സിവില്‍ സര്‍വ്വീസസ് പരീക്ഷയില്‍ 415-ാം റാങ്ക് ചാന്ദ്നി ചന്ദ്രന് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. കഠിന പ്രയത്നത്തിലൂടെ ചെറുപ്പം മുതലുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരം കൂടിയാണിത്. എറണാകുളം ജില്ലയിലെ അങ്കമാലി തലക്കോട്ട് പറമ്പ് ഗ്രാമത്തിന്റെ അഭിമാനമാണ് ഇന്ന് ചാന്ദ്നി.
വ്യവസായ വകുപ്പില്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായ അച്ഛന് ടി.എസ്. ചന്ദ്രന്റെ ജീവിതമായിരുന്നു ചാന്ദ്നിയ്ക്ക് മാതൃക.
തികച്ചും ദുരിതപൂര്‍ണമായ ജീവിതസാഹചര്യത്തില്‍ നിന്നും ലക്ഷ്യബോധത്തോടെയുള്ള പരിശ്രമമാണ് അച്ഛന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് ചാന്ദ്നി അറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സിവില്‍ സര്‍വ്വീസിലേയ്ക്ക് അച്ഛന് വഴികാട്ടിയായി നിന്നപ്പോള്‍, വ്യക്തിത്വരൂപീകരണത്തിലും ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുന്നതിലും അമ്മ മിനി പകര്‍ന്ന് നല്കിയ കാര്യങ്ങളും ഏറെ സ്വാധീനിച്ചു.
ചെറുപ്പത്തില്‍ അമ്മ പറഞ്ഞുതന്ന പുരാണ കഥകളും മറ്റും തനിക്കേറെ ഗുണകരമായെന്നും ചാന്ദ്നി പറഞ്ഞു. ഇഎസ്ഐ ഡിപ്പാര്‍ട്ട്മെന്റില്‍ ഹെഡ് ക്ലാര്‍ക്കാണ് അമ്മ മിനി. സ്കൂള്‍ തലത്തില്‍ അമ്മയുടെ ശിക്ഷണത്തില്‍ കഥാപ്രസംഗവും മോണോ ആക്ടുമെല്ലാം അവതരിപ്പിച്ച് രണ്ട് തവണ കലാതിലകമായതും വ്യക്തിത്വ വികസനത്തില്‍ ഏറെ സഹായകമായതായി ചാന്ദ്നി പറയുന്നു.
ചെന്നൈ ഐഐടിയില്‍ പഠിക്കുമ്പോള്‍ അസോസിയേഷന്റെ പരിപാടികളില്‍ ഭാരതീയ സംസ്കാരത്തെക്കുറിച്ചും കലകളെക്കുറിച്ചും സംസാരിക്കുന്ന വിദ്യാര്‍ത്ഥിനിയാകാന്‍ സാധിച്ചതും അമ്മ പകര്‍ന്ന് നല്കിയ സാംസ്ക്കാരിക മൂല്യങ്ങളായിരുന്നു.
ഔദ്യോഗിക രംഗത്തേക്ക് പ്രവേശിച്ചാല്‍ സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും ആദിവാസി സമൂഹങ്ങള്‍ക്കുമായി നല്ലകാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണ് ചാന്ദ്നിയ്ക്കുള്ളത്. രണ്ട് അനുഭവങ്ങളാണ് ഇക്കാര്യത്തില്‍ ചാന്ദ്നിയ്ക്ക് പ്രചോദനം. ചെന്നൈയില്‍ പഠിക്കുന്ന സമയത്ത് മലയാളി ഐഎഎസ് ഓഫീസറായ ഷീലാ റാണി ചുങ്കത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ അതില്‍ ആകൃഷ്ടയായി.
തമിഴ്നാട്ടിലെ പാറമടകളില്‍ പണിയെടുക്കുന്ന സ്ത്രീകളെ സംഘടിപ്പിച്ച് അവരുടെ ക്ഷേമത്തിനായി സൊസൈറ്റികള്‍ രൂപീകരിക്കുകയുണ്ടായി. ഇത്തരം സൊസൈറ്റികളെക്കൊണ്ട് പാറമടകള്‍ ലേലം ചെയ്യിപ്പിച്ച് അവ നടത്തുവാന്‍ സ്ത്രീകളെ പ്രാപ്തരാക്കിയ വലിയൊരു വിപ്ലവമാണ് ഷീലയെന്ന വനിതാ ഉദ്യോഗസ്ഥ തമിഴ്നാട്ടില്‍ നടത്തിയത്. ഇത് തന്നെ ഏറെ സ്വാധീനിച്ചെന്ന് ചാന്ദ്നി പറയുന്നു.
മറ്റൊന്ന് പഠനത്തിന്റെ ഭാഗമായി അഹാര്‍ട്സിന്റെ കൂടെ അട്ടപ്പാടിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയുണ്ടായി. ആദിവാസികള്‍ക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാരുകള്‍ ചെയ്യുന്നുണ്ടെങ്കിലും അതൊന്നും അവരിലെത്താതെ ഉദ്യോഗസ്ഥര്‍ ധൂര്‍ത്തടിക്കുന്നതും കാണുവാനായി. ആദിവാസികള്‍ അപ്പോഴും ദുരിതത്തില്‍ തന്നെയായിരുന്നു. ഇത് ഏറെവിഷമിപ്പിച്ചു.
അതുകൊണ്ടുതന്നെ ഈ മേഖലയിലുള്ളവര്‍ക്കായി തന്നാലാവുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രവുമുണ്ടെന്നും ചാന്ദ്നി പറഞ്ഞു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചേരികളില്‍ നടത്തിയിട്ടുള്ള സേവന പ്രവര്‍ത്തനങ്ങളും വലിയ അനുഭവമായിരുന്നു. ഓരോ ഗ്രാമങ്ങളേയും ദത്തെടുത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു.
വായനയാണ് ചാന്ദ്നിയെ എന്നും മുന്നോട്ട് നയിച്ചിരുന്നത്. ചെറുപ്പത്തില്‍ അച്ഛന് മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയില്‍ കൊണ്ടുപോവുമായിരുന്നു. മലയാള സാഹിത്യത്തില്‍ ഒ.വി. വിജയനെയാണ് ഏറെ ഇഷ്ടപ്പെടുന്നത്. ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ അമേരിക്കന്‍ സാഹിത്യകാരി ജുമ്പാ ലാഹിരിയുടെ ‘ലോ ലാന്‍ഡ്’ നോവല്‍ ഏറെ പ്രിയപ്പെട്ടതാണ്.
കവിതകള്‍ ഏറെ ഇഷ്ടപ്പെടുന്ന ചാന്ദ്നിയുടെ അമ്മ ഒരുപാട് കവിതകള്‍ എഴുതാറുണ്ട്. ചെറിയ കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും പ്രസിദ്ധീകരിക്കാനുള്ള ധൈര്യമില്ലെന്ന് ചാന്ദ്നി പറയുന്നു. അച്ഛന്റെ കവിതകളും ചെറുകഥകളുമെല്ലാം ഇഷ്ടമാണ്.
അങ്കമാലി വിദ്യാധിരാജ സ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ പഠനം. കപ്രശ്ശേരി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പത്താം ക്ലാസ് വിജയിച്ചശേഷം ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് ചേര്‍ന്നപ്പോള്‍ ഹുമാനിറ്റിസ് പാഠ്യവിഷയമായെടുത്തപ്പോള് എല്ലാവരും അത്ഭുതപ്പെട്ടു.
എന്നാല്‍ ലക്ഷ്യം അന്നേ വ്യക്തമായിരുന്നു. പ്ലസ് ടു കഴിഞ്ഞ് മദ്രാസ് ഐഐടിയില്‍ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എംഎ ഡെവലപ്മെന്റ് സ്റ്റഡീസിന് ചേരുമ്പോള്‍ സിവില്‍ സര്‍വ്വീസ് മനസ്സില്‍ ഉറപ്പിച്ചിരുന്നു.
പഠനം കഴിഞ്ഞ 2014ല്‍ ഉടനെ പരീക്ഷ എഴുതിയെങ്കിലും വേണ്ടത്ര തയ്യാറെടുപ്പ് നടത്താത്തതിനാല്‍ ലക്ഷ്യത്തിലെത്തിയില്ല. 2015ല്‍ ഇന്റര്‍വ്യൂ വരെയെത്തി. 2016ല്‍ മികച്ച വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസസ് കോച്ചിങ്ങില്‍ പങ്കെടുക്കുമ്പോള്‍ തന്നെ അവിടെ ക്ലാസ്സെടുത്തുകൊണ്ടും ശ്രദ്ധേയയായി. പഠന സമയത്ത് ഇനി വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോകണമെന്ന ആഗ്രഹവും ചാന്ദ്നിക്കുണ്ടായിരുന്നു.
എന്നാല്‍ അച്ഛന് അതിനെതിരായിരുന്നു. ആവശ്യമായ പണം കൃത്യമായി തന്നെ നല്‍കാമെന്നും നീ അങ്ങനെ കഷ്ടപ്പെടേണ്ട എന്നുമായിരുന്നു അച്ഛന്റെ നിലപാടെന്നും ചാന്ദ്നി പറഞ്ഞു. അധ്യാപനവും ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ട് അതൊഴിവാക്കിയില്ല.
ആഗസ്റ്റ് 28നാണ് മുസൂറിയില്‍ പരിശീലനത്തിനായി പോകുന്നത്. അനുജന് ചിന്മയ് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ അവസാന വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: