പത്ത് കിണറിനുസമം ഒരു കുളം
പത്ത് കുളത്തിനുസമം ഒരു തടാകം
പത്ത് തടാകത്തിനു സമം ഒരു പുത്രന്
പത്ത് പുത്രന് സമം ഒരു വൃക്ഷം”
ഋഗ്വേദത്തിലെ ഈ വരികളെ അന്വര്‍ത്ഥമാക്കിക്കൊണ്ട് മക്കളെപ്പൊലെ മരങ്ങളെ സ്നേഹിച്ച് ആറ് ലക്ഷത്തോളം വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ച കല്ലൂര്‍ ബാലന് ആര്‍ക്കു സമം? പ്രതിഫലേച്ഛയില്ലാതെ പരപ്രേരണയില്ലാതെ പ്രകൃതിയെ സ്നേഹിക്കുന്ന പച്ച മനുഷ്യന്. പകരംവയ്ക്കാനില്ലാത്ത വ്യക്തിത്വത്തിന്റെ പത്തരമാറ്റ്.
പാലക്കാട്- കുളപ്പുള്ളി സംസ്ഥാനപാതയിലെ മാങ്കുറുശ്ശിയില്‍ നിന്ന് കല്ലൂരിലെത്തുമ്പോള്‍ അരങ്ങാട്ടില്‍ വേലുവിന്റെ മകന് ബാലകൃഷ്ണനെന്ന ബാലേട്ടന്റെ അറുപത്തിയേഴുവര്‍ഷത്തെ ചരിത്രം പറയാനുണ്ട് ഗ്രാമവാസികള്‍ക്ക്. രണ്ടായിരത്തില്‍ ആരംഭിച്ച വൃക്ഷതൈ നടീല്‍ യജ്ഞം ഇന്ന് ആറുലക്ഷത്തിനടുത്ത് എത്തിനില്‍ക്കുന്നു. പത്താംതരം വരെ പഠിച്ച ബാലേട്ടന് ചെത്തു തൊഴിലാളിയായിരുന്ന അച്ഛന്റെ പാത പിന്തുടര്ന്ന് അബ്കാരി ബിസിനസ്സ് ഏറ്റെടുക്കുകയായിരുന്നു.
അമ്മ കണ്ണമ്മ. ജീവിതത്തിനുവേണ്ടുന്ന അത്യാവശ്യം കൃഷിയിടവും സ്വന്തമായൊരു വീടും കൈവന്നപ്പോള്‍ വര്‍ഷങ്ങളായി ഉള്ളില്‍ പുതഞ്ഞു കിടന്നിരുന്ന ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടായിരത്തില്‍ കല്ലൂരിലെ ശിവക്ഷേത്രത്തില്‍ കൂവളം നട്ടുപിടിപ്പിച്ച് യജ്ഞത്തിന് തുടക്കം. അരയാല്‍, പേരാല്‍, വേപ്പ്, ഉങ്ങ് തുടങ്ങിയ വൃക്ഷത്തൈകളാണ് ആദ്യം നട്ടുതുടങ്ങിയത്. അതിന് കാരണവുമുണ്ട്.
ആല്‍മരം ഒരു മണിക്കൂറില്‍ മൂവായിരം ടണ്‍ ഓക്സിജന്‍ പുറപ്പെടുവിക്കുന്നു. വേപ്പ് വായൂമലിനീകരണത്തെ ശുചീകരിക്കുന്നു. ഉങ്ങ് തണല്‍ വൃക്ഷവുമാണ്. വൃക്ഷശാസ്ത്രങ്ങളെല്ലാം മനഃപാഠമാക്കിയാണ് ബാലേട്ടന് തന്റെ യജ്ഞം ആരംഭിച്ചത്.
അതിരാവിലെ ഉണരുന്നതാണ് ശീലം. യോഗയും പ്രാര്‍ത്ഥനയും ഒരിക്കലും മുടക്കാറില്ല. പ്രഭാതഭക്ഷണശേഷം വെള്ളവും ഉച്ചഭക്ഷണവുമായി ഇറങ്ങിയാല്‍ തിരിച്ചെത്തുന്നത് രാവേറെ ചെല്ലുമ്പോള്‍. വേഷം തന്നെ ഏവരും ഏറെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലാണ്. പച്ചബനിയനും പച്ചമുണ്ടും. പച്ച റിബണ്‍കൊണ്ട് തലേല്‍കെട്ടും. ഭൂമി പ്രകൃതിയുടെ അമ്മയാണെന്ന് പറയുന്ന ബാലേട്ടന് അമ്മയെ സംരക്ഷിക്കണമെന്ന് അവകാശപ്പെടുന്നു.
വീട്ടില്‍ ഒരു മകനോ മകളോ ജനിക്കുമ്പോള്‍ ഒരു തൈ നടുക. മക്കളെ പരിപാലിക്കുന്നതോടൊപ്പം തൈകളേയും പരിപാലിക്കുക. രണ്ടും ഒരുമിച്ചു വളരട്ടെ. ഇതാണ് അദ്ദേഹത്തിന്റെ സന്ദേശം. ജനങ്ങള്‍ ഇത് അംഗീകരിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തെ അതു ബാധിക്കുന്നില്ല. സ്വന്തം ദിനചര്യയ്ക്കു മുടക്കം വരുത്തുന്നുമില്ല.
ആദ്യം ഇരുചക്ര വാഹനത്തിലായിരുന്നു യാത്ര. റോഡിനിരുവശവും തൈകള്‍ നടും. മഴക്കാലത്ത് നടീലെങ്കില്‍, വേനല്‍ക്കാലത്ത് വിത്തുശേഖരണവും മുളപ്പിക്കലും. വാഹനമോടിക്കുമ്പോള്‍ വഴിയരുകില്‍ വണ്ടിയിടിച്ച് ജീവന് പൊലിഞ്ഞ മിണ്ടാപ്രാണികളെ സംസ്ക്കരിക്കുന്നതും ബാലേട്ടന്റെ ദൗത്യത്തിലൊന്നാണ്.
പേരിനും പ്രശസ്തിക്കും പിന്നാലെ പോകാതെ പരിസ്ഥിതിക്കുവേണ്ടി നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ സേവനം കാഴ്ച്ചവെയ്ക്കുന്ന അദ്ദേഹത്തിന് മലപ്പുറത്തെ ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ ഒരു ജീപ്പു സമ്മാനിച്ചു. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ അളവറ്റ സ്നേഹം കണ്ട് വനം വകുപ്പുതന്നെ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന ചുമതലയും നല്‍കിയിട്ടുണ്ട്.
സ്കൂള്‍, പോലീസ് അസോസിയേഷന് ഭാരവാഹികള്‍, എഞ്ചിനീയറിങ് കോളേജ്, പഞ്ചായത്ത് തുടങ്ങി വിവിധ സംഘടനകളുമായി സഹകരിച്ച് താഴ്വരകളിലും കനാല്‍ വരമ്പിലും ഉങ്ങ്, മാവ്, വേപ്പ്, കണിക്കൊന്ന, ഞാവല്‍, നെല്ലി തുടങ്ങിയ തൈകള്‍ നട്ടുപിടിപ്പിക്കുന്നു. ഇതില്‍ ഏറെ ശ്രദ്ധേയമായ കാര്യം പരിസ്ഥിതി ദിനത്തിന് അദ്ദേഹത്തെ പലരും ക്ഷണിക്കാറുണ്ട്. പക്ഷേ കല്ലൂര്‍ ബാലന് എന്നും പരിസ്ഥിതി ദിനം തന്നെ.
ജീവജാലങ്ങളുടെ നിലനില്‍പ്പിന് ആധാരമായ ഭൂമിയെ പച്ചത്തുരുത്താക്കുകയാണ് ബാലേട്ടന്റെ ലക്ഷ്യം. കാലവും കാലാവസ്ഥയും ഒന്നും പ്രശ്നമാക്കാതെ സ്കൂളും, ശ്മശാനവും, വഴിയരികും എല്ലാം തൈകള്‍ നടാന്‍ തിരഞ്ഞെടുക്കുന്നു. നട്ടതുകൊണ്ടും തീരുന്നില്ല, അവയെ പരിപാലിക്കണമെന്നത് നിര്‍ബന്ധം. തന്റെ ജീപ്പിനു നാലുവശത്തും പരിസ്ഥിതിസന്ദേശം എഴുതിച്ചേര്‍ത്തിരിക്കുന്നു.
പ്രകൃതിതന്നെ പ്രകൃതിക്കുവേണ്ടുന്ന വിഭവങ്ങള്‍ ഒരുക്കുമ്പോള്‍ മനുഷ്യര്‍ അത്യാഗ്രഹം മൂത്ത് പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. ഭൂമിക്കുവേണ്ടിയും അടുത്ത തലമുറയ്ക്കുവേണ്ടിയും എന്തെങ്കിലും ചെയ്യണമെന്ന അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹം അനുദിനം ഏറിവരുന്നു.
വെള്ളവും വായുവും വിലകൊടുത്തുവാങ്ങുന്ന ലോകത്തല്ല നമ്മള് ജനിച്ചതെങ്കിലും, ഭാവിയില്‍ ഇതുരണ്ടും വാങ്ങേണ്ട കാലഘട്ടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ബാലേട്ടന് വര്‍ഷങ്ങള്‍ക്കുമുമ്പേ ചിന്തിച്ചിരുന്നു.
തണലും തണുപ്പും നല്കുന്ന മരങ്ങളെ വികസനത്തിന്റെ പേരില്‍ വെട്ടിവീഴ്ത്തി കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തി വരള്‍ച്ചയെ വിലകൊടുത്തു വാങ്ങുകയാണെന്ന് പലരും അറിയുന്നില്ല എന്നത് അദ്ദേഹം പറയുമ്പോള്‍ അതിന് മറുവാക്കില്ല.
പ്രകൃതിയുടെ വരദാനമായ ജലം അമൃതിന് തുല്യമല്ല അമൃത് തന്നെയാണെന്ന് ബാലേട്ടന്റെ പ്രവൃത്തി നമുക്കു കാണിച്ചുതരുന്നു. കൊടും വേനലില്‍ തന്റെ വീട്ടിലെ കിണറില്‍ നിന്നും ദിവസവും അഞ്ഞൂറു ലിറ്റര്‍ ടാങ്കില്‍, വെള്ളം നിറച്ച് അഞ്ചും ആറും തവണ തന്റെ ജീപ്പില്‍ കുടിവെള്ളമില്ലാത്ത പ്രദേശങ്ങളില്‍ എത്തിച്ചുകൊടുക്കുന്നു. ഉത്സവപ്പറമ്പുകളില്‍ സൗജന്യ സംഭാരവിതരണവും നടത്തുന്നു. ഇതിനെല്ലാം ഭാര്യ ലീലയുടേയും മക്കളുടേയും അവരുടെ കുടുംബത്തിന്റേയും പിന്തുണയുണ്ട്.
വനമിത്ര, ബയോഡൈവേര്‍സിറ്റി, പി.വി തമ്പി മെമ്മോറിയല്‍, പ്രകൃതിമിത്ര, ജയ് ജി പീറ്റര്‍ പുരസ്കാരം തുടങ്ങി ഒട്ടനേകം പുരസ്കാരങ്ങള്‍ ലഭിച്ച് ഗിന്നസ് ബുക്കിന്റെ പടിവാതില്‍ക്കലെത്തിനില്‍ക്കുന്നു. ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെ ഇരുപത്തിനാലു മണിക്കൂറും കര്‍മ്മനിരതനായിരിക്കുന്ന ബാലേട്ടന് ഓര്‍മ്മപ്പെടുത്തുന്നത് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍കലാമിന്റെ ഈ വരികളാണ്.
”ഞാന്‍ ഒരു കിളിയെ വളര്‍ത്തി
കിളി വലുതായപ്പോള്‍ പറന്നുപോയി
ഞാന്‍ ഒരണ്ണാന് കുഞ്ഞിനെ വളര്‍ത്തി
അണ്ണാന് വലുതായപ്പോള്‍ ഓടിപ്പോയി
ഞാനൊരു വൃക്ഷത്തൈ നട്ടു
അത് വലുതായപ്പോള്‍ പോയ
കിളിയും അണ്ണാനും തിരികെവന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: