ഇബിന്‍-റുഷ്ദ്-ഗഥെ മോസ്‌ക്കില്‍ പ്രാര്‍ഥനക്കെത്തിയവരോട് സെയ്‌റാന്‍ അതെസ് സംസാരിക്കുന്നു.
ബെര്‍ലിന്‍: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒന്നിച്ചു പ്രാര്‍ഥിക്കാം. ബുര്‍ഖ ധരിച്ച് മുഖം മറയ്‌ക്കേണ്ടതില്ല…കടുത്ത നിബന്ധനകള്‍ വെടിഞ്ഞ് ജര്‍മനിയില്‍ ഒരു മുസ്ലീം പള്ളി. യാഥാസ്ഥിതിക ധാര്‍ഷ്ട്യങ്ങള്‍ മാറ്റിവെച്ച് കാലത്തിനൊത്തു ചിന്തിക്കുന്ന മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗമാണ് ഈ മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.
ഇബിന്‍-റുഷ്ദ്-ഗഥെ മോസ്‌ക് ആണ് ജര്‍മന്‍ തലസ്ഥാനത്തെ ഈ പള്ളി. തുര്‍ക്കിയില്‍ നിന്നുള്ള സെയ്‌റാന്‍ അതെസ് എന്ന സ്ത്രീയാണ് ഈ പുതിയ ചുവടുവെപ്പിനു നേതൃത്വം നല്‍കുന്നത്. ഏറെക്കാലമായി ജര്‍മനില്‍ താമസിക്കുന്ന സെയ്‌റാന്‍ എട്ടു വര്‍ഷമായി ഈ പള്ളി സ്ഥാപിക്കുന്നതിനുള്ള ശ്രത്തിലായിരുന്നു.
യൂറോപ്പിലാകെ മുസ്ലിം ഭീകരര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചു വിടുന്ന സാഹചര്യത്തില്‍ സമുദായത്തില്‍ ഇത്തരത്തില്‍ മാറ്റം അനിവാര്യമാണ്. അതിനുള്ള ചെറിയ തുടക്കമാണിത്. ഒരു സ്വപ്‌നം യാഥാര്‍ഥ്യമായിരുക്കുന്നു, അമ്പത്തിനാലുകാരിയായ സെയ്‌റാന്‍ പറഞ്ഞു.
പന്ത്രണ്ടാം നൂറ്റാണ്ടിലെ മുസ്ലിം പണ്ഡിതന്‍ ഇബിന്‍ റഷ്ദിന്റേയും വിഖ്യാത ജര്‍മന്‍ എഴുത്തുകാരനായ ഗഥെയുടേയും പേരുകള്‍ ചേര്‍ത്താണ് പള്ളിക്കു പേരു നല്‍കിയിരിക്കുന്നത്. മുഖം പൂര്‍ണമായും മറയ്‌ക്കുന്ന ബുര്‍ഖ ധരിക്കേണ്ടതില്ല, കണ്ണുകള്‍ മാത്രം പുറത്തു കാട്ടുന്ന തരത്തില്‍ മുഖത്തണിയുന്ന നിഖാബും വേണ്ട.
തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിച്ചതില്‍ ജര്‍മന്‍ ചാന്‍സലര്‍ നിരന്തരം വിമര്‍ശനം നേരിടുന്നതിനിടെയാണ് മുസ്ലിം സമുദായത്തില്‍ നിന്നു തന്നെ ഇത്തരം തിരുത്തല്‍ ശ്രമങ്ങള്‍ ശക്തിപ്പെടുന്നത്. ജര്‍മനിയിലെ കൊളോണില്‍ കഴിഞ്ഞ ദിവസം മുസ്ലിം ഭീകരതക്കെതിരായ പ്രകടനത്തില്‍ ആയിരക്കണക്കിനു മുസ്ലീങ്ങളാണ് പങ്കെടുത്തത്.
















