പാലക്കാട് : ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി പറഞ്ഞു.
സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം കോളനി സന്ദര്‍ശിച്ച ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് എല്‍.മുരുകന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കളക്ടര്‍ സമാധാന യോഗം വിളിച്ചത്. കോളനിയില്‍ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോവുകയാണ്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ നിയമ നടപടി സ്വീകരിക്കൂ.
പത്രവാര്ത്തകള്ക്കനുസരിച്ച് മാത്രം നിയമനടപടി സ്വീകരിക്കാനാകില്ല. അതേസമയം നിയമപരമായി അന്വേഷണം നടത്തി നടപടിയെടുക്കും. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ കയ്യിലുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. അക്രമികള്‍ക്കെതിരെ ജാതി-രാഷ്ട്രീയ വിവേചനമില്ലാതെ നിയമ നടപടി സ്വീകരിക്കും. കോളനിയിലുള്ളവര്‍ക്ക് സൈ്വര ജീവിതം ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോളനിയുമായി ബന്ധപ്പെട്ട 351 പരാതികളും കൃത്യമായി പരിശോധിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണ്. പ്രദേശത്തെ കുടിവെള്ള വിതരണ ടാങ്കില്‍ രണ്ട് ടാപ്പുകള്‍ നിര്‍മിച്ചത് കോളനി നിവാസികള്‍ക്ക് എളുപ്പത്തില്‍ കുടിവെള്ളം സംഭരിക്കുന്നതിനായാണ്. ചിലര്‍ ഇത് ദുരുപയോഗം ചെയ്യുകയാണുണ്ടായത്. കോളനിയില്‍ ഏതെങ്കിലും തരത്തിലുള്ള ജാതീയ വേര്‍തിരിവുണ്ടെന്ന് അന്വേഷണത്തിലൂടെ ബോധ്യമായാല്‍ കളക്ടറെന്ന നിലയില്‍ ഇടപെടുമെന്ന് അവര്‍ പറഞ്ഞു. കോളനിയിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിന് എല്ലാ രാഷ്ട്രീയ-സാമുദായിക സംഘടനകളുടെയും സഹായം അനിവാര്യമാണ്. കോളനിയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഞ്ച് പൊലീസ്് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകാതെ ആരെയും അറസ്റ്റ് ചെയ്യില്ല. കേസുകളുടെ പുരോഗതി ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. മെഡിക്കല്‍ പരിശോധനയുള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധന കേസിനാവശ്യമാണ്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
പ്രദേശത്ത് 10 നിരീക്ഷണ ക്യാമറകള്‍ ഉടന്‍ സ്ഥാപിക്കും. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ കോളനിയില്‍ സുരക്ഷക്കായി വിനിയോഗിക്കേണ്ട സാഹചര്യം നിലവിലില്ല. കോളനിയിലെ പത്ത് യുവാക്കള്‍ക്ക് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പൊലീസ് ഇടപെട്ട് ജോലി നല്‍കും. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ ആദ്യഘട്ടത്തില്‍ വകുപ്പുതല അന്വേഷണമാണ് നടക്കുന്നത്. വേണ്ടിവന്നാല്‍ കേസ് വിജിലന്‍സിന് കൈമാറാന്‍ തയാറാണെന്നും തെളിവുകള്‍ കയ്യിലുള്ളവര്‍ നല്‍കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജില്ലാ കളക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശ്നപരിഹാരത്തിന് പൂര്‍ണ പിന്തുണയുണ്ടാവുമെന്നും കുറ്റക്കാര്‍ക്കെതിരെ വേഗത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ കോളനിയില്‍ സഹായ വിതരണം നടത്തും. സാമൂഹിക-സാമ്പത്തിക-ജാതീയ വേര്‍തിരിവിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാനും യോഗത്തില്‍ ധാരണയായി. അസി.കളക്ടര്‍ അഫ്സാന പര്വീന്, എ.ഡി.എം. എസ്.വിജയന്, ഡി.വൈ.എസ്.പി മുഹമ്മദ് കാസിം, രാഷ്ട്രീയ-സാമുദായിക പാര്‍ട്ടി പ്രതിനിധികള്‍, പട്ടികജാതി-വര്‍ഗ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, കോളനി നിവാസികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സമാധാന യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: