ഇടവിട്ടുള്ള മഴയും വെയിലും കാരണം വ്യാപകമായി പകരുന്ന എച്ച്1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചപ്പനിക്കെതിരെ ശ്രദ്ധിച്ചാല്‍ തീവ്രമായ രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗമാണ് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം
- പനി വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക
- ഉപ്പിട്ട കഞ്ഞിവെള്ളം ഉള്‍പ്പെടെ ധാരാളം വെള്ളം കുടിക്കുക
- നന്നായി ഭക്ഷണം കഴിക്കുക
- നന്നായി വിശ്രമിക്കുക
- രോഗിയെ കൊതകു വലയ്ക്കുള്ളില്‍ കിടത്തുക
- പതിനായിരത്തില്‍ താഴെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞാലോ രക്ത സ്രാവത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാലോ മാത്രം പ്ലേറ്റ്ലെറ്റ് നല്കിയാല് മതി
- വ്യക്തി ശുചിത്വം പാലിക്കുക
- പരിസരം വൃത്തിയായി സൂക്ഷിക്കുക
- വീടിനുചുറ്റും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക
- ആഴ്ചയിലൊരിക്കല്‍ ഒരു മണിക്കൂര്‍ കുടുംബാഗങ്ങളെല്ലാവരും വീടും പരിസര പ്രദേശങ്ങളും വൃത്തിയാക്കുക
- വൈകുന്നേരവും രാവിലെയും വീട്ടിനുള്ളില്‍ ലിക്വഡൈസര്‍/മാറ്റ് രൂപത്തിലുള്ള കൊതുക് നാശിനികള്‍ ഉപയോഗിക്കുക
- ഉണങ്ങിയ വേപ്പില, തുളസിയില, കുന്തിരിക്കം തുടങ്ങിയ വസ്തുക്കള്‍
പുകയ്ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്
- കഴിവതും കൈകാലുകള്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക
- തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നവരും കളിക്കുന്നവരും കൊതുകളെ അകറ്റി നിര്‍ത്താന്‍ കഴിയുന്ന ലേപനങ്ങള്‍ പുരട്ടുക
- കുട്ടികളുള്‍പ്പെടെ പകല്‍ ഉറങ്ങുന്നവര്‍ കൊതുകു വലയ്ക്കുള്ളില്‍ മാത്രം കിടക്കുക
- പനിയോടൊപ്പം കഠിനമായ വയറുവേദന, വയറിളക്കം, ഛര്‍ദി, ശ്വാസ തടസം, മലത്തില്‍ രക്തം പോകുക, കറുത്ത നിറത്തിലുള്ള മലം, മൂത്രത്തില്‍ രക്ത നിറം, മോണയില്‍ അസാധാരണമായ രക്തസ്രാവം, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അടിയന്തിര വിദഗ്ധ ചികിത്സ തേടണം
- ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ വളരെയേറെ ശ്രദ്ധിക്കണം
- വെള്ളം കെട്ടിനില്ക്കാന് സാധ്യതയുള്ള വസ്തുക്കള്‍ കണ്ടെത്തി ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇല്ലാതാക്കുക
- വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന് അടിയിലെ ട്രേ, പൂച്ചട്ടികള്‍, വെള്ളം നിറഞ്ഞ ഫ്ളവര്‍ വേസ്, ഉപയോഗിക്കാത്ത ടോയ്ലെറ്റുകള്, വീടിനുള്ളില്‍ തുണികള്‍ ഉണങ്ങാന്‍ വിരിക്കുന്നയിടം ഇവിടെയെല്ലാം കൊതുകുകള്‍ മുട്ടയിട്ടു പെരുകാന്‍ കാരണമായേക്കും.
- വീടിനു പുറത്തുള്ള ടയര്‍, ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചിരട്ട, ഒഴിഞ്ഞ പ്ലാസ്റ്റിക് കവര്‍, ടയര്‍, ടാര്‍പോളിന്‍, ഉപയോഗമില്ലാത്ത പാത്രങ്ങള്‍, ഉരലുകള്‍, ആട്ടുകല്ല്, പൂച്ചെട്ടികള്‍, ഉപയോഗിക്കുന്നവയും അല്ലാത്തതുമായ ടാങ്കുകള്‍, സണ്‍ഷേഡ്, ഓര്‍ക്കിഡ് ചെടികള്‍, ചെടിച്ചട്ടികള്‍, കോഴിക്കൂടിനും പട്ടിക്കൂടിനും അകത്തുള്ള പാത്രങ്ങള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ ഇവയിലെല്ലാം വെള്ളം കെട്ടിനില്‍കാന്‍ സാധ്യത ഉണ്ട്.
എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല
- ഏത് പനിയും പകര്ച്ചപ്പനിയാകുമെന്നതിനാല് സ്വയം ചികിത്സിക്കുന്നത് പാടില്ല
- ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒറ്റമൂലികള്‍ ഉള്‍പ്പെടെയുള്ള ചികിത്സാരീതികള്‍ പരീക്ഷിക്കരുത്
- ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാതിരിക്കരുത്
- ആഹാരം ഒഴിവാക്കാന്‍ പാടില്ല
- കൊതുക് വളരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒരുതുള്ളി വെള്ളം പോലും കെട്ടി നില്ക്കാന് അനുവദിക്കരുത്
- കൊതുകു കടിയേല്‍ക്കാതിരിക്കാനുള്ള സ്വയം സംരക്ഷണമില്ലാതെ മാലിന്യം കൈകാര്യം ചെയ്യരുത്
- വീടിന് പുറത്ത് ഉറങ്ങരുത്
- രോഗികളെ സന്ദര്‍ശിക്കുവാന്‍ കുട്ടികളെ കൊണ്ടുപോകരുത്
- മുറിവുള്ളവര്‍ മലിന വെള്ളത്തിലിറങ്ങരുത്
- പനിയുള്ളവര്‍ ആവശ്യത്തിന് വിശ്രമം എടുക്കാതിരിക്കരുത്
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടാതിരിക്കരുത്
- ആശുപത്രികളില്‍ സന്ദര്‍ശക ബാഹുല്യം ഒഴിവാക്കുകയും രോഗിയോട് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കുകയും വേണം
- രോഗികള്‍ ശാരീരിക അധ്വാനം ഒഴിവാക്കണം
- മാലിന്യങ്ങള്‍ വലിച്ചെറിയരുത്
- അലക്ഷ്യമായി തുപ്പരുത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: