ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ജംഗ്ഷന് റെയില്‍വെ സ്റ്റേഷനിലെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത ക്രൂലോബി ഓഫീസിന്റെ മേല്‍ക്കൂരയില്‍ ഒരു ഭാഗം ഓഫീസിനകത്തേക്ക് പൊട്ടിവീണു.
ഈ സമയം ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് സിലിങ്ങിട്ടിരുന്നതിനാല് പൊട്ടിവീണ ഓടും മറ്റും തറയിലേക്ക് വീണിരുന്നില്ല. രണ്ടും മൂന്നും ഫ്ലാറ്റുഫോമുകളുടെ മദ്ധ്യത്തിലുള്ള ഓടിട്ട മേല്‍ക്കൂരയോട് കൂടിയ ഈ നീളന്‍ കെട്ടിടത്തിലാണ് റെയില്‍വെ സര്‍ക്കിള്‍ ഇന്‍സ്പെക്ടരുടെ ഓഫീസ്, സ്റ്റേഷന് സൂപ്ര ഡണ്ടിന്റെ ഓഫീസ്, സ്റ്റേഷന് മാസ്റ്ററുടെ ഓഫീസ്, സ്റ്റേഷന് മാനേജരുടെ ഓഫീസ്, വി.ഐ.പി ലോഞ്ച് , പാര്‍സല്‍ ഓഫീസ്, യാത്രക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള വിശ്രമമുറികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലാണ് ക്രൂലോബി ഓഫീസ്. എല്ലാ മുറികളിലും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് സീലിങ്ങ് ഇട്ടതിനാല്‍ ഓടിട്ട മേല്‍കൂര കാണാനോ മരത്തിന്റെ പട്ടിക ദുര്‍ബലപ്പെട്ടത് കണ്ടെത്താനോ കഴിയില്ല. പട്ടിക ദുര്‍ബലപ്പെട്ടത് കാരണമാണ് ക്രൂലോബി ഓഫീസിന്റെ മേല്‍ക്കൂര പൊട്ടിവീണത്.
ഇതോടെ മറ്റ് ഓഫീസുകളിലുള്ളവരെ ഭയം പിടികൂടിയിരിക്കുകയാണ്.പല ഓഫീസുകളും രാത്രിയും പ്രവര്‍ത്തിക്കുന്നവയാണ്.മേല്കൂരയുടെ പല ഭാഗത്തും പട്ടികകള്‍ ദുര്ബലപ്പെട്ടിരിക്കാമെന്നാണ് അവര്‍ സംശയിക്കുന്നത്.
മഴയില്ലാതിരുന്നിട്ടും മേല്‍കൂര പൊട്ടി വീണെങ്കില്‍ നല്ല മഴയുള്ള സമയത്ത് പല ഓഫീസുകളുടേയും മേല്‍ക്കൂര പൊട്ടിവീണേക്കാമെന്നും അപകടം സംഭവിച്ചേക്കാമെന്നും എല്ലാവരും ഭയപ്പെടുന്നു .ബ്രിട്ടീഷുകാരുടെ കാലത്തുള്ളതാണ് ഈ കെട്ടിടം.
അത് പെയിന്റടിച്ച് മോടി കൂട്ടാറുണ്ടെന്നല്ലാതെ മേല്‍ക്കൂരയില്‍ അടുത്ത കാലത്തൊന്നും അറ്റകുറ്റപണി നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: