തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ജിഎസ്ടി രജിസ്ട്രേഷന് 20 വരെ സാവകാശം ലഭിക്കും. പ്രൊവിഷണല്‍ ഐഡി ലഭിക്കുന്നതുമായി ഉയര്‍ന്ന ചില പരാതികള്‍ കൂടി പരിഗണിച്ച് കൊണ്ടാണ് പുതിയ സമയക്രമം അനുവദിച്ചത്. ഇത് വരെയും പ്രൊവിഷണല്‍ ഐഡി ലഭിക്കാതിരുന്ന മുപ്പതിനായിരത്തോളം വരുന്ന വ്യാപാരികള്‍ക്ക് വെബ്സൈറ്റ് വഴി അത് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ വ്യാപാരികളും ഈ അവസരം ഉപയോഗിച്ച് 20ന് അകം തന്നെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്ന് വാണിജ്യ നികുതി വകുപ്പ് അറിയിച്ചു.
മറ്റ് പല സംസ്ഥാനങ്ങളും നവംബര്‍ ആദ്യം മുതല്ക്കേ ജിഎസ്ടി രജിസ്ട്രേഷന് നടപടികള്‍ തുടങ്ങി. എന്നാല്‍ ജനുവരി ഒന്ന് മുതല്‍ 22 വരെ നീളുന്ന കാലയളവ് കൊണ്ട് കേരളത്തില്‍ 50 ശതമാനത്തോളം രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാനായി. പല വ്യാപാരികളും രജിസ്ട്രേഷന് നടപടികള്‍ സാവധാനത്തിലാകാമെന്ന് കരുതി നീട്ടി വയ്ക്കുന്നത് ശരിയല്ല.
സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ വരുന്ന വ്യാപാരികളാണ് ജിഎസ്ടി സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്ട്രേഷന് ഉള്ള എല്ലാ വ്യാപാരികളും ജിഎസ്ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാര സംബന്ധവുമായ വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്യണം. ഇതിനായി വാണിജ്യ നികുതി വകുപ്പിന്റെ നിലവിലുള്ള വെബ്സൈറ്റില്‍ (www.keralataxes.gov.in) വ്യാപാരികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന യൂസര്‍ ഐഡിയും പാസ്വേര്ഡും ഉപയോഗിച്ച് കെ വാറ്റിസ് (KVATIS)ലേക്ക് ലോഗിന്‍ ചെയ്യണം.
അപ്പോള്‍ കെവാറ്റിസില്‍ ജിഎസ്ടി എന്റോള്‍മെന്റിന് ആവശ്യമായ താത്കാലിക യൂസര്‍ഐഡിയും പാസ്വേര്ഡും ലഭിക്കും. തുടര്‍ന്ന് www.gsn.gov.in എന്ന ജിഎസ്ടി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം. ജിഎസ്ടി പോര്‍ട്ടലില്‍ താത്കാലിക യൂസര്‍ ഐഡിയും പാസ്വേര്ഡും മാറ്റി പുതിയത് സൃഷ്ടിക്കുക. തുടര്‍ന്ന് ഡാഷ് ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ തിരഞ്ഞെടുത്ത് വിവരങ്ങള്‍ അപ് ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് സാധുത വരുത്തണം. ഡിജിറ്റല്‍ സിഗ്നേച്ചര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും വാങ്ങുന്ന പക്ഷം വളരെ തുച്ഛമായ വിലക്ക് ലഭിക്കും. എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് രേഖകള്‍ സ്കാന്‍ ചെയ്ത് ജിഎസ്ടി ഓണ്‍ലൈന്‍ സംവിധാനത്തില്‍ നല്‍കണം.
വ്യാപാരികള്‍ക്ക് സംശയ നിവാരണത്തിനായി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. രജിസ്ട്രേഷന് സംബന്ധമായ എല്ലാവിധ സംശയ നിവാരണവും ഹെല്‍പ്പ്ഡെസ്ക് മുഖേന നിര്‍വ്വഹിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: