പാലക്കാട്: ഒരുകാലത്ത് സംസ്കാരത്തിന്റെ പ്രതീകമായി നിലനിന്നിരുന്ന ഓലക്കുടകള്‍, പരിഷ്കാരത്തിന്റെ വര്‍ണ്ണശബളിമയില്‍ മതിമറന്നു നില്ക്കുന്ന പുത്തന്‍തലമുറ ഉപേക്ഷിച്ചു. എങ്കിലും ആചാരാനുഷ്ഠാനങ്ങളോടനുബന്ധിച്ച് ഓലക്കുടയുടെ ആവശ്യം ്നാമമാത്രമായി നിലകൊള്ളുന്നു. അതിനാല്‍ ഈ കുടകളുടെ നിര്‍മ്മാണം ഒരു കുടില്‍ വ്യവസായമായി ഇന്നും പേരിന് നിലനില്ക്കുന്നു. പാണന്, കണിയാന് തുടങ്ങിയ സമുദായക്കാരാണ് ഓലക്കുട നിര്‍മ്മാണത്തിലേര്‍പ്പെടുന്നത്. ഇന്നു പാടങ്ങളില്‍ വല്ലിക്കുടകള്ക്ക് പകരം പ്ലാസ്റ്റിക് കൊണ്ടുള്ള നീളമുള്ള മഴക്കവറാണ് ഉപയോഗിക്കുന്നത്.
കേരളത്തിലുടനീളമുളള ജനങ്ങള്‍ ശീലക്കുടകള്‍ക്കുപകരം ഓലക്കുടകളാണ് ഒരുകാലത്ത് ഉപയോഗിച്ചിരുന്നത്. കാര്‍ഷികവൃത്തിയിലും മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടിരുന്നവരും ഓലക്കുടകള്‍ ഉപയോഗിച്ചുവന്നിരുന്നു. എല്ലാവരും ഒരേ രീതിയിലുളള കുടയായിരുന്നില്ല ഉപയോഗിച്ചിരുന്നത്.
ധര്‍മ്മവും പ്രയുക്തിയും പ്രദേശവും അനുസരിച്ച് കുടയുടെ ആകൃതിക്കും വലിപ്പത്തിനും ‘ഭാഷ’യ്ക്കും വ്യത്യാസം ഉണ്ടായിരുന്നു. ഉത്തരകേരളത്തില്‍ കൃഷിപ്പണിയിലേര്‍പ്പെടുന്നവര്‍ ഉപയോഗിക്കുന്ന കുടയ്ക്ക് വല്ലിക്കുട, അഥവാ കളക്കുട എന്നു പറഞ്ഞുവരുന്നു. ‘കള’ എന്നു പറഞ്ഞാല്‍ കൃഷിയുടെ ഇടയില്‍ കാണുന്ന ഉപയോഗശൂന്യമായ പാഴ്ച്ചെടികളാണ്. കളകള്‍ പറിക്കുന്ന കാലത്താണ് കൃഷിപ്പണിക്കാര്‍ക്ക് ഓലക്കുടയുടെ ആവശ്യം വരുന്നത്. അതില്‍നിന്നാണ് ഈ കുടകള്‍ക്ക് ‘കളക്കുട’ എന്ന പേരുവന്നത്. പാലക്കാട് പ്രദേശങ്ങളില്‍ വല്ലി എന്നാല്‍ കൃഷിപ്പണിയുടെ പ്രതിഫലം എന്നര്‍ത്ഥം.
കൃഷിപ്പണിക്ക് ഉപയോഗിക്കുന്ന കുട വല്ലിക്കുടയായി. കൃഷിയുടെ മറ്റുസന്ദര്‍ഭങ്ങളിലും മഴയുണ്ടെങ്കില്‍ ഓലക്കുട ഉപയോഗിക്കും. കുഴിവ് അധികമുളള കുടകളാണിവ. കന്നുപൂട്ടുന്നവര്‍ കാലില്ലാത്ത തൊപ്പിക്കുടയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മത്സ്യബന്ധനത്തിനു പോകുന്നവര്‍ ചെറിയ തൊപ്പിക്കുടയാണ് തലയില്‍ ധരിക്കുന്നത്. ഇതിനെ അപേക്ഷിച്ച് അല്പം വിസ്താരം കൂടിയതാണ് കന്നുപൂട്ടുന്നവര്‍ ഉപയോഗിക്കുന്ന കുട.
സ്ത്രീപുരുഷഭേദമനുസരിച്ച് കുടയുടെ ആകൃതിക്ക് വ്യത്യാസം ഉണ്ടായിരിക്കും. മേല്‍പ്പറഞ്ഞ കളക്കുട രണ്ടുപേരും ഉപയോഗിച്ചിരുന്നു. സ്ത്രീകള്‍ ചെറിയ കാലുളള കളക്കുടയും പുരുഷന്മാര് കാലില്ലാത്ത കളക്കുടയും ഉപയോഗിച്ചുവന്നു. കളക്കുടയുടെ ‘കാല്’ പിടിച്ച് നടക്കാനും, ഞാറ് പറിച്ചുനടുമ്പോഴും കളപറിക്കുമ്പോഴും കാല് അവരുടെ ദേഹത്ത് ചേര്‍ത്ത് കുട നിര്‍ത്താനും ഉപയോഗിച്ചിരുന്നു. പുരുഷന്മാര് ഇവയെ ദേഹത്ത് ചേര്‍ത്ത് നിര്‍ത്തിയിരുന്നത് ഒരു ചരടിന്റെ സഹായത്താലാണ്. എന്നാല്‍ കന്നുപൂട്ടുക, വരമ്പ് കൊത്തുക എന്നീ കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര് തൊപ്പിക്കുടയാണ് ധരിക്കുക.
കൃഷിയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും പോകുന്നവര്‍ നീളമുളള കാലോടുകൂടിയ സാധാരണ കുടയാണ് ഉപയോഗിച്ചുവന്നത്.
ഉത്തരകേരളത്തിലെ ബ്രാഹ്മണസ്ത്രീകള്‍ കാല് അധികം നീളമില്ലാത്ത വലിയ കുടയാണ് എടുത്തുവന്നിരുന്നത്. ഇതിനെ ‘മറക്കുട’ എന്നു പറഞ്ഞുവരുന്നു. ഈ കുട മറച്ചുപിടിച്ചാല്‍ ദേഹത്തിന്റെ മുക്കാല്‍ ഭാഗം മറഞ്ഞുനില്ക്കും. മറയ്ക്കാന്‍ ഉപയോഗിക്കുന്ന കുട എന്ന നിലയ്ക്കാകണം ഇവയ്ക്ക് ‘മറക്കുട’ എന്ന പേരുവന്നത്.
ഇതിന് കളക്കുടയ്ക്ക് ഉളളതുപോലെ കുഴിവില്ല; മറിച്ച് പരപ്പാണുളളത്. പുരുഷന്മാരാകട്ടെ കാല് നീളമുളള കുടയാണ് എടുക്കുക. വണ്ണംകുറഞ്ഞ മുളമ്പാണ് കാലിന് ഉപയോഗിക്കുന്നത്. ഇതിന് ഏഴു കമ്പവരെ ഉണ്ടാകും. പെണ്‍കുട്ടികള്‍ എടക്കുന്ന ചെറിയ വട്ടക്കുടകളും നിലവിലുണ്ടായിരുന്നു. ഇവയെ ‘കന്നിക്കുട’ എന്നുപറഞ്ഞുവന്നു. നമ്പൂതിരിമാരുടെ വിവാഹത്തിന് മുന്‍കാലങ്ങളില്‍ വരന് ഓലക്കുട എടുക്കണമെന്നാണ് നിയമം. അതിന് ഏഴുകമ്പുവേണമെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. ‘വേളി’ക്ക് ഉപയോഗിക്കുന്ന ഇത്തരം കുടകള്‍ക്ക് ‘വേളിക്കുട’ എന്നുപറയും. ഈ കുടയുടെ പുറംഭാഗം ‘ചേടി’ കൊണ്ടലങ്കരിക്കാറുണ്ട്. ഉത്തരകേരളത്തിലെ സംസാരഭാഷയില്‍ വെളുത്ത കളിമണ്ണിനാണ് ‘ചേടി’ എന്നുപറയുന്നത്.
അത്യുത്തരകേരളത്തിലെ തീയര് തുടങ്ങിയ സമുദായക്കാരുടെ കാവുകളിലും കഴകങ്ങളിലും ഉത്സവത്തിന് കുടപിടിക്കുവാന്‍ പ്രത്യേകം അവകാശപ്പെട്ട വ്യക്തികള്‍ ഉണ്ടാകും. അവരെ ‘കൊടക്കാരന്‍’എന്നാണ് വിളിക്കുക. ഇയാള്‍ പ്രസ്തുതസമുദായത്തില്‍പ്പെട്ടവന്‍ തന്നെയായിരിക്കും. സവര്‍ണ്ണദേവാലയങ്ങളിലും മറ്റുസമുദായക്കാരുടെ കാവുകളിലും മലയാളബ്രഹ്മണക്ഷത്രിയഭവനങ്ങളിലും മറ്റുസമുദായക്കാരുടെ വീടുകളിലും ആണ്ടോടാണ്ട് കുട കൊടുക്കേണ്ട അവകാശം കണിശന്‍മാര്‍ക്കും മറ്റുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: