പന്തളം: കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനയടി-കൂടല്‍ റോഡിന് കിഫ്ബി അംഗീകാരം നല്കി. 35 കിലോമീറ്റര്‍ നീളമുള്ള റോഡിന് 163.26 കോടി രൂപയുടെ പദ്ധതിയാണ് അംഗീകരിച്ചത്.
ആനയടിയില്‍ നാഷണല്‍ ഹൈവേയില്‍ നിന്നും തുടങ്ങി കെപി റോഡിലൂടെ പഴകുളം, കുരമ്പാല വഴി എംസിറോഡിലും കീരുകുഴി വഴി തട്ടയിലെത്തി അടൂര്‍-പത്തനംതിട്ട 183 എ റോഡിലും എത്തിച്ചേരും. ഇവിടെ നിന്ന് ചന്ദനപ്പള്ളി വഴി കൂടലിലെത്തി പുനലൂര്‍-മൂവാറ്റുപുഴ റോഡുമായി ചേരും. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പദ്ധതി കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ്ഫണ്ട് ബോര്‍ഡ്(കിഫ്ബി) അംഗീകരിച്ചതോടെയാണ് മൂന്നു ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നത്.
പദ്ധതി അംഗീകരിച്ചതോടെ സ്ഥലമേറ്റെടുക്കുന്ന നടപടികളാണ് ആദ്യം. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 11 കിലോമീറ്റര്‍ വീതിയിലാണ് റോഡ് പണിയുന്നത് ഒരു ഭാഗത്ത് ഓടയും മറുവശത്ത് നടപ്പാതയുമുണ്ടാകും. ബിഎം ആന്റ് ബിസി ടാറിംഗാണ് നടത്തുക.
അമ്പതോളം കലുങ്കുകളും ചെറിയ പാലങ്ങളും റോഡിലുണ്ടാകും. പഴയത് പൊളിച്ചുമാറ്റുകയും വീതികുറവുള്ളത് വീതികൂട്ടുകയും ബലപ്പെടുത്തുകയും ചെയ്യും.163.26 കോടിയില്‍ 42 കോടിയോളം രൂപ സ്ഥലമേറ്റെടുക്കുന്നതിനുവേണ്ടി നീക്കിവെയ്ക്കും.
4.4 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. റോഡിന് വീതി കൂട്ടുമ്പോള്‍ പൊളിച്ചുമാറ്റുന്ന മതില് തിരികെ കെട്ടിക്കൊടുക്കും. ഗ്രാമീണ മേഖലയുടെ വികസനം സാധ്യമാകുന്ന റോഡ് വികസന പദ്ധതിയാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.
പന്തളം തെക്കേക്കര, കൊടുമണ്‍ പഞ്ചായത്തുകളുടെയും പന്തളം നഗരസഭയുടെ തെക്ക് ഭാഗത്തിന്റെയും വികസനത്തിന് ഉതകുന്നതാണ് പദ്ധതി. മൂന്ന് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്നതായതിനാല്‍ പ്രധാന സ്ഥലങ്ങള്‍ തമ്മില്‍ ദൂരം കുറയുകയും കൂടുതല്‍ വാഹന സൗകര്യം ഉണ്ടാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: