‘അമ്മേ, ഇന്നുംവരുമോ പാമ്പ്’ കുട്ടികളുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് മാതാപിതാക്കള്‍. ഏത് നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ, ഇഴജന്തുക്കള്‍ കയറി ഇറങ്ങുന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന കാര്‍ത്ത്യായനിയും ഭര്‍ത്താവും രണ്ട് ആണ് മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമടങ്ങുന്ന 14 അംഗ കുടുംബത്തിന്റെ ദുരവസ്ഥയാണിത്.
കുണ്ടംകുഴിക്ക് അടുത്ത് ബിഡിക്കണ്ടം എന്ന സ്ഥലത്ത് വീടും, കുടിവെള്ളവും, വൈദ്യുതിയും ഇല്ലാതെ നരകതുല്യ ജീവിതം നയിക്കുകയാണ് ഒരു നിര്‍ധന പട്ടിക വര്‍ഗ്ഗ കുടുംബം. ഓലയും പ്ലാസ്റ്റിക് ഫീറ്റും കുറച്ച് ഓടുകളും ഉപയോഗിച്ച് പാറപുറത്ത് കുത്തി ഉയര്‍ത്തിയ വീട്ടിലാണ് എസ്ടി മാവിലാന്‍ സമുദായത്തില്‍പ്പെട്ട ഇവര്‍ കഴിയുന്നത്. പകല്‍പോലും ഈ വീട്ടിനകത്തേക്ക് മുഴുവനായും വെളിച്ചമെത്താറില്ല.
കത്തിച്ചു വെയ്ക്കുന്ന മണ്ണെണ്ണ വിളക്കില്‍ നിന്നോ, ഭക്ഷണം പാകം ചെയ്യുന്ന അടുപ്പില്‍ നിന്നോ തീപ്പോരി പറന്നാല്‍ ഇല്ലാതാകാവുന്ന അപകടകരമായ അവസ്ഥയില്‍ ജീവിക്കുകയാണ് ഈ കുടുംബം.
പേടിയില്ലാതെ കൊച്ചുമക്കളെയും കൊണ്ട് കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു കൊച്ചു കൂരയ്ക്കായി കര്‍ത്ത്യായനി മുട്ടാത്ത വാതിലുകളില്ല. ഊരുകൂട്ടത്തിലും പഞ്ചായത്തിലും വീടിന് നല്കിയ അപേക്ഷ വാങ്ങിവെച്ച് രശീത് കൊടുത്തതല്ലാതെ ഇന്നുവരെ അധികൃതര്‍ ഇവര്‍ക്കു മുന്നില്‍ കണ്ണുതുറന്നിട്ടില്ല. 2015 ല്‍ രണ്ട് തവണ വീടിനായി നല്കിയ അപേക്ഷ അധികൃതര്‍ തള്ളിക്കളയുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
കാര്‍ത്ത്യായനി(57), ഭര്‍ത്താവ് രാമകൃഷ്ണന്(69), മൂത്തമകന് മണികണ്ഠന്(38), ഭാര്യ സുഗന്ധി(28), പെണ്‍കുട്ടികളായ മായ(15), മിത്ര(2), മന്യ(14), മീര(9), മകന് മിഥുന് (4), രണ്ടാമത്തെ മകന് ജയരാമന്(ചന്ദ്രന്-34), ഭാര്യ സുനിത(28), ആണ്‍കുട്ടികളായ വൈഷ്ണവ്(11), വൈശാഖ്(ഒന്ന്), മകള്‍ അശ്വതി(7) എന്നിവരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. കൂലിപ്പണിയെടുത്താണ് ഇവര്‍ കുടുംബം നോക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളാല്‍ ചന്ദ്രന് പലപ്പോഴും പണിക്ക് പോകാന്‍ കഴിയാറില്ല.
മഴക്കാലമായതോടെ ചൊര്‍ന്നൊലിക്കുന്ന ഈ വീട്ടില്‍ കുട്ടികളുടെ പുസ്കങ്ങള് നനയാതെ വെയ്ക്കാന്‍ കഷ്ടപ്പെടുകയാണ് മാതാപിതാക്കള്‍. ഇടിയും മിന്നലുമുള്ള സമയത്ത് വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീഴുമ്പോള്‍ പിടയ്ക്കുകയാണ് നെഞ്ചെന്ന് ജയരാമന് പറഞ്ഞു. ഇവരുടെ വീടിന് മുകളില്‍ കൂടിയാണ് എച്ച്ടി ലൈന്‍ കടന്ന് പോകുന്നത്.
കഴിഞ്ഞ വര്‍ഷത്തെ കാറ്റിലും മഴയിലുമാണ് വീട് ഒരുവശത്തേക്ക് ചരിഞ്ഞ് വീഴാറായ നിലയിലായതെന്ന് വീട്ടുകാര്‍ പറയുന്നു. ശക്തമായ കാറ്റില്‍ ഷീറ്റുകള്‍ പാറി മഴവെള്ളം അകത്ത് വീഴുന്നത് പതിവാണ്.
തൊട്ടടുത്ത കരിങ്കല്‍ ക്വാറിയില്‍ നിന്ന് പാറപ്പൊട്ടിക്കുമ്പോള്‍ കല്ലുകള്‍ പലപ്പോഴും വന്ന് പതിക്കുന്നത് ഇവരുടെ മുറ്റത്താണ്. ഒരു തവണ ജയരാമന് പാമ്പിന്റെ കടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മഴക്കാലം തുടങ്ങിയതോടെ ഇവരുടെ വീടും പരിസരവും പാമ്പുകളുടെ നിത്യ സന്ദര്‍ശന കേന്ദ്രമായി മാറിയിരിക്കുകയാണ്. മഴ ശക്തമായതോടെ കൊച്ചുമക്കളെയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് കാര്‍ത്ത്യായനിയും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: