.
പാലക്കാട്: സൗരോര്‍ജം ഉപയോഗിക്കുന്ന കാര്യത്തില്‍ 2022നകം ഇന്ത്യ ലോകരാഷ്ട്രങ്ങളെ പിന്തള്ളുമെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്.
നഗരസഭ ഓഫീസ് സമ്പൂര്‍ണ സൗരോര്‍ജവത്കരണവും ചിത്രശലഭ പാര്‍ക്കിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു. 2022നുള്ളില്‍ രണ്ട് ഗിഗാ ബൈറ്റ് സൗരോര്‍ജ വൈദ്യുതി ഉത്പാദനമാണ് ഭാരതം ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ സൗരോര്‍ജ പദ്ധതികള്‍ കൂടുതലായി ഉപയോഗിക്കണം.
പാലക്കാട് നഗരസഭയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായവും പിന്തുണയും ഉണ്ടാവും. നഗരത്തിലെ ട്രാഫിക് പോയിന്റുകളില്‍ സോളാര്‍ ട്രീ സംവിധാനമേര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സോളാര്‍ ട്രീ വഴി ഗതാഗതതടസമില്ലാതെ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ചാര്‍ജ് ചെയ്യുവാന്‍ കഴിയും. ഭിന്നശേഷിക്കാര്‍ക്കും ഉപയോഗപ്രദമാകുന്നതരത്തിലാവണം.
കല്‍പ്പാത്തി ഗ്രാമത്തിന്റെ പൈതൃക തനിമ നിലനിറുത്തികൊണ്ട് ടൂറിസത്തിന് പ്രാധാന്യം നല്‍കണമെന്ന് നിര്‍മ്മലാ സീതാരാമന് പറഞ്ഞു. കല്‍പ്പാത്തി ഗ്രാമത്തിന് യാതൊരു കോട്ടവും തട്ടാത്തവിധവും പാലക്കാട് നഗരസഭയ്ക്ക് നേട്ടമുളവാക്കുന്നതരത്തിലും കല്പ്പാത്തിക്ക് ആഗോള ശ്രദ്ധനേടികൊടുക്കാന് കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്കി.
അമൃത് പദ്ധതിക്കും എല്ലാവിധ സഹായങ്ങളും മന്ത്രി വാഗ്ദാനം നല്കി. വികസനത്തിന് കക്ഷിരാഷ്ട്രീയഭേദമന്യേ പ്രവര്‍ത്തിക്കേണ്ടതാണ്. അക്രമത്തിലൂടെ പ്രശ്നപരിഹാരം സാധ്യമല്ലെന്നും അവര്‍ പറഞ്ഞു.നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന് അധ്യക്ഷതവഹിച്ചു. എം.ബി.രാജേഷ് എംപി മുഖ്യാതിഥിയായി. അട്ടപ്പാടിയില്‍ കാറ്റില്‍ നിന്നും 72മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും,
കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കുന്നതിനും എം.ബി രാജേഷ് എംപി മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇനിമുതല്‍ നഗരസഭാ ഓഫീസിലെ വൈദ്യുതി ഉപയോഗം പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ചായിരിക്കും.
30.5 ലക്ഷം രൂപാ ചെലവില്‍ 50 കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. ഒരുമാസം 12 ലക്ഷം വരുന്ന നഗരസഭയുടെ വൈദ്യുത ഉപഭോഗ ചെലവാണ് സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതോടെ ലാഭിക്കുക. ബാക്കി വൈദ്യുതി കെഎസ്ഇബിക്ക് നല്‍കും. കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, കെല്‍ട്രോണ്‍, അനെര്‍ട്ട് എന്നിവരുടെ സഹായത്താടെയാണ് പദ്ധതി നടപ്പാക്കുന്നത്.്
നഗരത്തില്‍ 1000ത്തോളം സൗരോര്‍ജ ബള്‍ബുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും ഇതിനായി 2.5 കോടി വാര്ഷികവികസന പദ്ധതിചെലവില്‍ നിന്ന് മാറ്റി വെയ്ക്കുമെന്നും സെക്രട്ടറി അറിയിച്ചു. നഗരത്തിന്റെ സമഗ്രമായ വികസനത്തിനും പൈതൃകസംരക്ഷണത്തിനുമായി 696 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിശദവിവര റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി.
അഞ്ച് മേഖലകളായി തിരിച്ചാണ് പദ്ധതി നടപ്പിലക്കാന്‍ ഉദ്ദേശിക്കുന്നത്. പാലക്കാട് കോട്ടയും കോട്ടമൈതാനവും നവീകരിക്കും, വലിയങ്ങാടി മാര്‍ക്കറ്റിന്റെ വികസനം,കല്‍പ്പാത്തി പൈതൃക ഗ്രാമപദ്ധതി, പൈതൃക കെട്ടിടങ്ങളുടെ നവീകരണം, കല്‍പ്പാത്തി-കോട്ടമൈതാനം വരെ അഞ്ച് കിലോമീറ്റര്കോറിഡോര് നിര്‍മ്മാണം തുടങ്ങിയവയാണ് പദ്ധതികള്‍.
വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, സെക്രട്ടറി രഘുരാമന്, സ്ഥിരം സമിതി അധ്യക്ഷരായ പി.സ്മിതേഷ്, എം.സുനില്‍, ടി.ബേബി, കെ. ദിവ്യ, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരായ എസ്.ആര് ബാലസുബ്രഹ്മണ്യന്, എ. കുമാരി, പി.എം ഹബീബ, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഡേവിഡ് ജോണ്‍ ഡി.മോറിസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: