അടിയന്തരാവസ്ഥ കാലഘട്ടം. വ്യക്തിസ്വാതന്ത്ര്യം പോലു ഹനിക്കപ്പെട്ട സമയം. കറുത്ത ശക്തികളുടെ കരാളഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ രാപകലില്ലാതെ അക്ഷീണം പ്രയത്നിച്ച നിരവധി പേര്. ലക്ഷ്യമായിരുന്നു അവര്‍ക്ക് പ്രധാനം. തടസങ്ങളെ അതിജീവിക്കാന്‍ പ്രാപ്തി നേടി. തിരിച്ചറിഞ്ഞ് പിടിക്കപ്പെടാതിരിക്കാന്‍ പലരും വേഷപ്രച്ഛന്നരായി. സിഖുകാരനും സന്യാസിയുമൊക്കെയായി അവര്‍ അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തിയുക്തം നിലയുറപ്പിച്ചു. അവരില്‍ പ്രധാനിയാണ് സിഖുകാരന്റെ വേഷത്തില്‍ പോരാടിയ ഡോ.സുബ്രഹ്മണ്യന് സ്വാമി. അടിയന്തരാവസ്ഥ, സുബ്രഹ്മണ്യന് സ്വാമിയുടെ ഓര്‍മകളിലൂടെ…
അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങള്‍:
1972 ലെ ബംഗ്ലാദേശ് യുദ്ധവിജയം ഇന്ദിരാഗാന്ധിയെ കൂടുതല്‍ ശക്തയാക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങായി. ഇത് ജയപ്രകാശ് നാരായണനെന്ന സോഷ്യലിസ്റ്റിനെ അസ്വസ്ഥനാക്കി. ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിലപാട് ജെ.പി ആരാഞ്ഞു; അതിശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചു. ശക്തമായ അടിത്തറ ആവശ്യമായതിനാല്‍ ജനസംഘത്തെക്കൂടി ജെപി പ്രക്ഷോഭത്തിന്റെ ഭാഗമാക്കി. കാരണം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പിന്തുണ തന്നെ. ജെപിയും ജനസംഘവും വത്യസ്ത പ്രത്യയശാസ്ത്ര വീക്ഷണങ്ങളായിരുന്നെങ്കിലും ജെപിയും നാനാജി ദേശ്മുഖും ഒന്നിച്ചു സംസാരിച്ചതോടെ വ്യത്യാസങ്ങളെല്ലാം ഇല്ലാതായി.
ഇരുവരെയും ഒരുമിപ്പിക്കുന്നതിനുള്ള തന്റെ ശ്രമങ്ങള്‍ വിജയിച്ചതായി സ്വാമി പറയുന്നു. രാംലീലാ മൈതാനിലെ ചരിത്രപ്രസിദ്ധമായ റാലിയില്‍ വെച്ച് ഇന്ദിരാഗാന്ധി ഉടന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന സൂചന ജെപിക്ക് നല്‍കിയെങ്കിലും അങ്ങനെ സംഭവിക്കില്ലെന്ന വിശ്വാസമായിരുന്നു ജെപിക്കുണ്ടായിരുന്നത്. എന്നാല്‍ അന്നു രാത്രി 3 മണിയോടെ ജെപിയെ ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് ചെയ്യുകയും രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
അറസ്റ്റില്‍ നിന്ന് രക്ഷപെട്ടതെങ്ങനെ:
പുലര്‍ച്ചെ നാലുമണിക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന് (പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല) ഫോണില്‍ വിളിച്ച് ജെപിയുടേയും മൊറാര്‍ജി ദേശായിയുടേയും മറ്റു ജനസംഘം നേതാക്കളുടേയും അറസ്റ്റ് വിവരം അറിയിച്ചിരുന്നു. അടിയന്തരാവസ്ഥ പ്രതീക്ഷിച്ചിരുന്നതിനാല്‍ തന്നെ പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയെന്നതായിരുന്നു എന്റെ തീരുമാനം. രാവിലെ റേഡിയോയിലൂടെ ഇന്ദിരാഗാന്ധി തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപനവും നടത്തി. 1975 ജൂണ്‍ 25 ആയിരുന്നു അന്ന്.
തുടര്‍ന്നുള്ള ഏറ്റവും വലിയ പ്രശ്നം ഒളിത്താവളം കണ്ടെത്തുക എന്നതായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങളിലാകെ നാശംവിതച്ചു കഴിഞ്ഞിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. രണ്ടുദിവസത്തിനകം ആര്‍എസ്എസിന്റെ കേഡര്‍ പ്രവര്‍ത്തക സംവിധാനം വഴി നാനാജി ദേശ്മുഖ് എന്നെ ബന്ധപ്പെട്ടു. അദ്ദേഹവും ആ സമയം ഒളിവിലായിരുന്നു. ആഗസ്ത് മാസം മൂന്നാം വാരം വരെ ഞാനും നാനാജി ദേശ്മുഖും അടക്കമുള്ളവര്‍ ദല്‍ഹിയിലെ പഞ്ചാബി ബാഗ്, തിമാര്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സാധാരണക്കാരായ സംഘപ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്.
തലപ്പാവു ധരിച്ച് പൂര്‍ണ്ണമായും സിഖുകാരന്റെ രൂപത്തിലേക്ക് ഇതിനകം തന്നെ മാറിക്കഴിഞ്ഞിരുന്നു. ഇവിടെ നിന്നാണ് അര്‍ദ്ധരാത്രികളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിഷേധങ്ങളിലേക്കുള്ള ചുവടുമാറ്റം. ആഗസ്ത് അവസാനത്തോടെ ആര്‍എസ്എസിന്റെ ചെറു ഘടകങ്ങള്‍ എല്ലായിടത്തും രൂപീകരിക്കാനായി. വളരെ സുസ്ഥിരമായ ഒരു താഴെത്തട്ട് ഇതിനകം തന്നെ ആര്‍എസ്എസ് ഒരുക്കിക്കഴിഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അക്കാലയളവില്‍ സിഖ് വേഷധാരികളായി ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
ഒരിക്കല്‍ രഹസ്യയോഗ സ്ഥലത്ത് നാനാജിയെ ഇറക്കിയ ശേഷം കാറോടിച്ച് കറങ്ങി കുറച്ചു നേരം കഴിഞ്ഞ് നാനാജിയെ വിളിക്കാന്‍ യോഗസ്ഥലത്തെത്തിയപ്പോള്‍ വൈദ്യുതി അണഞ്ഞിരുന്നു. യോഗസ്ഥലം പോലീസ് വളഞ്ഞിരുന്നതായി മനസ്സിലായി. ഇരുട്ടായതിനാല്‍ തന്നെ മാത്രം പോലീസ് കണ്ടില്ല. നാനാജി അടക്കമുള്ളവരെ അവിടെ നിന്ന് പോലീസ് പിടികൂടി. അതോടെ ഒളിത്താവളങ്ങളും ഇല്ലാതായി. തുടര്‍ന്ന് ഭാര്യാ സഹോദരിയും ഭര്‍ത്താവും താമസിച്ചിരുന്ന റഫി മാര്‍ഗ്ഗിലെ വിതല്‍ഭായി പട്ടേല്‍ ഹൗസ് ആയിരുന്നു കുറച്ചു നാള് ഒളിത്താവളം (ജന്മഭൂമിയുടെ ദല്‍ഹി ബ്യൂറോ വര്‍ഷങ്ങളായി ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്). നിരവധി കോണ്‍ഗ്രസ് നേതാക്കളും എംപിമാരും താമസിക്കുന്ന വി.പി ഹൗസില്‍ പക്ഷേ സിഖ് വേഷധാരിയായ എന്നെ ആരും തിരിച്ചറിഞ്ഞില്ല.
നാനാജിയുടെ അറസ്റ്റിന് ശേഷം മാധവ് റാവു മുളെ ആര്‍എസ്എസിന്റെ ഒളിപ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്തു. ദല്‍ഹിയിലെ ഒരു സ്ഥലത്തേക്ക് എന്നെ വിളിച്ചുവരുത്തിയ മുളേ, ജയിലില്‍ നിന്നും ജയപ്രകാശ് നാരായണന്റെ ഒരു സന്ദേശം എനിക്ക് കൈമാറി. ഇന്ത്യയില്‍ ഒളിച്ചു കഴിയുന്നതിന് പകരം വിദേശത്തേക്ക് പോയി ഇന്ത്യയില്‍ നടന്ന ജനാധിപത്യ ധ്വംസനങ്ങളെപ്പറ്റി അവരെ അറിയിക്കണം എന്നതായിരുന്നു ജെപിയുടെ സന്ദേശം.
വിദേശവാസം:
അന്താരാഷ്ട്ര മാധ്യമങ്ങളെ ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെപ്പറ്റി ബോധ്യപ്പെടുത്തുകയായിരുന്നു ജെപി ഏല്‍പ്പിച്ച ജോലി. ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി പുറത്തേക്ക് കടക്കുകയെന്നത് അസാധ്യമായ കാര്യവും. എന്നാല്‍ തമിഴ്നാട്ടില്‍ സ്ഥിതി കുറച്ചു വ്യത്യസ്ഥമായിരുന്നു. അധികാരത്തിലിരുന്ന ഡിഎംകെ അടിയന്തരാവസ്ഥ അവിടെ നടപ്പാക്കിയിരുന്നില്ല. ചെന്നൈയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പറക്കാന്‍ അക്കാലത്ത് വിസ ആവശ്യമില്ല.
കൊളംബോയില്‍ എത്തിയ ശേഷം ബ്രിട്ടീഷ് എയര്‍വേയ്സിന്റെ വിമാനത്തില്‍ ലണ്ടനിലേക്ക്. അവിടെ കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് ഇന്ദിരയ്ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. അപ്പോഴേക്കും ജെപി ജയിലിലും ഒന്നരലക്ഷത്തോളം പേര് രാജ്യമാകെ ജയിലിലുമായിക്കഴിഞ്ഞു. മനുഷ്യാവകാശ സംഘടനകളെയും അന്താരാഷ്ട്ര മാധ്യമങ്ങളെയും നിരന്തരം സമീപിച്ചു. ബിബിസിയും വോയിസ് ഔഫ് അമേരിക്കയും പോലുള്ള മാധ്യമങ്ങള്‍ വളരെയേറെ സഹായിച്ചു.
ജയിലുകളിലെ പീഡനം വിദേശ മാധ്യമങ്ങള്‍ വലിയ വാര്‍ത്തകളാക്കി. ലണ്ടനില്‍ നിന്ന് അമേരിക്കയിലെത്തിയ ഞാന്‍ 25 സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി അടിയന്തരാവസ്ഥാ വിരുദ്ധ പ്രചാരണം നിര്‍വഹിച്ചു. ആംനെസ്റ്റി ഇന്റര്‍നാഷണലും അമേരിക്കന്‍ കോണ്‍ഗ്രസും ഇടപെട്ടു. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും കാര്യങ്ങളിലൊരു പുരോഗതിയും കാണാതെ വന്നതോടെ അതിജീവനത്തിനായി ഹാര്‍വാര്‍ഡിലെ പ്രൊഫസര്‍ഷിപ്പ് വീണ്ടും സ്വീകരിക്കണമെന്ന സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു എന്റെ തീരുമാനം.
പിടിക്കപ്പെടാതെ ഇന്ത്യയിലേക്ക് മടക്കം:
1974 ല്‍ ജനതാപാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭാംഗമായതോടെ നയതന്ത്ര പാസ്പോര്‍ട്ട് കൈവശമുണ്ടെങ്കിലും അതൊക്കെ ഇന്ദിരാസര്‍ക്കാര്‍ ഇതിനകം റദ്ദാക്കിയിരുന്നു. എന്നാല്‍ സ്വന്തം പാസ്പോര്ട്ടില് തന്നെയാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ആദ്യം ഏതെങ്കിലും ബോട്ടിലോ അല്ലെങ്കില്‍ നേപ്പാള്‍ വഴിയോ ഇന്ത്യയിലെത്താനായിരുന്നു പദ്ധതി. ഒടുവില്‍ ദല്‍ഹി വഴിയുള്ള പാന്‍ അമേരിക്കയുടെ ബാങ്കോക്ക് വിമാനത്തില്‍ ടിക്കറ്റ് സംഘടിപ്പിച്ചു.
വിമാനം പുലര്‍ച്ചെ 3ന് ദല്‍ഹിയിലെത്തിയപ്പോള്‍ പാര്‍ലമെന്റ് പാസ് പോലീസുകാരനെ കാണിച്ച് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്നു. തുടര്‍ന്ന് ടാക്സി വിളിച്ച് ഒരു ഹോട്ടലിലേക്ക് പോയി. ഫോണ്‍ നിരീക്ഷണത്തിലായതിനാല്‍ ബിബിസിയുടെ ദല്‍ഹി ബ്യൂറോചീഫായിരുന്ന മാര്‍ക്ക് ടുളിയെന്ന പേരില്‍ ഭാര്യയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. സിഖ് താടിയും തലപ്പാവും അടക്കമുള്ള വേഷവുമായാണ് ഭാര്യ റോക്സ്ന എത്തിയത്. പിറ്റേദിവസം സിഖുകാരനായ മെക്കാനിക്കിന്റെ വേഷത്തില്‍ കനത്ത കാവലേര്‍പ്പെടുത്തിയിരുന്ന സ്വന്തം വീട്ടില്‍ പ്രവേശിച്ചു. അഞ്ചു ദിവസം ഇവിടെ താമസിക്കവേയാണ് പാര്‍ലമെന്റ് പ്രസംഗം പദ്ധതിയിടുന്നത്.
ഇവിടെ ജനാധിപത്യവും മരണപ്പെട്ടിരിക്കുന്നു സര്
പാര്‍ലമെന്റിന്റെ ആദ്യ സെഷനായിരുന്നു അത്. സഭയിലെത്തി ഒപ്പുവെച്ച് പ്രതിഷേധിച്ച് പുറത്തിറങ്ങുക എന്നതായിരുന്നു പദ്ധതി. ഭാര്യ റോക്സനയ്ക്കൊപ്പം കാറോടിച്ചാണ് പാര്‍ലമെന്റിലെത്തിയത്. അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബിര്‍ള മന്ദിറിന് മുന്നില്‍ കാറുണ്ടാകും. താക്കോല്‍ മാറ്റിന് അടിയിലും. ഞാന്‍ മഥുരയ്ക്ക് ട്രെയിനില്‍ പോകും. എത്തിക്കഴിഞ്ഞാല്‍ പുസ്തകം എത്തി എന്ന ടെലിഗ്രാം അയക്കും. ഇതായിരുന്നു ഭാര്യയ്ക്കുള്ള സന്ദേശം.
പാര്‍ലമെന്റില്‍ പ്രവേശിച്ച് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം അകത്തേക്ക് കയറവേ വാച്ച് ആന്‍ഡ് വാര്‍ഡ് ചോദിച്ചത് താങ്കള്‍ ഇരുപതിന പരിപാടിയെ അനുകൂലിച്ച് ഒപ്പുവെച്ചുവോ എന്നുമാത്രമാണ്. എന്റെ അറസ്റ്റ് വാറണ്ട് പോലീസ് സ്റ്റേഷനിലാണുള്ളത്. പോലീസ് മുഴുവനും പ്രഗതി മൈതാനിയില്‍ സഞ്ജയ് ഗാന്ധിയുടെ പരിപാടിയിലും. ആകെ 15 മിനുറ്റ് മാത്രമാണുള്ളത്. സഭയില്‍ പ്രവേശിച്ച ഞാന്‍ ഹാജര്‍ ബുക്കില്‍ ഒപ്പുവെച്ചു.
ആദ്യദിനമായതിനാല്‍ അനുശോചന സന്ദേശം വായിച്ച് സഭ പിരിയുകയായിരുന്നു. മരിച്ച അംഗങ്ങളുടെ പട്ടിക വായിച്ച് സ്പീക്കര്‍ അനുശോചന സന്ദേശം പറഞ്ഞവസാനിപ്പിച്ചയുടന് എണീറ്റ് നിന്ന് ഞാന്‍ പറഞ്ഞു. ഈ കാലം മരിച്ച ജനാധിപത്യത്തിന്റേതു കൂടിയാണ്. നിങ്ങളുടെ മരിച്ചവരുടെ പട്ടികയില്‍ ജനാധിപത്യത്തെക്കൂടി ഉള്‍പ്പെടുത്തൂ. ഇതെല്ലാം കണ്ടും കേട്ടും കോണ്‍ഗ്രസിന്റെ എംപിമാരടക്കം മരവിച്ച അവസ്ഥയിലായിരുന്നു. ഇന്ദിരാഗാന്ധി ആ ദിവസം സഭയിലില്ലായിരുന്നു. ഇത്രയും പറഞ്ഞ ശേഷം സഭ വിട്ടിറങ്ങിയ ഞാന്‍ കാറെടുത്ത് പുറത്തേക്ക് പോയി. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ പ്രകാരം തന്നെ നടന്നു. അടിയന്തിരാവസ്ഥ പിന്‍വലിച്ച 1977 മാര്‍ച്ച് 21വരെ പിടികൂടാന്‍ ഇന്ദിരയ്ക്ക് സാധിച്ചില്ല, സ്വാമി ഓര്‍മ്മിച്ചു.
ഇന്ദിരയുടെ സംശയം:
അടിയന്തിരാവസ്ഥയ്ക്ക് ശേഷം അധികാരം നഷ്ടപ്പെട്ട ഇന്ദിര പിന്നീട് ഒരിക്കല്‍ സ്വാമിയോട് ചോദിച്ചു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എങ്ങനെയാണ് അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് അടിയന്തരാവസ്ഥയ്ക്കെതിരെ ഇത്ര ശക്തമായ ഒളിപ്രവര്‍ത്തനം നടത്തിയതെന്ന്. ആര്‍എസ്എസിനെ നിരോധിച്ച സമയമാണ് നിങ്ങളുടെ ധാരണകള്‍ തെറ്റിച്ചതെന്നായിരുന്നു സ്വാമിയുടെ മറുപടി. സംഘനിരോധനം വരുന്നത് വൈകിട്ട് 6മണിക്കാണ്.
രാജ്യമെങ്ങുമുള്ള ആയിരക്കണക്കിന് ശാഖകളില്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സമയമാണത്. നിങ്ങള്‍ ഉച്ചയ്ക്ക് ഒരുമണിക്കോ രണ്ടുമണിക്കോ ആര്‍എസ്എസിനെ നിരോധിച്ചിരുന്നെങ്കില്‍ ശാഖ പിന്നീട് ചേരാന്‍ അവര്‍ക്കാവുമായിരുന്നില്ല. ശാഖയിലെത്തിയ പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കാനുള്ള തീരുമാനം സ്വമേധയാ എടുത്തു. ഇതാണ് നിങ്ങള്‍ക്ക് തിരിച്ചടിയായത്. സ്വാമി ഇന്ദിരാഗാന്ധിക്ക് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: