിടാതെ നോക്കണം. പ്രലോഭനങ്ങളില്‍ പെടാതെ സംയമനം പാലിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങണം.
ഈ യാത്രയില്‍ സംസ്ക്കാരം കൈവിടാതെ നോക്കുകയും വേണം. വിജയത്തിലേക്കുള്ള വഴി ഇടുങ്ങിയ ഒറ്റയടിപ്പാതയാണ്. ലക്ഷ്യത്തിലെത്താന്‍ വളരെയേറെ ശ്രദ്ധയും വേഗതയും ജാഗ്രതയും ആവശ്യമാണ്. തുടര്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിശ്രമം വേണം.
ഉന്നത നിലയില്‍ എത്തിച്ചേരാന്‍ പരിശ്രമവും പ്രാര്‍ത്ഥനയുമാണ് വഴി. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ആരും പരാജയപ്പെടുന്നില്ല. ഈശ്വരാനുഗ്രഹവും ആത്മവിശ്വാസവും ഉള്ളവര്‍ മുന്നിലെത്തുന്നു എന്നു മാത്രം. ഏതു മേഖലയില്‍ എത്തിയാലും സംസ്ക്കാരത്തില്‍ ഊന്നിനിന്ന് ജീവിക്കാന്‍ നമുക്കു കഴിയണം.
ഭാവിയില്‍ ഉന്നത പദവിയില്‍ എത്തുമ്പോഴും നല്ല മനുഷ്യരായിരിക്കാനും ശ്രദ്ധിക്കണം. രക്ഷിതാക്കളേയും അദ്ധ്യാപകരേയും സ്നേഹിക്കുന്നതിലൂടെ ഉന്നത ലക്ഷ്യങ്ങളിലേക്കുള്ള പാത സുഗമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: