ആയുര്‍വേദത്തിന്റെ കുലദൈവമായ ധന്വന്തരിയെ നമിച്ചേ ഇനി മുന്നോട്ടുള്ളൂ. തൃശ്ശൂരിലെ കുട്ടനെല്ലൂരിലുള്ള ഔഷധിയുടെ ആസ്ഥാനത്ത് ധന്വന്തരിയുടെ ഈ പ്രതിഷ്ഠ അനുഗ്രഹമാണ്. ഒരു പക്ഷേ, ആ അനുഗ്രഹം കൊണ്ടു കൂടിയാവാം കേരളത്തിലെ പോതുമേഖലാ സ്ഥാപനങ്ങളില്‍ ഔഷധി ഇപ്പോഴും തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നത്. ലാഭത്തിന്റെ അമ്പരപ്പിക്കുന്ന കോടിക്കണക്കുകളില്ല, പക്ഷേ, ആയുര്‍വേദ മരുന്നു നിര്‍മാണത്തിലും വിതരണത്തിലും ഇന്ത്യയിലാകെ നിറഞ്ഞു നില്ക്കുന്ന നാമമായി ഔഷധി വളര്‍ന്നു കഴിഞ്ഞു. ഈ മരുന്നു മരം മണ്ണില്‍ ആഴത്തില്‍ വേരോടിച്ചു കഴിഞ്ഞു. ഇനി കാലത്തിനൊത്ത് പന്തലിക്കണം. അതിനുള്ള തയാറെടുപ്പിലാണ് ഔഷധി.
കൊച്ചി രാജാവായിരുന്ന, മിടുക്കന് തമ്പുരാന് എന്നു കൂടി വിളിപ്പേരുള്ള, വിഷവൈദ്യത്തില്‍ പ്രാവീണ്യം നേടിയിരുന്ന, സംസ്കൃത പണ്ഡിതനായിരുന്ന കേരള വര്‍മ ആറാമനാല് സ്ഥാപിതം എന്ന ഭൂതകാലത്തില്‍ നിന്ന് എത്രയോ അകലെയാണിപ്പോള്‍ ഔഷധി.
കുട്ടനെല്ലൂരിലും കണ്ണൂരിലെ പരിയാരത്തും മരുന്നു നിര്‍മാണ ഫാക്ടറികള്‍. പരിയാരത്തും പത്തനാപുരത്തും തിരുവനന്തപുരത്തെ ആരോഗ്യ ഭവനിലും നേരിട്ടുള്ള വിതരണ സംവിധാനം.
നിര്‍മാണ, വിതരണ ശൃംഖല
കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമായി ഏജന്‍സികള്‍ മുഖാന്തിരമുള്ള വിതരണ ശൃംഖല വേറെ. പരമ്പരാഗതവും ഗവേഷണത്തിലൂടെ വികസിപ്പിച്ചതുമായ 450 ഇനം ആയുര്‍വേദ ഉത്പന്നങ്ങളാണ് ഔഷധി വിപണിയില്‍ എത്തിക്കുന്നത്. കഷായവും അരിഷ്ടവും തൈലവും എണ്ണയും മുതല്‍ കൊതുകു നിവാരണിയും മുഖകാന്തിക്കുള്ള ഫേസ്പായ്ക്കും വരെയുണ്ട് ഔഷധിയുടെ മരുന്നുശേഖരത്തില്‍. ഇതില്‍ ഇരുപത്താറ് ഉത്പന്നങ്ങള്‍ പേറ്റന്റ് നേടിയവയാണ്.
സര്‍ക്കാര്‍ നേരിട്ടു നടത്തുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്നതുമെല്ലാം ഉള്‍പ്പെടെ കേരളത്തിലെ ആയുര്‍വേദ ആശുപത്രികളില്‍ വിതരണം ചെയ്യുന്നത് ഔഷധിയുടെ മരുന്നുകള്‍ മാത്രമാണ്. മധ്യപ്രദേശ്, ദല്‍ഹി, ഛത്തീസ്ഗഡ്, പോണ്ടിച്ചേരി, രാജസ്ഥാന്, ഒറീസ തുടങ്ങി പതിനേഴു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നെത്തിക്കുന്നത് ഔഷധി തന്നെ.
കര്‍ണാടകത്തില്‍ നിന്ന് നേരിട്ട് പന്ത്രണ്ടു കോടിയുടെ കരാര്‍ ലഭിച്ചിരിക്കുന്നു. ഔഷധിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണിത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മരുന്നുകള്‍ ഔഷധിയില്‍ നിന്നു നേരിട്ടു വാങ്ങാവുന്നതാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ശ്രമം തുടരുകയാണ്. വിദേശത്തും സാധ്യതകള്‍ ഏറെയാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ ചില തടസ്സങ്ങളുയര്ത്തുന്നുണ്ട്. ഇതിനെ അതിജീവിക്കുക അത്ര എളുപ്പമല്ല. ഭാവിയില്‍ ഈ സാധ്യത കൂടി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും ഔഷധി തുടക്കമിട്ടു കഴിഞ്ഞു.
നിരവധി വമ്പന്‍ കമ്പനികളുടെ സാന്നിധ്യമുണ്ട് ഈ രംഗത്ത്. ആയുര്‍വേദ മരുന്നുകള്‍ മാത്രമല്ല, ഭക്ഷ്യോത്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നവര്‍. അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ കോടിക്കണക്കിനു രൂപ മുടക്കി പരസ്യം നല്കി അതിനിരട്ടിക്കോടികള് തിരിച്ചു പിടിക്കുന്നവര്‍. അവരോടു മത്സരിക്കുന്നില്ല ഔഷധി. ഒരു പക്ഷേ, ഔഷധിയുടെ മരുന്നുകള്‍ ഉപയോഗിക്കുന്ന ഓരോരുത്തരും ബ്രാന്‍ഡ് അമ്പാസഡര്‍മാരായി മാറുന്നു. ഉപയോഗിക്കുന്ന മരുന്നുകളുടെ ഗുണങ്ങളെക്കുറിച്ച് അവര്‍ മറ്റുള്ളവരോടു പറയുന്നു. തലവേദനയ്ക്ക് പാരാസെറ്റമോളിനേക്കാള് ഗുണം ചെയ്യും ഔഷധിയുടെ സുദര്‍ശനം ഗുളികയെന്നു അനുഭവസ്ഥര്‍ പറയുന്നു.
വിട്ടുവീഴ്ചയില്ലാത്ത സാമൂഹ്യപ്രതിബദ്ധത
ഇതൊക്കെ ശരിതന്നെ. എന്നാല്‍ വമ്പന്‍ കുത്തകകളോടു പിടിച്ചു നില്ക്കാന് മാര്‍ക്കറ്റിങ്ങില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതല്ലേ എന്നു ചോദിക്കുമ്പോള്‍, അതെ എന്നു തന്നെയാണ് ഔഷധി മാനേജിങ് ഡയറക്ടര്‍ കെ.വി. ഉത്തമന് നല്കുന്ന ഉത്തരം. എന്നാല്‍ അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണം കൂടി കേള്‍ക്കണം.
പരസ്യങ്ങള്‍ക്കും മറ്റുമായി കോടിക്കണക്കിനു രൂപ ചെലവഴിച്ച്, അതിനേക്കാള്‍ കോടികള്‍ തിരിച്ചു പിടിക്കുന്ന തന്ത്രം ഔഷധിക്ക് സ്വീകരിക്കാന്‍ കഴിയില്ല. ആയുര്‍വേദ നിര്‍മാണവും വിതരണവും എന്നതിനപ്പുറം ഏറെ പ്രാധാന്യത്തോടെ സാമൂഹ്യപ്രതിബദ്ധമായ കടമ കൂടി നിര്‍വഹിക്കാനുണ്ട്.
ആയുര്‍വേദ ആശുപത്രികളില്‍ ചികിത്സക്കായി എത്തുന്ന സാധാരണക്കാരായ രോഗികള്‍ എപ്പോഴും ഔഷധിയുടെ കാഴ്ചയിലുണ്ട്. അവര്‍ക്ക് താങ്ങാവുന്നതിനപ്പുറം വില ഈടാക്കാന്‍ കഴിയില്ല. മാത്രമല്ല, ആയുര്‍വേദ മരുന്നുകളുടെ വിലനിയന്ത്രണവും ഔഷധിയുടെ ഉത്തരവാദിത്തവുമാണ്. ഇത്തരം കടമകള്‍ ഏറ്റെടുക്കുമ്പോള്‍ വമ്പന്‍ കുത്തകകളോടു മത്സരിക്കാനോ പരസ്യത്തിനായി കോടികള്‍ മുടക്കാനോ കഴിയില്ല. ഔഷധങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയും വരുത്താനുമില്ല, ഉത്തമന് പറയുന്നു.
കാലത്തിനനുസരിച്ചുള്ള മാറ്റത്തെക്കുറിച്ച് മറ്റു ചില ആശയങ്ങളാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ നിന്ന് ഔഷധിയെ നയിക്കാനെത്തിയ ഉത്തമന് മുന്നോട്ടു വയ്ക്കുന്നത്. പാരമ്പര്യ, ഗോത്ര, നാട്ടു വൈദ്യരീതികളെ ആധുനികകാലവുമായി ബന്ധപ്പെടുത്താനുള്ള നീക്കമാണ് അതിലൊന്ന്. വിഷചികിത്സയടക്കം അമൂല്യമായ ഈ ചികിത്സാരീതികള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. ഇവ അന്യം നിന്നു പോകാനാണ് സാധ്യത. ഈ സമ്പ്രദായങ്ങളെ എങ്ങനെ ഔഷധിയുടെ പ്രവര്‍ത്തന പരിധിയില്‍ ഉള്ക്കൊള്ളിക്കാനാവുമെന്ന ചര്‍ച്ച സജീവമാണ്.
ഔഷധ സസ്യകൃഷിക്കുള്ള പ്രോത്സാഹനം
പച്ചമരുന്നുകള്‍ കിട്ടാനുള്ള പ്രധാനമാര്‍ഗമായ വനമേഖലയെ പരമാവധി പ്രയോജനപ്പെടുത്താനുള്ള വിപുലമായ പദ്ധതിയാണ് മറ്റൊന്ന്. കാട്ടില്‍ കയറി മരുന്നു ശേഖരിക്കുന്നതിന് തടസ്സങ്ങള്‍ ഏറെയാണ്. വനവാസികളെക്കൂടി ഉള്‍പ്പെടുത്തുന്ന പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. വനസംരക്ഷണ സമിതികള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ട്.
പച്ചമരുന്നുകള്‍ വനസംരക്ഷണ സമിതികളില്‍ നിന്നു നേരിട്ടു സ്വീകരിക്കാന്‍ ഔഷധി തയാറാണ്. ആവശ്യം അതിനേക്കാള്‍ ഏറെയാണ്. അതു കൊണ്ടാണ് ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ ഔഷധി തയാറെടുക്കുന്നത്. വനം വകുപ്പുമായി ധാരണയായിക്കഴിഞ്ഞു. പത്ത് വനവാസിമേഖലകളില്‍ ഔഷധ സസ്യകൃഷിക്കുള്ള സഹായം ഔഷധി നല്കുന്ന പദ്ധതിയാണിത്. ഒരു ഉത്പന്നം നിര്‍മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ ഏത് സമൂഹത്തില്‍ നിന്ന് സ്വീകരിക്കുന്നോ ആ സമൂഹത്തിന് അതിന്റെ പ്രയോജനം ലഭിക്കണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി, ഉത്തമന് വിശദീകരിക്കുന്നു.
ചികിത്സാരംഗത്തു കൂടി ശ്രദ്ധ പതിപ്പിക്കണമെങ്കില്‍ വലിയ സാമ്പത്തിക നിക്ഷേപം ആവശ്യമാണ്. എന്നാല്‍ തൃശ്ശൂരിലെ പഞ്ചകര്‍മ ആശുപത്രിയെ വിപുലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അമ്പതു പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വിദേശത്തു നിന്ന് ആയുര്‍വേദ ചികിത്സക്കായി എത്തുന്നവര്‍ക്ക് ഇവിടെ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
ആയുര്‍വേദരംഗത്ത് ലോകോത്തര നിലവാരം 2020ഓടെ കൈവരിക്കുക എന്നു ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഔഷധി ചെയര്മാന് കെ.ആര്. വിശ്വംഭരന് പറയുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ടു മാത്രമേ ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാനാവൂ. ക്യാന്‍സര്‍, ഓട്ടിസം തുടങ്ങിയ രോഗങ്ങള്‍ക്ക് എങ്ങിനെ ആയുര്‍വേദത്തിലൂടെ ആശ്വാസം നല്കാനാവുമെന്ന കാര്യത്തില്‍ ഗവേഷണം തുടരുന്നുണ്ട്. ഇതിനെല്ലാമിടയിലും ആയുര്‍വേദം മികച്ച ജീവിതരീതി കൂടിയാണെന്ന തരത്തിലുള്ള അവബോധവും സമൂഹത്തില്‍ ഉണ്ടാവേണ്ടതുണ്ട്. മരുന്നു നിര്‍മിക്കുക, വിതരണം ചെയ്യുക എന്നിവയില്‍ മാത്രമല്ല ആയുര്‍വേദത്തിന്റെ സമഗ്രമായ വികസനത്തില്‍ ഔഷധിക്ക് ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്. വ്യവസായം എന്ന നിലയില്‍ മുന്നേറ്റത്തിനു ശ്രമിക്കുമ്പോള്‍ത്തന്നെ സമൂഹത്തോടുള്ള കടമയും മറക്കില്ല, വിശ്വംഭരന് പറയുന്നു.
ആയുര്‍വേദ സസ്യസമ്പത്തിന്റെ സംരക്ഷണം
ദേശീയ പരിസ്ഥിതി ദിനത്തില്‍ മറ്റൊരു പ്രവര്‍ത്തനത്തിനു കൂടി തുടക്കമിട്ടു ഔഷധി. രണ്ടരലക്ഷം വൃക്ഷത്തൈകളാണ് ഔഷധിയുടെ നേതൃത്വത്തില്‍ നട്ടത്. കുട്ടനെല്ലൂരിലെ ഔഷധി ആസ്ഥാനത്തെ ഒന്നരകിലോമീറ്റര്‍ വളപ്പിന്റെ അതിര്‍ത്തിയില്‍ ഔഷധസസ്യവേലി എന്ന ആശയം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു.
പറമ്പുകളുടെ അതിര്‍ത്തിയില്‍ വേലിക്കെട്ടുകള്‍ മാത്രമുണ്ടായിരുന്ന കാലത്തെക്കൂടി ഓര്‍മിപ്പിക്കും ഈ ഔഷധസസ്യവേലിയെന്നു പറയുന്നു എംഡി ഉത്തമന്. ഔഷധസസ്യങ്ങള്‍ വച്ചു പിടിപ്പിച്ച് ഒരു വേലി നിര്‍മിക്കുകയാണിവിടെ. ആയുര്‍വേദ സസ്യസമ്പത്ത് സംരക്ഷണം എന്ന വലിയ ദൗത്യം കൂടിയാണ് ഏറ്റെടുക്കുന്നതെന്നും ഉത്തമന് കൂട്ടിച്ചേര്‍ത്തു.
പരിയാരത്ത് വിപുലമായ ഔഷധ സസ്യ ഉദ്യാനം ഈ മാസം 24ന് ഉദ്ഘാടനം ചെയ്യുകയാണ്. ഔഷധസസ്യങ്ങളുടെ വിപുലമായ ലോകം പരിചയപ്പെടുത്താനാണിത്. ഇവിടെയെത്തുന്ന കുട്ടികള്‍ക്ക് ഒരു ചെടിയും ചെടികളുടെ ഔഷധപ്രാധാന്യവും ആ ചെടിയില്‍ നിന്ന് നിര്‍മിക്കുന്ന മരുന്നിനെക്കുറിച്ചും വിശദീകരിക്കുന്ന പുസ്തകവും നല്‍കും. പ്ലാന്റ് ആന്‍ഡ് എ ബുക് എന്ന ഈ പദ്ധതി പുതുതലമുറയെ ആയുര്‍വേദത്തിന്റെ പ്രാധാന്യത്തിനൊപ്പം ഔഷധി എന്ന പ്രസ്ഥാനത്തെക്കുറിച്ചും അറിയിക്കാന്‍ സഹായിക്കും.
ഗുണമേന്മയില് വിട്ടു വീഴ്ചയില്ലാത്ത ഔഷധനിര്‍മാണം, മിതമായ വിലയില്‍ വിതരണം എന്നീ കേന്ദ്രീകൃത ലക്ഷ്യങ്ങളില്‍ അടിയുറച്ചു തന്നെ വയോജനങ്ങള്‍ക്കുള്ള സാമൂഹ്യസുരക്ഷാ പദ്ധതിയടക്കമുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള ദൗത്യങ്ങള്‍ ഏറ്റെടുത്ത് ഔഷധി എന്ന പ്രസ്ഥാനം പ്രയാണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: