മാനന്തവാടി:കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ എസ് സി വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അശ്വിന് വയനാടിന്റെ അഭിമാനമായി. കൂലിപ്പണിക്കാരായ തോല്‍പ്പെട്ടി കൊല്ലിക്കല്‍ വീട്ടില്‍ വിശ്വനാഥന്ന്റെയും സുമതിയുടെയും മൂത്തമകനാണ് അശ്വിന്. പട്ടിക ജാതി വിഭാഗത്തില്‍ ചെറുമ സമുദായത്തില്പ്പെട്ടരാണ് അശ്വിന്റെ കുടുംബം. പൂക്കോട് നവോദയയിലെ വിദ്യാര്‍ത്ഥിയായ അശ്വിന് നേടിയത് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടുള്ള ഉജ്ജ്വലവിജയം.
ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സുവരെ തോല്‍പ്പെട്ടി ഗവ യു പി സ്കൂളിലും തുടര്‍ന്ന് പ്ലസ്ടു വരെ പൂക്കോട് നവോദയ സ്കൂളിലുമാണ് അശ്വിന് വിശ്വനാഥ് പഠിച്ചത്. പ്ല്സ് ടു പരീക്ഷയില്‍ 94.8% മാര്‍ക്കോട് കൂടി വിജയിച്ച അശ്വിന് പാല ബ്രില്ല്യന്‍സ് കോച്ചിംഗ് സെന്ററില്‍ പരിശീലനത്തിനായി ചേരുകയായിരുന്നു. കേരള എഞ്ചിനീയറിംഗ് എന്ട്രന്സില് ഉന്നത റാങ്ക് നേടിയ അശ്വിന് മദ്രാസ് ഐ ഐ ടിയില്‍ ചേര്‍ന്ന് തുടര്‍പഠനം നടത്താനാണ് താല്പര്യം. അതിനായി അലോട്ട്മെന്റിനായി കാത്തിരിക്കുകയാണെന്നും അശ്വിന് പറഞ്ഞു. സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്ന കുടുംബമായിട്ടുകൂടി മകന്റെ വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാത്ത മാതാപിതാക്കള്‍ കടംവാങ്ങിയും മറ്റുമാണ് അശ്വിനെ എന്‍ട്രന്‍സ് പരിശീലത്തിന് അയച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ബ്രില്ല്യന്‍സ് നല്കുന്ന ഫീസ് ഇളവുകളും മറ്റും തനിക്ക് ഏറെ സഹായകരമായതായി അശ്വിന് പറഞ്ഞു.
അച്ഛനും അമ്മയും, സഹോദരിയും അച്ഛമ്മയും അടങ്ങുന്നതാണ് അശ്വിന്റെ കുടുംബം. പഠിക്കാന്‍ താല്പര്യമുണ്ടെങ്കില് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും മക്കളെ പഠിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണെന്നാണ് കൂലിപ്പണിക്കാരനായ വിശ്വനാഥിന്റേയും, തോല്‍പ്പെട്ടിയിലെ ഒരു ആയുര്‍വേദ സ്ഥാപനത്തിലെ കുക്കായ സുമതിയുടേയും അഭിപ്രായം. അശ്വിന്റെ സഹോദരി ആതിര കാട്ടിക്കുളം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. സകലസൗകര്യങ്ങള്ക്ക് നടുവില്‍ ഉന്നത പരിശീലനങ്ങള്‍ ലഭിച്ചിട്ടും എന്‍ട്രന്‍സ് ലിസ്റ്റില്‍ കയറിക്കൂടാന്‍ കഴിയാതെ വിധിയെ പഴിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അശ്വിന് ഒരു പാഠമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: