ന്യൂദല്‍ഹി: ബഹുരാഷ്ട്രകമ്പനിയായ ഐടിസിയിലെ രണ്ടു ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിച്ചു. 6700 കോടി രൂപക്ക് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് ഓഹരികള്‍ വാങ്ങിയത്. ഐടിസിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായിരുന്ന യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് 11.17 % ഓഹരികളാണ് ഉള്ളത്.
ഇതില്‍ നിന്നാണ് ഓഹരികള്‍ എല്‍ഐസിക്ക് കൈമാറിയത്. 275.85 രൂപ നിരക്കിലായിരുന്നു ഓഹരികള്‍ വിറ്റത്. ഇതോടെ ഐടിസിയിലെ സര്‍ക്കാര്‍ പങ്കാളിത്തം 9.17 ശതമാനമായി. ഈ ഇടപാട് പൂര്‍ത്തിയായപ്പോള്‍ ഓഹരി വില്പനയിലൂടെ കേന്ദ്രം ഈ സാമ്പത്തിക വര്‍ഷം 39,000 കോടി രൂപ നേടി. ഈ വര്‍ഷത്തെ ലക്ഷ്യം 45,500 കോടി രൂപയാണ്.
51 കമ്പനികളില്‍ യൂണിറ്റ് ട്രസ്റ്റിന് ഓഹരി പങ്കാളിത്തം ഉണ്ട്. എല്‍ആന്റ്ടിയില്‍ 6.53 ശതമാനവും ആക്സിസ് ബാങ്കില്‍ 11.53 ശതമാനവും യൂണിറ്റ് ട്രസ്റ്റിനുണ്ട്. മൂന്നു വര്‍ഷം കൊണ്ട് യൂണിറ്റ് ട്രസ്റ്റ് കൈവശം വച്ചിരുന്ന ഓഹരികള്‍ വിറ്റഴിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: