ഉത്സവങ്ങളുടെ ഇക്കാലത്ത് മുതിര്‍ന്നവരുടെ ഓര്‍മ്മ പഴയ അമ്പലമുറ്റത്ത് ഓടിക്കളിക്കുന്നുണ്ടാവണം. രാവുകളെ പകലാക്കിയ അന്നത്തെ കലാപരിപാടികള്‍ ഇന്നും അവരുടെ ഉള്ളിലെ അരങ്ങില്‍ ഉണ്ടാവണം. പാട്ടുകച്ചേരിയും നാടകവും ബാലേയും ഗാനമേളയും കഥാപ്രസംഗവും നൃത്തവും മറ്റുമായി ഒരുകൂട്ടം കലകളുടെ മേളനമായിരന്നു അന്നത്തെ ഉത്സവ പറമ്പുകള്‍. സന്ധ്യയ്ക്കു തുടങ്ങി വെളുപ്പിന് അവസാനിക്കുന്ന വിവിധതരം പരിപാടികള്‍കൊണ്ട് നിദ്രയൊഴിയുന്ന യാമങ്ങള്‍.
കലാപരിപാടികളുടെ സമൃദ്ധി കാണണമെങ്കില്‍ അമ്പലോത്സവങ്ങള്‍ വരണമായിരുന്നു അന്ന്. ഓരോ അമ്പലമുറ്റത്തും വിവിധ പരിപാടികള്‍. ഒന്നൊഴിഞ്ഞാല്‍ മറ്റൊരു മുറ്റത്ത്്. ഓരോ പ്രദേശത്തിന്റെയും ചുറ്റുവട്ടത്ത് പത്തുപതിനഞ്ച് ക്ഷേത്രങ്ങള്‍ ഉണ്ടാവും. അവയിലെല്ലാം കൂടി കാണാവുന്നത് നിരവധി പരിപാടികള്‍. ഉത്സവങ്ങള്‍ നീണ്ടു നില്ക്കുന്ന ചിലക്ഷേത്രങ്ങളില്‍ നാലഞ്ച് നാടകങ്ങള്‍ തന്നെയുണ്ടാകും അത്രതന്നെ ഗാനമേളകളും ബാലേയും. മറ്റുകലാപരിപാടികള്‍ വേറെ.
അന്ന് നിറഞ്ഞ സദസായിരുന്നു. മൈതാനത്തിന്റെ അറ്റം കാണാനാവാത്ത വിധം ജനസമുദ്രം. ടിവിയും ഇന്റര്‍ നെറ്റും മൊബൈല്‍ ഫോണും ഇല്ലാതിരുന്ന അക്കാലത്ത് രാവൊറക്കം നില്ക്കാന് കിട്ടുന്ന വരദാനമായിരുന്നു അമ്പലമുറ്റത്തെ പരിപാടികള്‍. സിനിമയൊഴിച്ചുള്ള ഇഷ്ട കാഴ്ചകള്‍ ഇങ്ങനെയായിരുന്നു ആള്ക്കാര് കണ്ടിരുന്നത്. യേശുദാസ്, ജയചന്ദ്രന്, എസ്.ജാനകി, വാണി ജയറാം തുടങ്ങിയവരുടെ പരിപാടികള്‍ക്ക്് മണ്ണുകിള്ളിയിടാന് പോലും സ്ഥലമില്ലാത്തവിധം തിങ്ങി നിറഞ്ഞിരുന്നു സദസ്.
അന്ന് നിരവധിയായിരുന്നു നാടക സമിതികള്‍. അവയെല്ലാം പുതിയ നാടകങ്ങള്‍ ഇറക്കിയിരുന്നത് കേരളത്തിലെ ഉത്സവക്കാലം നോക്കിയായിരുന്നു. കെപിഎസി, കാളിദാസ കലാകേന്ദ്രം, സൂര്യസോമ, വൈക്കം മാളവിക, അങ്കമാലി മാനിഷാദ, ആലപ്പി തിയറ്റേഴ്സ്, കൊച്ചിന് നാടകവേദി, എറണാകുളം അനുപമ, കൊല്ലം യൂണിവേഴ്സല്‍, ആറ്റിങ്ങല്‍ ദേശാഭിമാനി ,പൂഞ്ഞാര്‍ നവധാര, കോട്ടയം നാഷണല്‍ തിയറ്റേഴ്സ്, കോഴിക്കോട് കലിംഗ എന്നിങ്ങനെ അനവധി നാടക സംഘങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള അമ്പലമുറ്റങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. അതുപോലെ ഭക്തിരസ പ്രദാനമായ നിരവധി ബാലേ ട്രൂപ്പുകളും അന്നുണ്ടായിരുന്നു. ബാലേയ്ക്കുമാത്രമായിത്തന്നെ വലിയൊരു പ്രേക്ഷകരുമുണ്ടായിരുന്നു.
ശിവപാര്‍വതി നൃത്തകലാലയം, തൃപ്പൂണിത്തുറ ശിവറാമിന്റെയും ഷാഡോ ഗോപിനാഥന്റെയും ട്രൂപ്പുകള്‍, നടരാജ നൃത്തകലാലയം, തൃപ്പൂണിത്തുറ അശോക് രാജ് ആന്റ് പാര്‍ട്ടി, എളമക്കര ശ്രീദേവി നൃത്തകലാലയം തുടങ്ങിയ സമിതികള്‍ അന്നു സജീവമായിരുന്നു. കലാഭവന്റെയും ബ്ളൂ ഡയമന്റിന്റെയും സിഎസിയുടേയും അന്നത്തെ പുതു തലമുറയിലെ പിന്നണി ഗായകര്‍ നയിച്ചിരുന്ന ഗാനമേളകളും കൊല്ലം ബാബു, കെടാമംഗലം സദാനന്ദന്, സാംബശിവന്, ഇടക്കൊച്ചി പ്രഭാകരന്, ആര്യാട് ഗോപി, ചേര്‍ത്തല ബാലചന്ദ്രന് തുടങ്ങിയ വലിയൊരു നിരയുടെ കഥാപ്രംഗങ്ങളുമായികെങ്കേമമായിരുന്ന ഉത്സവ രാവുകള്‍.
കലാപരിപാടികളേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിച്ചവയാണ് എന്നും അമ്പലമുറ്റങ്ങള്‍. ഇന്നും അത്തരം വേദികള്‍ ഉണ്ടെങ്കിലും ടിവിയിലെ കാഴ്ചപ്പൂരങ്ങളും തിരക്കോടു തിരക്കും ഉറക്കം കളയുന്നതിലെ മടുപ്പുമൊക്കെയായി രാവേറെ ചെല്ലും വരെ പരിപാടികള്‍ കാണാന്‍ ഇന്ന് ആളെ കിട്ടുന്നില്ല. എങ്കിലും അമ്പലമുറ്റങ്ങള്‍ തന്നെയാണ് ഇത്തരം കലകള്‍ക്കു ഇന്നും ആശ്രയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: