ശബരിമല സ്വര്‍ണ്ണക്കൊടിമരത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സ്വര്‍ണ്ണക്കൊടിമര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്വര്‍ണ്ണപ്പറകള്‍ കൊടിമരത്തില്‍ സ്ഥാപിച്ച് പ്രതിഷ്ഠയ്ക്ക് സജ്ജമാക്കി. ഇന്നു രാവിലെ 11.50 നും 1.40 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ.
ഇന്നലെ ഗണപതിഹോമം, നേത്രോന്മീലനം, മുളപൂജ, തത്ത്വഹോമം, തത്ത്വകലശം, ജലോദ്ധാരം, ജലദ്രോണി പൂജ, ശയ്യാപൂജ, ജീവകലശപൂജ, ബ്രഹ്മകലശ പൂജ, പരികലശ പൂജ, അധിവാസ ഹോമം, അധിവാസ പൂജ എന്നിവ നടന്നു. ഇന്നു രാവിലെ ഗണപതിഹോമം, ശയ്യയില്‍ ഉഷഃപൂജ, ധ്വജ പരിഗ്രഹണം എന്നീ ചടങ്ങുകള്‍ക്കു ശേഷമാണ് കൊടിമര പ്രതിഷ്ഠ നടക്കുക.
ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മ്മികത്വം വഹിക്കും. മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരി സഹകാര്‍മികനാകും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ മന്ത്രിമാര്‍, എംപിമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചടങ്ങുകളോടനുബന്ധിച്ച് ഭക്തജന സഹസ്രങ്ങളുടെ ശരണാരവങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് സന്നിധാനവും പരിസരവും. കൊടിമരത്തില്‍ പ്രതിഷ്ഠിക്കാനുള്ള വാജിവാഹനം, അഷ്ടദിക് പാലകര്‍ എന്നീ സ്വര്‍ണ്ണ വിഗ്രഹങ്ങള്‍ ജലാധിവാസത്തിന് ശേഷം പുലര്‍ച്ചെ പുറത്തെടുക്കും.
കൊടിമര പ്രതിഷ്ഠ കഴിഞ്ഞുള്ള ആദ്യ കൊടിയേറ്റ് ഉത്സവത്തിന് 28ന് തുടക്കമാകും. 15 സ്വര്‍ണ്ണ പറകളാണ് കൊടിമരത്തിനുള്ളത്.
ഒമ്പതര കിലോഗ്രാം സ്വര്‍ണ്ണമാണ് കൊടിമരത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഹൈദരാബാദിലെ ഫിനിക്സ് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചാരിറ്റബിള്‍ വിഭാഗമായ ഫിനിക്സ് ഫൗണ്ടേഷനാണ് കൊടിമരം ഭഗവാന് വഴിപാടായി സമര്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: