തിരൂര്‍: പൊന്നാനി-തിരൂര്‍ പുഴ രാസവസ്തുക്കള്‍ നിറഞ്ഞ് മലിനീകരിക്കപ്പെട്ടതിനാല്‍ കോട്ട് ആലിന്‍ചുവട് മേഖലയില്‍ ശുദ്ധജലക്ഷാമം രൂക്ഷം.
പുഴയില്‍ ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യം ക്രമാതീതമായി ഉയര്‍ന്നതാണ് പ്രദേശവാസികള്‍ക്ക് മഴക്കാലത്തും ശുദ്ധജലം ലഭിക്കുന്നതിന് തടസ്സമായിരിക്കുന്നത്. ഓയിലും ഗ്രീസും തിരൂര്‍- പൊന്നാനി പുഴ വെള്ളത്തില്‍ കലര്‍ന്ന് ബയോകെമിക്കല്‍ ഓക്സിജന്‍, ക്ലിനിക്കല്‍ ഓക്സിജന്‍ എന്നിവയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതാണ് പരിസര പ്രദേശത്തെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ രാസവസ്തുക്കളാല്‍ മലിനീകരിക്കപ്പെടാന്‍ കാരണം.
തലക്കടത്തൂരിലെ സ്വകാര്യ വാഹന സര്‍വ്വീസ് സെന്റര്‍, തിരൂര്‍ മത്സ്യമാര്‍ക്കറ്റ്, സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ക്ലിനിക്കല്‍ ഓക്സിജന്‍ പുഴയിലെത്തിയത്. ഓഡിറ്റോറിയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബയോ കെമിക്കല്‍ ഓക്സിജനും പുഴയെ മലിനീകരിച്ചെന്നാണ് കണ്ടെത്തല്‍.
പുഴ മലീനീകരിക്കപ്പെട്ടതോടെ തിരൂര്‍, തലക്കടത്തൂര്‍, ആശാരിക്കടവ്, ചെമ്പ്ര, കാനാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകള്‍ തീരത്തും ഉപയോഗ ശൂന്യമായിരിക്കുകയാണ്. കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നതോടെ പുഴയില്‍ ഉപ്പുവെള്ളം കയറിയതും പ്രദേശവാസികള്‍ക്ക് തിരിച്ചടിയായി.
ഇതിനാല്‍ മഴക്കാലത്തു പോലും വെള്ളം പണം കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ ആറുമാസത്തിലധികമായി പ്രശ്നം തുടങ്ങിയിട്ട്.
എന്നാല്‍ പുഴ മലീനീകരണത്തിനിടയാക്കുന്ന വാഹന സര്‍വ്വീസ് സെന്ററും മത്സ്യമാര്‍ക്കറ്റിലെ മലിന ജലശുദ്ധീകരണ പ്ലാന്റും പ്രവര്‍ത്തന യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂനലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തും നഗരസഭയും അലംഭാവം കാട്ടുന്നതായാണ് പരാതി. കുടിവെള്ള സ്രോതസ്സുകള്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലെ വീടുകളിലേക്ക് വാഹനങ്ങളില്‍ ശുദ്ധജലമെത്തിക്കണമെന്ന ജനങ്ങളുടെ ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: