‘മറക്കണം പൊറുക്കണം’ ചില കാര്യങ്ങളെക്കുറിച്ചുള്ള സാരോപദേശം ഇങ്ങനെ കേള്‍ക്കാറുണ്ട്. എന്നാല്‍ മറക്കാനും പൊറുക്കാനും കഴിയാത്ത ചിലതുണ്ട്. അതാണ് അടിയന്തരാവസ്ഥ. അക്കാലയളവിലെ ബീഭല്‍സമായ സംഭവങ്ങള്‍ സൗകര്യപൂര്‍വ്വം മറച്ചുവച്ച് വലിയവായില്‍ വര്‍ത്തമാനം പറയുന്നവരുണ്ട്. അത്തരത്തില്‍പ്പെട്ട രണ്ട് അവതാരങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ കൗതുകകരമാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ”നരേന്ദ്രമോദിയുടേത് ഫാസിസ്റ്റ് ഭരണമാണ്. മാധ്യമങ്ങളെ നിര്‍ഭയമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല.”
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ രാഹുല്‍ വള്ളിനിക്കറിട്ട് നടക്കുന്ന കാലമാണ്. അഞ്ചുവയസ്സ് തികഞ്ഞിട്ടേ ഉണ്ടാകൂ. അല്ലേലും പ്രധാനമന്ത്രിയുടെ കൊച്ചുമകന് അടിയന്തരാവസ്ഥയിലും മധുരോത്സവമാണല്ലോ. എന്തായിരുന്നു അന്നത്തെ അവസ്ഥയെന്ന് രാഹുലിന് അന്നറിയില്ലെങ്കിലും ഇന്നെങ്കിലും ചോദിച്ചുമനസ്സിലാക്കണം. അതിന് ദൂരെയൊന്നും പോകേണ്ടതില്ലല്ലോ. മുഖ്യ ഉപദേഷ്ടാവ് എ.കെ.ആന്റണിയോട് ചോദിച്ചാല്‍ പോരെ. അടിയന്തരാവസ്ഥയില്‍ ഗോഹട്ടി എഐസിസിയില്‍ എ.കെ.ആന്റണി അടിയന്തരാവസ്ഥയ്ക്കെതിരെ പൊട്ടിത്തെറിച്ചു എന്നല്ലേ അവകാശപ്പെടുന്നത്.
സോഷ്യലിസത്തിന് വീഥിയിലൂടെ തേരുതെളിയിക്കുകയായിരുന്നു അന്ന് ഇന്ദിര ചെയ്തതെങ്കില്‍ എന്തിന് ആന്റണി പൊട്ടിത്തെറിച്ചു? സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയവും ഭീകരവുമായ ഒരദ്ധ്യായമാണ് 1975 ജൂണ്‍ 26 മുതല്‍ 1977 മാര്‍ച്ച് 21 വരെയുള്ള കാലഘട്ടം. ഭാരതം മുഴുവന്‍ അന്ന് ഒരു തടവറയായി മാറ്റപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിക്ക് അവരുടെ തെരഞ്ഞെടുപ്പ് കുറ്റങ്ങള്‍ക്ക് അയോഗ്യത കല്പിച്ചതിനെ തുടര്‍ന്ന് ലോകസഭാംഗത്വം നഷ്ടപ്പെട്ടതാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുള്ള മുഖ്യകാരണം എന്നുപറയാം. കോടതിവിധിയെ മറികടക്കാന്‍ വേണ്ടി ഭാരതം പോലൊരു വലിയ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം അട്ടിമറിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിച്ചു. അതിനുവേണ്ടി അവര്‍ രാഷ്ട്രപതിയെപ്പോലും ചട്ടുകമാക്കി.
ക്യാബിനറ്റില്‍ പോലും ആലോചിക്കാതെയാണ് ഇന്ദിരാഗാന്ധിയും കൂട്ടരും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും രാഷ്ട്രപതിയെക്കൊണ്ട് ഒപ്പിടുവിച്ചതും. അതിനുമുന്‍പ് തന്നെ ദല്‍ഹിയിലെ പത്രങ്ങള്‍ക്കും മറ്റുചില സ്ഥാപനങ്ങള്‍ക്കുമുള്ള വൈദ്യുതിയും വെള്ളവും തടഞ്ഞു. ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, അടല്‍ബിഹാരി വാജ്പേയ് തുടങ്ങിയ ആയിരക്കണക്കിന് നേതാക്കളെ ജയിലിലടച്ചു. നേരം വെളുക്കുന്നതിന് മുന്‍പുതന്നെ പതിനായിരക്കണക്കിന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തടവിലാക്കിക്കഴിഞ്ഞിരുന്നു.
അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞതിനുശേഷം പൗരാവകാശങ്ങള്‍ എടുത്തുകളയുകയും സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രതിപക്ഷ എം.പിമാര്‍ ഭൂരിപക്ഷവും ജയിലിലടയ്ക്കപ്പെട്ടതോടെ പാര്‍ലമെന്റും ഇന്ദിരാഗാന്ധിയുടെ കൈക്കുള്ളിലായി. മിസയും ഡിഐആറും അനുസരിച്ചായിരുന്നു മിക്കവാറും എല്ലാ അറസ്റ്റുകളും. അതുകൊണ്ട് ഈ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് കോടതികള്‍ക്കും പരിമിതികളുണ്ടായിരുന്നു.
ഈ കരിനിയമങ്ങള്‍ക്കെതിരെ ദേശവ്യാപകവും സമാധാനപരവും അനുസ്യൂതവുമായ ഒരു സമര പരിപാടി സംഘടിപ്പിക്കപ്പെട്ടു. ലോക സംഘര്‍ഷ സമിതിയാണത് നടത്തിയത്. അതിന്റെ വാര്‍ത്തകള്‍ പൂര്‍ണമായും പൂഴ്ത്തിവയ്ക്കാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതമായി.
മൊറാര്‍ജി ദേശായി പ്രസിഡന്റും, നാനാജിദേശ്മുഖ് സെക്രട്ടറിയുമായുള്ള ലോക സംഘര്‍ഷ സമിതിയാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രണ്ടുപേരും അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ എസ്.എം.ജോഷി പ്രസിഡന്റും, രവീന്ദ്രവര്‍മ്മ സെക്രട്ടറിയുമായുള്ള കമ്മിറ്റി സമരം നയിച്ചു.
പ്രചാരണ മാധ്യമങ്ങള്‍ പൊതുവിലും സര്‍ക്കാര്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ചും അടിയന്തരാവസ്ഥയുടെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടിക്കൊണ്ടിരുന്നു. ഇന്ദിരാഗാന്ധിയെ ഭാരതത്തിന്റെ ഏക രക്ഷകയായും പ്രതിപക്ഷ നേതാക്കളെ ഭീകരന്മാരായും ചിത്രീകരിച്ചു. ഇതിന്റെ ഫലമായി സത്യവാര്‍ത്താ പ്രചരണത്തിന് ഭൂഗര്‍ഭ സാഹിത്യ പ്രചാരണം അനിവാര്യമായിത്തീര്‍ന്നു.
കേരളത്തില്‍ ‘കുരുക്ഷേത്ര’യും കര്‍ണാടകയില്‍ ‘കഹ്ളെ’യും ആ ധര്‍മ്മം നിറവേറ്റി. ‘കുരുക്ഷേത്ര’യിലൂടെയാണ് പാര്‍ലമെന്റിലെ എകെജിയുടെ പ്രസംഗം സഖാക്കള്‍ വായിച്ചത്.
നരേന്ദ്രമോദി സ്വയം തിളങ്ങുകയാണെന്നാണ് അടുത്തിടെ ചിലര്‍ വേവലാതിപ്പെടുന്നത്. ‘ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ’ എന്നുപോലും അന്ന് വാഴ്ത്തിപ്പാടിയ നേതാക്കളുണ്ട്. അന്ന് സ്വതന്ത്രപത്രപ്രവര്‍ത്തനം പോയിട്ട് മഹാത്മാഗാന്ധിയുടെ ബാഡ്ജ് ധരിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. ഇന്ന് പത്രസ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്ന മാധ്യമങ്ങള്‍ അന്ന് കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴയുന്ന സ്വഭാവക്കാരായിരുന്നു. അവരാണിപ്പോള്‍ രാഹുലിന്റെ വിടുവായത്തങ്ങളെ വാനോളം പുകഴ്ത്തുന്നത്.
നരേന്ദ്രമോദിയുടെ ഭരണം വിതയ്ക്കുന്നത് ‘ഭയ’മാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രസംഗിച്ചത്. നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭയപ്പെടേണ്ടവരുണ്ട്. അത് രാജ്യദ്രോഹികളും കള്ളപ്പണക്കാരും കള്ളക്കടത്തുകാരും അവര്‍ക്ക് ഒത്താശ ചെയ്യുന്ന കുലംകുത്തികളുമാണ്. സര്‍വമാന ജനങ്ങള്‍ക്കും സുഖവും സുരക്ഷയും സംതൃപ്തിയും ലഭ്യമാക്കാനുള്ള കഠിന പ്രയത്നത്തിലാണിന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കാനത്തിന്റെ പാര്‍ട്ടി, രാജ്യത്തെ കാല്‍ച്ചുവട്ടിലാക്കിയപ്പോള്‍ എവിടെയായിരുന്നു? ബോണസ്സിനെക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തിരാവസ്ഥ എന്ന് പുകഴ്ത്തിയത് സിപിഐ അല്ലേ? നാവടക്കാനും പണിയെടുക്കാനുമുള്ള ഇന്ദിരയുടെ തിട്ടൂരത്തെ പഞ്ചപുച്ഛമടക്കി അംഗീകരിച്ച പാരമ്പര്യം സിപിഐയ്ക്ക് മാത്രമുള്ളതല്ലേ? അന്ന് സിപിഐക്ക് ഭയമേ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ അടിയന്തരാവസ്ഥ തീരേണ്ടിവന്നില്ലേ?
സിപിഐ ആയിരുന്നു കോണ്‍ഗ്രസിനു പുറമെ അടിയന്തരാവസ്ഥയെ തുറന്ന് പിന്താങ്ങിയ ഏക പാര്‍ട്ടി. ഫോര്‍വേഡ് ബ്ലോക്കിലെ ചിത്തബാസു ആര്‍എസ്പിയിലെ തൃദീപ്കുമാര്‍ ചൗധരി എന്നിവര്‍ വ്യക്തിപരമായി അടിയന്തരാവസ്ഥയെ എതിര്‍ത്തു. ആര്‍എസ്പിയുടെ കേരളഘടകം അടിയന്തരാവസ്ഥയ്ക്ക് പിന്തുണ നല്കി. മാര്‍ക്സിസ്റ്റുകള്‍ വിചിത്രമായ നിലപാടാണെടുത്തത്. അവരുടെ നേതാക്കള്‍ അടിയന്തരാവസ്ഥയെ എതിര്‍ത്ത് പാര്‍ലമെന്റിലും നിയമസഭയിലും പ്രസംഗിച്ചു. എന്നാല്‍ അടിയന്തരാവസ്ഥയ്ക്കെതിരായി സമരം നടത്തുന്നതിനോട് നിസ്സഹകരിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്കുകയുംചെയ്തു.
എ.കെ.ഗോപാലന് അസുഖബാധിതനായിരുന്നെങ്കിലും വീറോടെ ചെറുത്തു. ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിന് ഒരാഴ്ചപോലും ജയിലില്‍ കിടക്കേണ്ടിവന്നില്ല. കോണ്‍ഗ്രസ് ബാന്ധവത്തിന് സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി ഇന്ന് അതിമോഹം കാട്ടുന്നതുപോലെ അന്ന് കോണ്‍ഗ്രസ്-സിപിഎം ബന്ധത്തിന് പിബി അംഗം ബസവപുന്നയ്യ മുന്‍കയ്യെടുത്തു. എന്നിട്ടും അടിയന്തിരാവസ്ഥയെ പൊരുതി തോല്‍പ്പിച്ചത് ഞങ്ങളാണെന്നവര് അവകാശപ്പെടും.
ആ അവകാശവാദങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അന്ന് ജയില്‍വാസം അനുഭവിച്ചവരെ അംഗീകരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുമായിരുന്നു. മിക്ക സംസ്ഥാനങ്ങളും പെന്‍ഷനടക്കം നല്‍കിത്തുടങ്ങി. കേരളം മടിച്ചുനില്‍ക്കുകയാണ്. അടിയന്തരാവസ്ഥയുടെ 42-ാം വാര്‍ഷിക ദിനമാണ് 2017 ജൂണ്‍ 25. അടിയന്തരവസ്ഥ, അത് മറക്കാനാവില്ല. പൊറുക്കാനും കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: