കളിവിളക്കിന് മുന്നില്‍ മഞ്ജുവേഷങ്ങള്‍ ആടിത്തിമിര്ക്കുമ്പോള് പിന്നില്‍ മദ്ദളത്തില്‍ ദേവവാദ്യത്തിന്റെ ശുദ്ധതാളമൊരുക്കി പ്രേക്ഷകരെ ആസ്വാദനത്തിന്റെ ഗിരിശൃംഗത്തില്‍ എത്തിക്കുകയാണ് കലാമണ്ഡലം അച്യുതവാര്യര്‍ എന്ന മദ്ദളവാദകന്‍. മുപ്പതുവര്‍ഷമായി കഥകളിമേളത്തിലെ നിറസാന്നിധ്യമാണ് ഓണാട്ടുകരയുടെ ഈ കലാകാരന്. ചേപ്പാട് വെട്ടിക്കുളങ്ങര വടക്കേവാര്യത്ത് എ.ശങ്കരവാര്യരുടേയും എം.എസ് ശ്രീദേവിയമ്മയുടെയും മകന് പാരമ്പര്യമായി കിട്ടിയതാണ് കല. കഥകളിയും നാടകാഭിനയവും ജീവിതവ്രതമാക്കിയ അച്ഛന് വൈക്കം മാളവിക എന്ന നാടകസമിതിയുടെ അമരക്കാരനായിരുന്നു. മുത്തച്ഛന് അച്യുതവാര്യര്‍ സംസ്കൃതപണ്ഡിതനായിരുന്നു.
ചെറുപ്പത്തില്‍ ഗഞ്ചിറവായിക്കുമായിരുന്ന അച്യുതന്റെ മേളത്തോടുള്ള അഭിരുചി മനസ്സിലാക്കി അച്ഛന് ശങ്കരവാര്യര് മദ്ദളം പഠിക്കാന്‍ നിര്‍ദ്ദേശിച്ചു. അച്ഛന്റെ ആഗ്രഹം ശിരസാവഹിച്ച് പതിനാലാം വയസ്സില്‍ ഏവൂര്‍ കുട്ടപ്പന്നായര് ആശാന്റെ കീഴില്‍ മദ്ദളത്തിലെ ബാലപാഠങ്ങള്‍ പഠിച്ചു. പിന്നീട് കലാമണ്ഡലം നാരായണന്‍കുട്ടി നമ്പീശന്റെയും നെല്ലുവായ് നാരായണന് നായരുടെയും കീഴില്‍ കലാമണ്ഡലത്തിലായിരുന്നു തുടര്‍ പഠനം. നാലുവര്‍ഷത്തെ പഠനത്തിനുശേഷം വെട്ടിക്കുളങ്ങരക്ഷേത്രത്തില് അരങ്ങേറ്റം.
ആട്ടവിളക്കിനു മുന്നില്‍ മടവൂര്‍ വാസുദേവന്‍നായരും കലാമണ്ഡലം ഗോപിയും മുദ്രകള്‍കൊണ്ട് സദസ്സിനെ കീഴടക്കുമ്പോള്‍ ഇവര്‍ക്കൊപ്പം മദ്ദളത്തില്‍ മികവു പുലര്‍ത്തി അച്യുതവാര്യരും നിലകൊണ്ടു. കഥകളിപ്പദങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠനേടിയ കലാമണ്ഡലം ഹൈദരാലി, വെണ്മണി ഹരിദാസ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും അച്യുതവാര്യരുടെ മനസ്സിലെ നിറമുള്ള ഓര്‍മ്മകളാണ്. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടയ്ക്കല്‍ മധു, കലാമണ്ഡലം സജീവ് തുടങ്ങിയ പുതുനിരക്കാര്ക്കൊപ്പവും മദ്ദളത്തില്‍ നാദവൈഭവം തീര്‍ത്ത് ആട്ടവിളക്കിനുപിന്നില് അച്യുതവാര്യര്‍ തന്റെ തുകല്നാദ സപര്യ തുടരുകയാണ്.
നളചരിതം കഥ രംഗത്ത് അവതരിപ്പിക്കുമ്പോള്‍ അച്യുതന് പ്രത്യേക ഒരു ഊര്‍ജ്ജമാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.വിരലുകള്‍ക്ക് വേഗം കൈവരും. അത് നാദബ്രഹ്മമായി ആകര്ഷിക്കാറുണ്ടന്ന് ആരാധകരും പറയുന്നു. കഥകളിസംഗീതത്തിന് മികവുനല്‍കാന്‍ വാദ്യക്കാരുടെ പങ്ക് ചെറുതല്ല. ഇതിന് ആത്മാര്‍ത്ഥമായ അര്‍പ്പണ മനസ്സും ഈശ്വരാധീനവും വേണമെന്ന് അച്യുതവാര്യര്‍. ഈ ദൈവികമായ കല അഭ്യസിച്ചതും അതിന്റെ ഭാഗമായിമാറാന്‍ കഴിഞ്ഞതും പൂര്വ്വജന്മസുകൃതമാണെന്നും അദ്ദേഹം പറയുന്നു.
1986 ല്‍ ഹരിപ്പാട് കഥകളി ക്ലബ്ബിന്റെ പുരസ്കാരം ലഭിച്ചു. തുടര്‍ന്ന് 2001 ല്‍ ശ്രീവല്ലഭ പുരസ്കാരം, 2005 ല്‍ കോട്ടയം കളിയരങ്ങിന്റെ മങ്ങാനം രാമപ്പിഷാരടി സ്മാരക പുരസ്കാരം, 2012 ല്‍ ആലപ്പുഴ കഥകളി ക്ലബ്ബിന്റെ നാരായണന് നായര്‍ സ്മാരക അവാര്‍ഡ്, 2013 ല്‍ വാരണാസി മാധവന് നമ്പൂതിരി സ്മാരക യുവപുരസ്ക്കാരം, 2015 ല്‍ പത്തനംതിട്ട കഥകളി ക്ലബ്ബിന്റെ നാട്യഭാരതി അവാര്‍ഡ്, 2017 ല്‍ എറണാകുളം കഥകളിക്ലബ്ബിന്റെ തൗരത്രിക പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ അച്യുതവാര്യരെ തേടിയെത്തി.
ഇതിനിടയില്‍ അമേരിക്ക, കാനഡ, ദുബായ്, മസ്ക്കറ്റ്, എന്നീ വിദേശരാജ്യങ്ങളിലും ഷിംല, ബംഗളൂരു, രാജസ്ഥാന്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും കഥകളി സംഘത്തിനൊപ്പം മദ്ദളവാദനം നടത്തി. ഭാര്യ ബിന്ദു, മക്കളായ ശ്രീരാജ്, അമൃത എന്നിവരോടൊപ്പം ആലപ്പുഴ കളര്‍കോട് സനാതനപുരം വാര്‍ഡില്‍ പുത്തന്‍ വാര്യത്താണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: