നിലമ്പൂര്‍: നഗരസഭയിലെ റോഡുകളില്‍ പലയിടങ്ങളിലും സീബ്രാലൈനുകളില്ലാത്തത് സ്കൂള്‍ വിദ്യാര്‍ത്ഥികളും വൃദ്ധരുമടക്കം റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടാകുന്നു. കെഎന്‍ജി റോഡില്‍ മാസങ്ങളായി റോഡിലെ സീബ്രാലൈനുകള്‍ അപ്രത്യക്ഷമായിട്ടും നടപടികളെടുക്കാതെ അധികൃതര്‍.
പ്രധാന പാതയില്‍ നിരവധി സ്ഥലങ്ങളില്‍ യാത്രക്കര്‍ക്കായി സീബ്രാ ലൈനുകള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ നിലമ്പൂര്‍ പഴയ ബസ്റ്റാന്റിനു മുന്വവശം, മഹാറാണി ജംഗ്ഷന്, യു പി സ്കൂളിന് സമീപം തുടങ്ങിയ സ്ഥലങ്ങളിലെയെല്ലാം ലൈനുകള്‍ മാഞ്ഞുപോയ നിലയിലാണ്. മറ്റിടങ്ങളിലും ഭാഗികമായി ലൈനുകള്‍ മാഞ്ഞുപോയിട്ടുണ്ട്.
തിരക്കേറിയ റോഡായതിനാല്‍ കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ പലപ്പോഴും കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. സ്കൂള്‍ വിട്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കും സീബ്രാ ലൈനുകള്‍ ഏറെ ആശ്വാസകരമായിരുന്നു.
പ്രായാധിക്യമുള്ളവര്‍ക്കും നിലമ്പൂരില്‍ റോഡ് മുറിച്ചുകടക്കുകയെന്നത് ക്ലേശകരമാണ്. മിക്കദിവസങ്ങളിലും രാവിലെയും വൈകീട്ടും റോഡില്‍ വലിയ തിരക്കാണ് അനുഭവപ്പെടാറ്.
ബസുകളുടെ മരണപ്പാച്ചിലിനു പുറമെ സ്വകാര്യവാഹനങ്ങളും ചീറിപ്പായുന്ന റോഡ്. റംസാന് മാസമായതിനാല്‍ നോമ്പുതുറക്ക് തൊട്ടുമുന്‍പുള്ള സമയങ്ങളിലും റോഡില്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ്.
ഇവക്കിടയിലൂടെ അപകടം കൂടാതെ സാധാരണക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കണമെങ്കില്‍ പ്രധാന ഇടങ്ങളിലെല്ലാം സീബ്രാലൈനുകള്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: