കല്‍പ്പറ്റ:പത്രവായന ദിനചര്യയുടെ ഭാഗമാണ്,സുഹൃത്തുക്കള്‍ സ്നേഹത്തോടെ ചാത്തുവേട്ടന് എന്നുവിളിക്കുന്ന എം.ചാത്തുനായര്‍ക്ക്. ഒന്നും രണ്ടുമല്ല, മലയാളത്തിലിറങ്ങുന്ന ഭൂരിഭാഗം പത്രങ്ങളും ദിവസവും വായിക്കും.എണ്‍പതാം വയസ്സിലും തുടരുന്ന ജീവിത രീതി.
രണ്ടുപത്രങ്ങള് വീട്ടില്‍ വരുത്തുന്നുണ്ട്.വീടിന് സമീപം വായനശാലകളില്ലാത്തതിനാല് മറ്റുപത്രങ്ങള്‍ വായിക്കാനായി ദിവസവും രാവിലെ സ്വന്തം ഗ്രാമമായ മണിയങ്കോട് നിന്ന് നടന്ന് അഞ്ചുകിലോമീറ്റര്‍ അകലെ കല്പറ്റ നഗരത്തിലെത്തും. വയനാട് പ്രസ്സ്ക്ലബ് ഉള്‍പ്പെടെ ഓഫീസുകളിലെത്തി പത്രങ്ങള്‍ വായിക്കും.സുഹൃത്തുക്കളുമായി കുശലം പങ്കുവെച്ചും പൊതുപരിപാടിയുണ്ടെങ്കില് അതിലും പങ്കെടുത്തശേഷം മടക്കം.അപൂര്‍വ്വമായി മാത്രമേ വാഹനത്തില്‍ കയറുകയുള്ളു.എണ്‍പതാം വയസ്സിലും കാര്യമായ ശാരീരികാവശതകളില്ലാത്തതിനു ഒരുകാരണം ഈനടത്തമാണെന്ന് ചാത്തുനായര്‍.ടി.വി.യില്‍ വാര്‍ത്തകള്‍ കാണാറുണ്ടെങ്കിലും വാര്‍ത്തകള്‍ വായിച്ചുതന്നെ അറിയണമെന്ന പക്ഷക്കാരാനാണിദ്ദേഹം.പൊതുഅവധിദിവസങ്ങളുടെ പിറ്റേന്ന് പത്രം ഇല്ലാതെ വരുമ്പോള്‍ ആദിവസം വിഷമം തോന്നും.
വടകര തിരുവള്ളൂര്‍ സ്വദേശിയായ ചാത്തുനായര്‍ക്ക് പ്രതികൂലജീവിത സാഹചര്യം കാരണം സ്കൂള്‍ വിദ്യാഭ്യാസം നാലാം ക്ലാസ്സില്‍ നിര്‍ത്തേണ്ടിവന്നു.പിന്നീട് വായനയിലൂടെ അറിവിന്റെ ലോകത്ത് സഞ്ചരിച്ചു.അന്നത്തെ ഭക്ഷ്യ വിതരണ സ്ഥാപനമായ ഐക്യനാണയസംഘത്തില് താല്‍ക്കാലിക ജീവനക്കാരനായി ചെറുപ്പത്തില്‍ വയനാട്ടിലെത്തി.കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായ എം.കെ.ജിനചന്ദ്രന്റെ വിജയമന്ദിരം എസ്റ്റേറ്റില്‍ അതിനുശേഷം ചേര്‍ന്നു.പിന്നീട് അതിന്റെ കീഴിലുള്ള വിജയ സ്റ്റോര്‍ ജീവനക്കാരനായി.മാനേജരായി വിരമിച്ചു.
ജോലിക്കാലത്തും ചാത്തുനായര്‍ വായനയെ കൈവിട്ടില്ല.പത്രവായനക്കൊപ്പം ആനുകാലികങ്ങളും ആദ്ധ്യാത്മീയ പുസ്തകങ്ങളും വായിക്കുന്നത് പതിവാക്കി.യാത്രപോയിവരുമ്പോള് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുവരുമായിരുന്നു. അങ്ങിനെ അവരെയും വായനയുടെ ലോകത്തിലൂടെ നടത്തിച്ചു.വീട്ടില്‍ സ്വന്തമായി നല്ലൊരു പുസ്തകശേഖരവും സജ്ജമാക്കി.എല്ലാവര്‍ഷവും പതിവ് തെറ്റാതെ ചെയ്യുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.കാര്ക്കിടകമാസത്തിലെ രാമായണ പാരായണം.ചെറുപ്പം മുതല്‍തന്നെ രാഷ്ട്രീയ സ്വയം സേവക് സംഘാംഗമാണ്. സംഘത്തിന്റെ വയനാട്ടിലെ ആദ്യശാഖ മണിയങ്കോട്ട് ആരംഭിച്ചതുമുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്നുണ്ട് .സംഘത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ ആതിഥ്യം നല്‍കിയിരുന്നു.അവരുമായി ഇപ്പോഴും വ്യക്തിബന്ധം സൂക്ഷിക്കുന്നുണ്ട്.ജനസംഘം,ബി.ജെ.പി.,വിശ്വഹിന്ദു പരിഷത്ത്,കേരള ക്ഷേത്ര സംരക്ഷണ സമിതി,ഭാരതീയ കിസാന്‍ സംഘ് എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചു.മണിയങ്കോട്ടപ്പന്‍ ക്ഷേത്ര പുനരുദ്ധരണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി
കല്പറ്റ ക്ഷീരോദ്പാദക സഹകരണ സംഘം പ്രസിഡന്റ്,കല്പറ്റ ബ്ളോക്ക് കോ-ഓപ്റേറ്റീവ് ഹൗസിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.
കല്പറ്റശ്രീശങ്കര വിദ്യാമന്ദിര്‍ ആരംഭിക്കുന്നതിനും മുന്‍നിരയിലുണ്ടായിരുന്നു.
വായനയിലൂടെ സ്വയം മനസ്സിലാക്കി നേടിയെടുക്കുന്ന അറിവ് മറ്റൊന്നിനും പകരമാവില്ലെന്ന പക്ഷക്കാരനാണ് ചാത്തുനായര്‍.കോഴിക്കോട് ജില്ലയിലെ താമരശ്ശേരി സ്വദേശിനി രുഗ്മിണി അമ്മയാണ് ഭാര്യ.റവന്യൂവകുപ്പ് ജീവനക്കാരന് എം.സി.ശ്രീരാമകൃഷ്ണന്, പത്രപ്രവര്ത്തകന് എം.സി.വിജയകൂമാര്‍ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: