ആലത്തൂര്‍: ഇടവിട്ട് പെയ്യുന്ന കാലവര്‍ഷം കൂടിയായതോടെ ആലത്തൂര്‍ മേഖലയില്‍ പനി പടരുന്നു.പഴമ്പാലക്കോട്, കണ്ണമ്പ്ര,ചിറ്റിലഞ്ചേരി , കാവശ്ശേരി എന്നീ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ച ഡെങ്കിപ്പനി ബാധിച്ച് കണ്ണമ്പ്ര സ്വദേശിയായ രഘു (46) മരണപ്പെട്ടിരുന്നു.
ആലത്തൂര്‍ മേഖലയില്‍ ഡെങ്കിപ്പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മേലാര്‍കോട് പഞ്ചായത്തിലെ ചിറ്റിലഞ്ചേരിയില്‍ ഇടവേളയ്ക്കു ശേഷം വീണ്ടും പനി പടരുകയാണ്.കടമ്പിടി, വട്ടോമ്പാടം, നീലിച്ചിറ, ചിറ്റിലഞ്ചേരി ,കോന്നല്ലൂര്‍, പള്ളിക്കാട് ,ഉങ്ങിന് ചുവട് ഭാഗങ്ങളിലാണ് പനി പടരുന്നത്. ഡെങ്കിപ്പനി ലക്ഷണങ്ങളുള്ള 48 പേരുടെ രക്തം പരിശോധനയ്ക്കായി ശേഖരിച്ചു. ഇതില്‍ 18 പേര്‍ക്ക് ഡെങ്കിപ്പനി് സ്ഥിരീകരിച്ചു. ചിറ്റിലഞ്ചേരിയിലും കടമ്പിടിയിലും മുമ്പ് ഡെങ്കിപ്പനി ബാധിച്ചവര്‍ക്കാണ് വീണ്ടും ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പഴമ്പാലക്കോട് മേഖലയില്‍ പനി പടരുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ പഴമ്പാലക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കിടത്തിച്ചികിത്സയില്ല.
സ്ഥലപരിമിതി ,ഡോക്ടര്‍മാരുടെയും നഴ്സിംഗ് ജീവനക്കാരുടേയും കുറവ് , ലാബോറട്ടറി പ്രവര്‍ത്തിക്കാത്തത് എന്നിവ ഇവിടെ പ്രശ്നങ്ങളാണ്. പ്രത്യേക പരിശോധന നടത്തുന്ന ദിവസങ്ങളില്‍ മുന്നൂറിലധികം പേര് എത്തും. പഴമ്പാലക്കോട്, പാറയ്ക്കല്‍ പറമ്പ്, തോണിപ്പാടം പ്രദേശങ്ങളിലാണ് പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാവശ്ശേരിയില്‍ ഡെങ്കിപ്പനി ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചുണ്ടക്കാട്, ഉച്ചാര്കുളം, വാഴയ്ക്കച്ചിറ പ്രദേശങ്ങളില്‍ പനി പടരുന്നുണ്ട്. പനി നിയന്ത്രിക്കാന്‍ വാര്‍ഡുകള്‍ തോറും ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണവും ഫിലിം പ്രദര്‍ശനവും പനി ക്ലിനിക്കും നടത്തുന്നുണ്ട്. നഗരത്തിലെ അഴുക്കുചാലുകളില്‍ മലിനജലം കെട്ടി നിന്നും റോഡരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്.
മഴ പെയ്തതോടെ മാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി.താലൂക്കാശുപത്രി, പഴമ്പാലക്കോട്, കാവശ്ശേരി, മേലാര്‍കോട്, കണ്ണമ്പ്ര, പുതുക്കോട് ,കുനിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആയിരത്തോളം പേരാണ് കഴിഞ്ഞ ദിവസം ചികിത്സ തേടിയത്.
മഴക്കാലരോഗങ്ങള്‍ കൂടി വ്യാപകമായതോടു കൂടി ആശുപത്രികളില്‍ വന്‍ തിരക്കാണ്. സ്ഥലപരിമിതി മൂലം പലരേയും അഡ്മിറ്റ് ചെയ്യാതെ വീട്ടിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പറഞ്ഞു വിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: