നിലമ്പൂര്‍: പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ പറയുമ്പോഴും ആശുപത്രികളിലെത്തുന്ന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.
ഇന്നലെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഒപിയിലെത്തിയത് 1670 പേര്. ചുങ്കത്തറ സിഎച്ച്സിയില് എത്തിയത് 800 ലേറെ പേര്, ചാലിയാര്‍ പോത്തുകല്ല്, എടക്കര, മൂത്തേടം വഴിക്കടവ്, കരുളായി, അമരമ്പലം പിഎച്ച്സികളിലും എത്തിയതും 300നും 450നും ഇടയില്‍ രോഗികള്‍.
തദ്ദേശ സ്ഥാപനങ്ങള്‍ സര്‍വകക്ഷിയോഗം വിളിക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയും ചെയ്തിട്ടും മാലിന്യസംസ്കരണം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാതെ വരുന്നതാണ് പകര്‍ച്ചവ്യാധിക്ക് ആക്കംകൂട്ടുന്നത്. 500ഓളം പേരാണ് ഡെങ്കിപ്പനി ബാധിതരായി ചികിത്സതേടി ജില്ലാ ആശുപത്രിയിലെത്തിയത്.
ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആരോഗ്യമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. 142 ബെഡുകളുള്ള ജില്ലാ ആശുപത്രിയില്‍ ഇന്നലെ കിടത്തിചികിത്സയിലുള്ളത് 325ലേറെപേര്‍. സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങള്‍ക്കുമുന്നിലും രോഗികളുടെ നീണ്ടനിര തന്നെയാണുള്ളത്. വഴിക്കടവില്‍ കഴിഞ്ഞ ദിവസം പനി പിടിച്ച് മൂന്ന് വയസ്സുകാരി മരിച്ചിരുന്നു. അധികൃതര്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ മരണങ്ങള് തുടര്‍ക്കഥയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: