കഞ്ചിക്കോട് : ആലാമരം വൈസ്പാര്ക്കിലുള്ള കെഎസ്ഇബിയുടെ 220 കെവി സബ്സ്റ്റേഷനില്‍ കത്തിനശിച്ച ട്രാന്‍സ്ഫോമറിനു പകരം ബ്രഹ്മപുരത്തു നിന്നുള്ള പുതിയ ട്രാന്‍സ്ഫോമര്‍ കഴിഞ്ഞ ദിവസം എത്തിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 26നാണ് ഒരു ട്രാന്‍സ്ഫോമര്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചത്. ഇവിടെയുള്ള ഏഴു ട്രാന്‍സ്ഫോമറുകളില്‍ ഒന്ന് തകരാറായാല്‍ പകരം പ്രവര്‍ത്തിപ്പിക്കാന്‍ സജ്ജമാക്കിയിരുന്ന ഒരെണ്ണത്തിനാണ് തീപിടിച്ചത്. ഇതിനു പകരമായി എത്തിച്ച ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളും നടന്നു വരുകയാണ്. ഇത് പ്രാവര്‍ത്തികമാവുന്നതോടെ കഞ്ചിക്കോട് വ്യവസായമേഖലയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.
പ്രത്യേകിച്ച് മഴക്കാലമായതോടെ ഏതു സമയത്തും ചില്ലറ തകരാറുകള്‍ ഉണ്ടായേക്കാം അവ ഉണ്ടായാല്‍ പോലും വൈദ്യുതി വിതരണം മുടങ്ങാത്ത് രീതിക്കുള്ള പദ്ധതിക്കാണ് കെഎസ്ഇബി തയ്യാറായിട്ടുള്ളത്. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് പുതിയ ട്രാന്‍സ്ഫോമര്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തികൊണ്ടിരിക്കുന്നത്.്.
മറ്റു സബ് സ്റ്റേഷനുകളില്‍ നിന്ന് താല്‍ക്കാലികമായി ട്രാന്‍സ്ഫോമര്‍ എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. അത് ഫലപ്രദമാകാത്ത് സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് വൈദ്യുതി ബോര്‍ഡിന്റെ അനുമതിയോടെ ബ്രഹ്മപുരത്തു നിന്നു പുതിയത് എത്തിച്ചത്. ഇതോടെ മാര്‍ച്ചില്‍ പൂര്‍ണമായി കത്തിനശിച്ച പഴയ ട്രാന്‍സ്ഫോമര്‍ എടുത്തു മാറ്റാനുള്ള നടപടിയും ത്വരിതഗതിയിലാരംഭിച്ചു.
കത്തിനശിച്ച ഓയിലും കേബിളുകളും പൂര്‍ണമായും നീക്കി. പൊട്ടിത്തെറിയില്‍ തകര്‍ന്ന സംരക്ഷണ ഭിത്തികളുടെ അറ്റകുറ്റപ്പണിയും പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ മഴ അറ്റകുറ്റപ്പണിക്കു തടസ്സമായെങ്കിലും ഇതില്‍ വൈദ്യുതി പ്രവഹിപ്പിക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചത്.
കഞ്ചിക്കോട്ടെ 220 കെവി സബ്സ്റ്റേഷനില്‍ നിന്നാണു പാലക്കാട്, ചിറ്റൂര്‍, നെന്മാറ, കൊല്ലങ്കോട്, ആലത്തൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലെക്കും കഞ്ചിക്കോട് വ്യവസായമേഖലയിലേക്കും വൈദ്യുതി വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: