മാനന്തവാടി : അരനൂറ്റാണ്ട് കാലത്തോളമായി താമസിച്ച് വരുന്ന കൈവശഭൂമിക്ക് രേഖ ലഭിക്കാതെ വടക്കെ വയനാട്ടില്‍ 2500 കുടുംബങ്ങള്‍. ഭൂമിക്ക് രേഖകള്‍ ലഭ്യമാകാതെ മാനന്തവാടി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിലെ നിരവധികുടുംബങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്. റവന്യു -സര്‍വ്വേ വകുപ്പുകളിലെ ഉദ്യാഗസ്ഥരും സ്വകാര്യ എസ്റ്റേറ്റ് മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളി മൂലമാണ് വടക്കേ വയനാട്ടിലെ മൂന്ന് വില്ലേജുകളിലെ 2500 കുടുംബങ്ങള്‍ വഴിയാധാരമായതെന്നാണ് പരാതി.
മാനന്തവാടി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് വില്ലേജുകളിലുള്‍പ്പെട്ട നിര്‍ധന കുടുംബങ്ങളാണ് തങ്ങളുടെ കൈവശഭൂമിക്ക് രേഖക്കായി കാത്തിരിക്കുന്നത്. പട്ടയം ലഭിക്കുന്നത് ഇനിയും വൈകിയാല്‍ ഇവിടെയും ചെമ്പനോട് ആവര്‍ത്തിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
വള്ളിയൂര്‍ക്കാവ് ദേവസ്വത്തില്‍ നിന്ന് സ്വകാര്യ തോട്ടം ഉടമകള്‍ പാട്ടത്തിനെടുത്ത് കൈവശം വച്ചതും എസ്റ്റേറ്റിന്റെ പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെട്ടതുമായ എണ്ണൂറോളം ഏക്കര്‍ ഭൂമിയില്‍ 1970 മുതല്‍ താമസിക്കുന്നവരാണ് രണ്ടായിരത്തി അഞ്ഞൂറിലധികം കുടുംബങ്ങള്‍. അഞ്ച് സെന്റ് മുതല്‍ ഒരേക്കര്‍ വരെ ഭൂമി കൈവശം ഉള്ളവരാണ് ഇവര്‍. വര്‍ഷങ്ങളോളം പ്രക്ഷോഭം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വ്വേ നടത്താനും രേഖ നല്‍കാനും തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വേ തുടങ്ങി. ഏപ്രില്‍ മാസത്തിനുള്ളില്‍ എല്ലാവര്ക്കും പട്ടയം നല്‍കാമെന്ന് ആറ് മാസം മുമ്പ് റവന്യൂ വകുപ്പധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍വ്വേ ഇടക്ക് വെച്ച് നിര്‍ത്തി സംഘം മടങ്ങിയിട്ട് നാളെറെയായി. മുമ്പ് നടന്ന സമരത്തിന്റെ ഭാഗമായി നികുതി സ്വീകരിക്കാന്‍ തീരുമാനമാവുകയും കുറച്ചു പേരുടെ നികുതി സ്വീകരിക്കുകയും ചെയ്തെങ്കിലും ആ രസീതു കൊണ്ട് യാതൊരു പ്രയോജനവുമില്ലന്ന് നാട്ടുകാര്‍ പറയുന്നു. ഈ വിഷയത്തില്‍ സ്വകാര്യതോട്ടം ഉടമകള്‍ ഹൈകോടതിയെ സമീപിക്കുകയും ഇപ്പോഴും കേസ് നിലനില്ക്കുകയും ചെയ്യുന്നുണ്ട്. പുറമ്പോക്ക് ഭൂമിയെ ചൊല്ലിയാണ് കേസ്. കേസ് ഒത്തുതീര്‍പ്പാക്കാനും കൈവശം ഭൂമിയുള്ളവര്‍ക്ക് പട്ടയം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ജെസ്സി, ചിറക്കര ,തലപ്പുഴ, തവിഞ്ഞാല്‍, തേറ്റ മല എന്നിവിടങ്ങളിലാണ് ഇത്തരം ഭൂപ്രശ്നം നിലനില്‍ക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും തോട്ടം തൊഴിലാളികളും മൂന്ന് തലമുറകളായി ഇതേ സ്ഥലത്ത് താമസിക്കുന്നവരുമാണ്. എല്ലാവര്ക്കും വീട്ടുനമ്പറും ഇതേ വിലാസത്തില്‍ റേഷന്‍ കാര്‍ഡുമുണ്ട്. താമസഭൂമിക്ക് രേഖയില്ലാത്തതിനാല്‍ വിദ്യാര്ത്ഥികളുടെതുള്പ്പെടയുള്ള യാതൊരു ബാങ്ക് വായ്പയും ലഭ്യമല്ല. പ്രശ്നപരിഹാരം എത്രയും വേഗത്തിലുണ്ടായില്ലെങ്കില് ശക്തമായ സമരത്തിനൊരുങ്ങുകയാണ് കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: