കാസര്‍കോട്: കാസര്‍ക്കോടുകാരുടെ ചിരകാലാഭിലാഷമായ പാസ്പോര്‍ട്ട് സേവാ കേന്ദ്രം പൂവണിയിച്ച് മോദി. കാസര്‍കോട് ജില്ലയ്ക്ക് സ്വന്തമായി ഒരു പാസ്പോര്‍ട്ട് സേവാകേന്ദ്രം വേണമെന്ന 60 വര്‍ഷമായുള്ള ജനങ്ങളുടെ ഒറ്റക്കെട്ടായ ആവശ്യമാണ് മോദി സര്‍ക്കാര്‍ നിറവേറ്റി കൊടുക്കുന്നത്. ഏറെനാള്‍ നീണ്ടുനിന്ന കാസര്‍കോടിന്റെ വലിയൊരു മുറവിളിക്ക് ഒടുവില്‍ പരിഹാരമാകുന്നു. യുപിഎ സര്‍ക്കാറിന്റെ ഭാഗമായി ഉണ്ടായിരുന്ന ഇടതുപക്ഷവും, മുസ്ലിം ലീഗ് നേതൃത്വങ്ങളും നടപ്പാക്കാത്ത കാസര്‍ക്കോട്ടുകാരുടെ സ്വപ്നമാണ് നരേന്ദ്ര മോദി സര്‍ക്കാറിലൂടെ സാക്ഷാത്ക്കരിച്ചിരിക്കുന്നത്. ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തനമാരംഭിക്കും.
മാര്‍ച്ച് ആദ്യത്തോടു കൂടി കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. സ്വന്തം കെട്ടിടത്തില്‍ സ്ഥിര സൗകര്യം ഒരുക്കിയാണ് പാസ്പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിന്റെ ഭാഗമായി പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന കോഴിക്കോട് റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ കെ.പി.മധുസൂദനന് കഴിഞ്ഞ ദിവസം കാസര്‍കോട്ട് എത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നത് സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു.
കേരളത്തില്‍ ആദ്യഘട്ടത്തില്‍ തുടങ്ങുന്ന രണ്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ഒന്നാണ് ജില്ലയ്ക്ക് ലഭിച്ചത്. നളീന്‍ കുമാര്‍ കട്ടീല്‍ എം.പി. ഉള്‍പ്പെടെയുള്ളവര്‍ വഴി നിരവധി നിവേദനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചിരുന്നു. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബിജെപിയുടെ ഭാഗത്തുനിന്നുമുണ്ടായ ഇടപെടലുകള്‍ വഴി പാസ്പോര്‍ട്ട് സേവാകേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുകയായിരുന്നു. ഇത്രയും കാലം കാസര്‍കോട് ജില്ലയിലെ ആളുകള്‍ പയ്യന്നൂരിലുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്. ജില്ലയില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ ജോലി ആവശ്യത്തിനും സന്ദര്‍ശനത്തിനും തീര്‍ത്ഥാടനത്തിനും ഒക്കെയായി ഗള്‍ഫിലേക്കും മറ്റു വിദേശ രാ്ജ്യങ്ങളിലേക്കും പോകുന്നുണ്ട്. കീലോമീറ്ററുകള്‍ താണ്ടി ഇവിടത്തെ ആളുകള്‍ക്ക് പയ്യന്നൂരിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലേക്ക് പോകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. കനത്ത തിരക്കിനിടയില്‍ പാസ്പോര്‍ട്ട് നേടിയെടുക്കുകയെന്നതും എളുപ്പമായിരുന്നില്ല. പയ്യന്നൂരിലെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ലഭിച്ച അപേക്ഷകളില്‍ ഭൂരിഭാഗവും കാസര്‍കോട് ജില്ലയില്നിന്നുള്ളവരുടേതാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 നവംബറിലെ കണക്കുപ്രകാരം 61,742 അപേക്ഷകളാണ് പയ്യന്നൂരിലെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ലഭിച്ചത്. ഇതില്‍ 44,844 അപേക്ഷകളും കാസര്‍കോട് ജില്ലയില്‍ നിന്നായിരുന്നു. 2015 ലും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നത് കാസര്‍കോട്ട് നിന്നാണ്. ആകെ ലഭിച്ച 71,378 അപേക്ഷകളില്‍ 52,173 അപേക്ഷകള്‍ കാസര്‍കോട് ജില്ലയില്‍നിന്നാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ആശ്വസമേകി കാസര്‍കോട്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: