കല്‍പ്പറ്റ:വന്യജീവികള്‍ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുമ്പോള്‍ വനം ഓഫീസുകള്‍ ഉപരോധിക്കുകയും വനം ജീവനക്കാരെ ബന്ദികളാക്കി വിലപേശുകയും ചെയ്യുന്നത് അവസാനിപ്പിക്കണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കര്‍ഷകരോട് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ജീവനക്കാരായ വനപാലകരെ വെറുതെവിടണം. സ്വതന്ത്രമായും സുരക്ഷിതമായും ജോലിചെയ്യാന്‍ അവരെ അനുവദിക്കണം. വന്യജീവിശല്യത്തിനു ശാശ്വതപരിഹാരം കാണുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ പുലര്‍ത്തുന്ന നിസംഗതയെയും എംഎല്‍എമാരടക്കം ജനപ്രതിനിധികളുടെ മൗനത്തെയുമാണ് കര്‍ഷകര്‍ ചോദ്യം ചെയ്യേണ്ടത്. രാജ്യത്ത് വന്യജീവി-മനുഷ്യ സംഘര്‍ഷം ഏറ്റവും കൂടുതലുള്ള പ്രദേശമായി വയനാട് മാറിയതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ്. വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവഹാനിയോ പരിക്കോ സംഭവിക്കുമ്പോള്‍ ഓടിയെത്തി മുതലക്കണ്ണീരൊഴുക്കുന്ന ഇവരുടെ കാപട്യം തിരിച്ചറിയാനും പ്രതികാരിക്കാനും കര്‍ഷകര്‍ തയാറാകണം. വന്യജീവി ആക്രമണത്തെത്തുടര്‍ന്നുണ്ടാകുന്ന കര്‍ഷകരോഷം സാമൂഹികവിരുദ്ധര്‍ മുതലെടുക്കുകയാണ്.തന്ത്രപൂര്‍വം ജനക്കൂട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഇവര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിക്കാനും വനപാലകരെ കൈയേറ്റം ചെയ്യാനും പ്രേരണ നല്‍കുകയാണ്.
വനത്തിലെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് വന്യജീവിശല്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്ന്. കാട്ടില്‍ തീറ്റയും വെള്ളവും കുറയുകയും സ്വസ്ഥത നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് ആന ഉള്‍പ്പെടെ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്. വനത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ഏകവിളത്തോട്ടങ്ങളെ നൈസര്‍ഗിക വനമാക്കി മാറ്റണം. ഇതിനുള്ള കര്‍ഷക പ്രക്ഷോഭമാണ് ഉയര്‍ന്നുവരേണ്ടതെന്ന് സമിതി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയല്‍, സണ്ണി മരക്കടവ്, ബാബു മൈലമ്പാടി, സി.എ. ഗോപാലകൃഷ്ണന്, രാമകൃഷ്ണന് തച്ചമ്പത്ത്, ഗോകുല്‍ദാസ് ബത്തേരി, ജസ്റ്റിന്, എ.വി. മനോജ്, എം. ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: