വൈദ്യശാസ്ത്രരംഗത്ത് 25 വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന അര്‍ബുദ രോഗവിദഗ്ധന് സി. എന്‍. മോഹനന് നായര്‍ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നാണ്.
ഇപ്പോള്‍ ലക്ഷ്മി ഹോസ്പിറ്റല്‍, മെഡിക്കല്‍ സെന്റര്‍, കൃഷ്ണ ഹോസ്പിറ്റല്‍, കൊച്ചിന് ഹോസ്പിറ്റല്‍, സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ തുടങ്ങി അഞ്ച് ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം സേവനത്തെ തന്റെ കര്‍ത്തവ്യമായാണ് കാണുന്നത്.
എല്ലാവര്ക്കും ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു വഴിത്തിരിവുണ്ടായിരിക്കും. ഇദ്ദേഹത്തിന് വഴിത്തിരിവായത് ഓമന എന്ന 32 കാരിയാണ്. 1997-ല്‍ പള്ളുരുത്തി സ്വദേശി ഓമന അര്‍ബുദ ചികിത്സയ്ക്കായി ലക്ഷ്മി ഹോസ്പിറ്റലില്‍ ഡോക്ടറെ കാണാന്‍ വന്നു. വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി തിരിച്ചുപോയ ഓമനയുടെ ഒരു പോസ്റ്റ്കാര്‍ഡാണ് ഒരു മാസത്തിനുശേഷം ഡോക്ടറെ തേടിയെത്തിയത്.
കല്‍പ്പണിക്കാരനായ ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയിലാണെന്നും, കൈയില്‍ രൂപയില്ലാത്തതിനാല്‍ അര്‍ബുദ ചികിത്സയ്ക്കായി 30 ശതമാനം രൂപ പലിശയ്ക്ക് കടം ചോദിച്ചിട്ടുണ്ടെന്നും അതു കിട്ടുമ്പോള്‍ വരാം എന്നും കൃത്യസമയത്ത് വരാത്തതുകൊണ്ട് ചികിത്സ നിഷേധിക്കരുത് എന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
ആ കത്ത് ഡോക്ടര്‍ക്ക് ഒരു ഉള്‍ക്കാഴ്ച നല്കി. പൂര്‍ണ്ണമായും ഭേദമാക്കാന്‍ പറ്റുന്ന അര്‍ബുദ രോഗ ചികിത്സ രൂപയുടെ അഭാവത്താല്‍ മുടങ്ങുന്നത് ഡോക്ടര്‍ക്ക് ചിന്തിക്കുന്നതിലുമപ്പുറമായിരുന്നു. അന്നുതന്നെ ഓമനയെ വിളിച്ച് ചികിത്സ തുടങ്ങി. ലക്ഷ്മി ഹോസ്പിറ്റലിന്റെ സാരഥിയായ ഡോ. വാര്യര്‍ പരിപൂര്‍ണ്ണ പിന്തുണ നല്കി.
സൗജന്യ ചികിത്സയായിരുന്നു ഓമനയ്ക്ക് നല്‍കിയത്. ഇതില്‍ എടുത്തുപറയേണ്ടത് ഓമനയ്ക്കൊപ്പം ചികിത്സയിലായിരുന്ന അമ്മുക്കുട്ടി എന്ന അദ്ധ്യാപികയുടെ സഹോദരീഭര്‍ത്താവ് അമ്മുക്കുട്ടിയ്ക്കൊപ്പം ഓമനയ്ക്കും സാമ്പത്തിക സഹായം നല്കി എന്നതാണ്. ഇന്ന് ഇവര്‍ രണ്ടുപേരും പരിപൂര്‍ണ്ണ ആരോഗ്യവതികളായി ജീവിക്കുന്നു. ഓമന അയല്‍ക്കൂട്ടത്തിലും കുടുംബശ്രീയിലും സജീവമാണിന്ന്. കൂടാതെ കാന്‍സറിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നു.
ഈ സംഭവത്തോടെ ഡോക്ടറുടെ മനസ് പൂര്‍ണമായും പാവപ്പെട്ട രോഗികളിലേക്കു തിരിഞ്ഞു. മഹാകവി. ജി. കാന്‍സര്‍ ഫൗണ്ടേഷന് തുടങ്ങാന്‍ ഇത് നിമിത്തമാവുകയും ചെയ്തു. ഇതുവരെ ഇരുന്നൂറോളം പേരെ സൗജന്യമായി ചികിത്സിച്ചു. ഇപ്പോഴും ചികിത്സിച്ചു വരുന്നു. എട്ടു വര്‍ഷമായി ‘സ്നേഹത്തണല്‍’ എന്ന കൂട്ടായ്മയുടെ നെടുംതൂണായ ഇദ്ദേഹം അര്‍പ്പണ മനോഭാവത്തോടെ പലരേയും ജീവിതത്തിന്റെ തണലിലേക്ക് കരകയറ്റി.
പാവപ്പെട്ട കാന്‍സര്‍ രോഗികളുടെ വീട്ടില്‍ പോയി ശുശ്രൂഷിക്കുകയും കിടത്തി ചികിത്സ വേണ്ട സമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കുമ്പോള് ലഭിക്കുന്ന ആത്മസംതൃപ്തിക്ക് അളവില്ല. സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ പാവപ്പെട്ട രോഗികള്‍ക്ക് സ്നേഹത്തണല്‍ നല്കുവാനായി എല്ലായ്പ്പോഴും വാതായനങ്ങള്‍ തുറന്നുതന്നെയിരിക്കുന്നു.
ഓരോ രോഗിയും ഓരോ പുസ്തകമാണ് എന്ന് പറയുന്ന ഡോക്ടര്‍ ചികിത്സ കഴിഞ്ഞു പോയവരെ രോഗി എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഓള് ഇന്ത്യ റേഡിയോ എഫ് എം-ല്‍ കാന്‍സറിന്റെ ലക്ഷണങ്ങളെക്കുറിച്ച് പ്രക്ഷേപണം ചെയ്ത പരിപാടി കേട്ട് കണ്ണൂരിലെ ഒരു സ്ത്രീ സ്വയം രോഗനിര്‍ണ്ണയം നടത്തുകയും കാന്‍സറാണെന്നറിഞ്ഞ് ചികിത്സിച്ച് മാറ്റുകയും ചെയ്തു.
നാലുവര്‍ഷത്തിനു ശേഷം വീണ്ടും റേഡിയോയില്‍ കാന്‍സറിനെക്കുറിച്ചുള്ള ചോദ്യോത്തര പംക്തി ഉണ്ടായപ്പോള്‍ കണ്ണൂരില്‍ നിന്ന് ഇവര്‍ വിളിക്കുകയും അന്നത്തെ പരിപാടി കേട്ടതുകൊണ്ടാണ് താനിന്ന് ജീവിച്ചിരിക്കുന്നതെന്ന് പറയുകയും ചെയ്തത് ഡോക്ടര്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു. മൂന്നൂറിലേറെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തിയിട്ടുണ്ട് ഇദ്ദേഹം.
1. മറ്റു സാംക്രമിക രോഗങ്ങളേക്കാള്‍ പൂര്‍ണമായി മാറ്റാന്‍ കഴിയുന്ന രോഗമാണിന്ന് കാന്‍സറും. കാന്‍സറിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗം എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്നതനുസരിച്ചാണ് ഘട്ടങ്ങള്‍ നിശ്ചയിക്കുന്നത്. കൃത്യമായ ചികിത്സയും ആരോഗ്യപരമായ ജീവിതശൈലിയുമുണ്ടെങ്കില്‍ 90 ശതമാനം കാന്‍സറും പൂര്‍ണമായും ചികിത്സിച്ചു മാറ്റാനാകും.
2. കാന്‍സര്‍ പകര്‍ച്ചവ്യാധിയല്ല. ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചതുകൊണ്ടോ സ്പര്‍ശനം കൊണ്ടോ ലൈംഗികബന്ധത്തിലൂടെയോ പകരുന്നില്ല.
3. ഇന്ന് വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചിരിക്കുന്നു. ജനിറ്റിക് ടെസ്റ്റിങ് വഴി അര്‍ബുദ രോഗസാധ്യത പ്രവചിക്കാന്‍ കഴിയും. അതായത് ഏത് അവയവത്തിനെയാണ് അര്‍ബുദം ബാധിക്കുക എന്ന് കൃത്യമായി കണ്ടുപിടിക്കാം.
4. ലോകോത്തര പഠനങ്ങള്‍ നടക്കുന്നില്ല എങ്കിലും കേരളത്തില്‍ സര്‍വ്വേ നടക്കുന്നുണ്ട്. ഒരു വര്‍ഷം 50,000 പേര്‍ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ജില്ലാടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ 4500 മുതല്‍ 5000 രോഗികള്‍വരെ കണ്ടുവരുന്നു. മറ്റുപല രോഗങ്ങളുടെ ചികിത്സയ്ക്കിടയിലാണ് കാന്‍സറുണ്ടെന്ന് പലരിലും കണ്ടുപിടിക്കപ്പെടുന്നത്.
5. സ്കൂളുകളില്‍ ബോധവല്‍ക്കരണം കൃത്യമായി നടത്തണം. അറിവുള്ളവര്‍ തന്നെ അതു ചെയ്യുകയും വേണം. ഒരു കുട്ടിയെ ബോധവല്‍ക്കരിച്ചാല്‍ അതിന്റെ ഗുണം ആ കുടുംബത്തിന് മുഴുവനായും ലഭിക്കും. കാന്‍സറിനെക്കുറിച്ചുള്ള സെമിനാറുകളും ഉപന്യാസ മത്സരങ്ങളും ഏര്‍പ്പെടുത്തി കാന്‍സര്‍ എന്ത്? എങ്ങനെ വരുന്നു? എന്ന് പൂര്‍ണ്ണമായും ബോധ്യപ്പെടുത്തണം.
6. വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന പല പേരിലുള്ള ഇലകളും കായ്കനികളും ശാസ്ത്രീയമായ ഗവേഷണത്തിന് വിധേയമായിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും പുതിയ പല പേരിലും അറിയപ്പെടാം, ഇതൊന്നും ക്യാന്‍സറിന്റെ മരുന്നായി കണക്കാക്കാന്‍ കഴിയില്ല. ശാസ്ത്രീയമായി ഗുണമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ തീര്‍ച്ചയായും വൈദ്യശാസ്ത്രം സ്വീകരിക്കും.
7. ഓരോ ദശകങ്ങളിലും അര്‍ബുദത്തിന് വിപ്ലവകരമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള മരുന്നുകള്‍ കണ്ടുപിടിക്കപ്പെടുന്നു. ഉദാഹരണത്തിന് ബോണ്‍ മാരോ ചെയ്യുമ്പോള്‍ കീമോതെറാപ്പികൊണ്ട് രക്തത്തിലെ കൗണ്ട് കുറയുന്നു. മുമ്പ് കൗണ്ട് കൂട്ടാനുള്ള മരുന്ന് ഇല്ലായിരുന്നു. ഇപ്പോള്‍ കണ്ടുപിടിച്ചിട്ടുണ്ട്.
8. കാന്‍സര്‍ ചികിത്സ വളരെ ചിലവേറിയതാണ്. അതുകൊണ്ടുതന്നെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെ മാത്രം സഹായിക്കണമെന്ന മനോഭാവം മാറ്റണം. മധ്യവര്ഗത്തില്പ്പെട്ടവര് പലരും കിടപ്പാടം വിറ്റിട്ടാണ് ചികിത്സ തേടുന്നത്. സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയ്ക്കുള്ള മരുന്നും രീതിയും ഒന്നാണെങ്കിലും തുകയില്‍ ഭീമമായ അന്തരം കാണുന്നു. കാരണം സ്വകാര്യ ആശുപത്രികളില്‍ മരുന്നുവിലയില്‍ ഇളവു ലഭിക്കുന്നില്ല.
9. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും തരംഗമായി മാറിയ കേരളത്തില്‍ ലോ എനര്‍ജി റേഡിയേഷന് കാന്‍സറുണ്ടാക്കും എന്ന് പറയാന്‍ വ്യക്തമായ തെളിവുകളില്ല. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ബ്രെയിന്‍ ട്യൂമറുണ്ടാക്കും എന്നുകണ്ടെങ്കിലും 100 ശതമാനം ഉറപ്പു പറയാന്‍ കഴിയുകയില്ല. അനാവശ്യ മൊബൈല്‍ ഉപയോഗം ഒഴിവാക്കുക, പ്രത്യേകിച്ചും കുട്ടികള്‍. വളര്‍ന്നു വരുന്ന ഇതിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷമേ അറിയാന്‍ കഴിയൂ.
10. പല സ്ഥലങ്ങളിലും പല സംഘടനകളും ക്യാമ്പുകള്‍ നടത്തുന്നുണ്ടെങ്കിലും ശാസ്ത്രീയമായ രീതിയിലല്ല പരിശോധന നടക്കുന്നത്. അതുകൊണ്ടുതന്നെ ക്യാമ്പുകൊണ്ട് തീരെ പ്രസക്തിയില്ല. ഇതിനു ചിലവാക്കുന്ന തുകയുടെ മൂന്നില്‍ ഒന്നുകൊണ്ട് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയാണെങ്കില്‍ ഒരുപാട് പേര്‍ക്കത് ഗുണം ചെയ്യും.
കാന്‍സറിനെ ഭയക്കേണ്ട കാര്യമില്ല. ബുദ്ധിപൂര്‍വ്വമായ ഇടപെടലാണ് ആവശ്യം. വരാതിരിക്കാനുള്ള ഇടപെടല്‍, ശരിയായ ചികിത്സ കൊടുക്കല്‍, 60 ശതമാനം കാന്‍സറിനെ ശരിയായ ജീവിതശൈലികൊണ്ട് പ്രതിരോധിക്കാന്‍ കഴിയും. കാന്‍സര്‍ വന്നുചേരുന്ന അതിഥിയല്ല, വിലയ്ക്കു വാങ്ങുകയാണ് ചെയ്യുന്നത്. പാരമ്പര്യ ജീവിതരീതികളോട് ചേര്‍ന്നു നില്ക്കുന്ന പുതിയ ജീവിതക്രമം തുടങ്ങുക.
കുട്ടികളില്‍ നല്ലശീലങ്ങള്‍ ചെറുപ്പംതൊട്ടേ വളര്‍ത്തുക. പ്രൈമറി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, സ്കൂള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കൃത്യമായ ബോധവല്‍ക്കരണം നടത്തുക. ഹൃദയശസ്ത്രക്രിയയും വൃക്കമാറ്റിവയ്ക്കലും കഴിഞ്ഞു എന്നു പറയുന്നതുപോലെ കാന്‍സര്‍ വന്നുമാറിയ വ്യക്തിയാണെന്ന് എല്ലാവരുടേയും മുമ്പില്‍ തുറന്നു പറയാനുള്ള മനസ്ഥിതിയിലേക്കു വരുക. ആ മനസ്സുണ്ടായാല് രോഗികള്‍ക്ക് അര്ബുദത്തേക്കുറിച്ചുള്ള പല മിഥ്യാധാരണകളും അകറ്റാന്‍ കഴിയും.
ഓമന ഒരു മാതൃക
അര്‍ബുദമാണെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞത് അസുഖത്തെ ഓര്‍ത്തല്ലായിരുന്നു. ജോലിക്കിടയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് എഴുനേല്‍ക്കാനാവാതെ കിടക്കുന്ന ഭര്ത്താവിനെക്കുറിച്ചോര്ത്താണ്. വേദനയുടെ നീര്‍ക്കയങ്ങളില്‍ മുങ്ങിത്താഴുമ്പോഴും ഭര്‍ത്താവ് എഴുന്നേറ്റു നടക്കുന്നതുവരെ തനിക്ക് ആയുസ് നീട്ടിത്തരണെ എന്നാണു ദൈവത്തോട് പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥന വിഫലമായില്ല. ദൈവതുല്യനായി ഡോ. മോഹനന് നായര്‍ രക്ഷയ്ക്കെത്തി.
ഡോക്ടറുടെ ചികിത്സയില്‍ അസുഖം പൂര്‍ണമായി ഭേദമായി. ഭര്‍ത്താവ് ബാബുവും പഴയ നിലയിലേക്കെത്തി. ഡോക്ടര്‍ ഇന്ന് ദൈവതുല്യനാണെങ്കിലും കാന്‍സര്‍ ബാധിച്ചതും കഷ്ടത അനുഭവിച്ചതും ദു സ്വപ്നമായി മറക്കാന്‍ തയ്യാറല്ലായിരുന്നു. അര്‍ബുദ രോഗത്താല്‍ കഷ്ടത അനുഭവിക്കുന്നവരോട് താനും ഇതു അനുഭവിച്ചതാണെന്നും പൂര്‍ണ്ണമായി സുഖപ്പെട്ടു എന്ന് പറഞ്ഞു ധൈര്യം നല്കി. കൂടാതെ 12 പാവപ്പെട്ട രോഗികളെ ഡോക്ടറുടെ അനുവാദത്തോടെ ചികിത്സയ്ക്കയച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ സൗജന്യമായി ചികിത്സിക്കുമെന്നത് പലര്‍ക്കും പുതിയ അറിവായിരുന്നു.
മനപ്രയാസവും ശരീരപീഡയും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ മഹത്തായ പ്രവര്‍ത്തിയിലൂടെ പലരേയും സഹായിക്കുന്നു. ഒരു കൂട്ടായ്മയുണ്ടാക്കി കോളനിയിലുള്ള 1110 വീടുകളിലും ധനസമാഹരണത്തിനായി ചെറിയ കുടുക്ക നല്കിയിരിക്കുന്നു. മൂന്ന് മാസത്തിലൊരിക്കല്‍ എല്ലാ വീടുകളിലേയും തുക ശേഖരിച്ച് പാവപ്പെട്ട അര്‍ബുദ രോഗികള്‍ക്ക് പങ്കുവച്ചു കൊടുക്കുന്നു. ഭര്‍ത്താവ് ബാബുവിന്റെ പരിപൂര്‍ണ പിന്തുണയും ഇതിനുണ്ട്. അര്‍ബുദ രോഗിയായിരുന്നു എന്ന് പലരും പറയാന്‍ മടിക്കുന്ന സമൂഹത്തില്‍ ഇനിയും അര്‍ബുദ രോഗികള്‍ക്കുവേണ്ടി എന്ത് ചെയ്യണമെന്ന് ആലോചിക്കുന്ന ഓമന മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: