തൃശൂര്‍: വൈദ്യുതിബില്‍ ഇനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വന്‍കിട സ്വകാര്യ സ്ഥാപനങ്ങളും തൃശൂര്‍ കോര്പ്പറേഷന് നല്‍കാനുള്ളത് കോടികള്‍. കോര്പ്പറേഷന് വൈദ്യുതി വിഭാഗത്തിന് പിരിഞ്ഞുകിട്ടാനുള്ള തുക പന്ത്രണ്ട് കോടിയിലേറെ. 2001 മുതലുള്ള കണക്കാണിത്. മാറിമാറി അധികാരത്തിലെത്തിയ സിപിഎമ്മും കോണ്‍ഗ്രസ്സും വന്‍കിട മുതലാളിമാരെ വഴിവിട്ട് സഹായിച്ചതിന്റെ തെളിവ്.
നഗരത്തിലെ പ്രമുഖ നക്ഷത്രഹോട്ടല്‍ നല്‍കാനുള്ളത് 36ലക്ഷം രൂപയിലേറെ. പ്രമുഖ സ്വകാര്യ ആശുപത്രി നല്‍കാനുള്ളത് മുപ്പത് ലക്ഷം രൂപയോളം. ബില്‍തുക അടക്കാന്‍ ദിവസങ്ങള്‍ വൈകിയാല്‍ പാവപ്പെട്ടവന്റെ വീട്ടിലെ ഫ്യൂസ് ഊരുന്ന അധികൃതര്‍ 16വര്‍ഷം പിന്നിട്ട കടങ്ങള്പോലും വമ്പന്മാരുടെ കയ്യില്‍ നിന്ന് പിരിച്ചെടുക്കാന്‍ തയ്യാറായിട്ടില്ല.
വന്‍തുക കുടിശ്ശിക വരുത്തിയ പലരും കോര്‍പ്പറേഷനെതിരെ ഇപ്പോള്‍ കേസ് നടത്തുകയാണ്. കോര്പ്പറേഷന് വക്കീലന്മാരാകട്ടെ ഇത്തരം കേസുകളില്‍ വിജയിച്ച ചരിത്രവുമില്ല. തോറ്റുകൊടുക്കുന്നതിന് പിന്നില്‍ ഒത്തുകളിയാണെന്ന ആക്ഷേപവുമുണ്ട്.
വന്‍തുക കുടിശ്ശിക വരുത്തിയതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും പിന്നിലല്ല. നഗരഹൃദയത്തിലെ ജനറല്‍ ആശുപത്രിയുടെ കുടിശ്ശിക 30ലക്ഷത്തിലേറെയാണ്. വന്‍തുക നല്‍കാനുള്ള കുടിശ്ശികക്കാരില്‍ വാട്ടര്‍ അതോറിറ്റിയും ഉള്‍പ്പെടും. സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ പേരിനെങ്കിലും നിയമ നടപടി ഉണ്ടെന്നുപറയാം. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാര്യത്തില്‍ അതുമില്ല.
കെഎസ്ഇബിയില്‍ നിന്ന് വന്‍തുക നല്‍കിയാണ് കോര്പ്പറേഷന് വൈദ്യുതി വാങ്ങുന്നത്. പന്ത്രണ്ട് കോടിയോളം രൂപ കുടിശ്ശികആയെങ്കിലും ഈ തുക കോര്പ്പറേഷന് കെഎസ്ഇബിക്ക് കൈമാറിക്കഴിഞ്ഞു. നഗരവികസനത്തിന് ഉപയോഗിക്കേണ്ട കോടികളാണ് സിപിഎമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും ഇത്തരം സമീപനം മൂലം പാഴാകുന്നത്.
ആരോപണം ശക്തമായതോടെ കുടിശ്ശിക നിവാരണത്തിനായി അദാലത്ത് സംഘടിപ്പിക്കുമെന്ന നിലപാടിലാണ് കോര്പ്പറേഷന്. പണമടക്കാന്‍ തയ്യാറായാല്‍ പലിശയില്‍ ഇളവു നല്‍കുമെന്ന് മേയര്‍ അജിത ജയരാജും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: