മുഹമ്മ: കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി കൃഷിചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഇടത്തോടത്ത് പ്രസാദ്, മഞ്ജു എന്നിവരുടെ പുരയിടത്തിലായിരുന്നു പച്ചക്കറികൃഷി. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. രണ്ടുമാസം മുമ്പായിരുന്നു തുടക്കം. കൃഷിയിടം വൃത്തിയാക്കി രണ്ടുമീറ്റര്‍ വീതിയിലാണ് ബഡ് തയ്യാറാക്കി പച്ചക്കറി തൈകള്‍ നട്ടത്.
വെള്ളം കൃത്യമായ രീതിയില്‍ ഉപയോഗിക്കാന്‍ തുള്ളിനന രീതിയാണ് അവലംബിച്ചത്. ഇത്തരത്തില്‍ കൃഷി ചെയ്തതിനാല്‍ കൂടുതല്‍ നനവ് നിലനില്‍ക്കുകയും കളകളുടെ എണ്ണം കുറയുകയും ചെയ്തു. മികച്ച വിളവാണ് ലഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത കൃഷി വിജയകരമാണെന്ന് മനസിലാക്കി മറ്റു സ്ഥലങ്ങളിലും ഈ രീതി തുടരും.
കയര്‍ ഭൂവസ്ത്ര ശില്‍പ്പശാലയില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ കൃഷിയിടവും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് തിട്ടകള്‍ ബലപ്പെടുത്തിയ വലിയ തോടും 6,9 വാര്‍ഡുകളില്‍ നിര്‍മ്മിക്കുന്ന റോഡും സന്ദര്‍ശിച്ചു. ഇടത്തോടത്ത് പ്രസാദിന്റെ കൃഷിയിടത്തില്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തിയ കുളത്തില്‍ മന്ത്രിമാര്‍ കരിമീന്‍ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: