ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് അവിടത്തെ പറുദീസകളെക്കുറിച്ചു സഞ്ചാരപ്രിയരായ മലയാളികള്‍ പറയുമ്പോള്‍ ഇവര്‍ സ്വന്തംകേരളം ഒന്നു ചുറ്റി സഞ്ചരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. വിദേശ വാര്‍ത്തകളെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും പറഞ്ഞും എഴുതിയും വായനക്കാരെ ഹരംകൊള്ളിക്കുമ്പോള് കേരളത്തെക്കുറിച്ച് മുഴുനീളെ എഴുതാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ. കേരളം പോയിട്ട് സ്വന്തം ജില്ലപോലും ഇവര്‍ മുഴുവനായി കണ്ടിട്ടുണ്ടാകുമോ. താമസിക്കുന്ന പ്രദേശംപോലും അത്യാവശ്യം കാണാത്തവരും നമുക്കിടയില്‍ ഉണ്ടാകാം.
പുതുതായി കാണുന്നതെന്തും നമുക്ക് കൗതുകമാകാം. വിദേശങ്ങളില്‍ കാഴ്ചകളുടേയും സുഖങ്ങളുടേയും പറുദീസകളുണ്ടാകാം. എന്തുകൊണ്ട് ഇവര്‍ക്ക് കേരളം പറുദീസയാകുന്നില്ല. കേരളം പറുദീസയാണ്, എല്ലാ അര്‍ഥത്തിലും ദൈവത്തിന്റെ സ്വന്തം നാട്. അതു പക്ഷേ മലയാളിയെക്കാള്‍ പത്തും വട്ടം തലകുലുക്കി സമ്മതിക്കുന്നുണ്ട് ഇവിടെ എത്തുന്ന വിദേശികള്‍. ഇപ്പോള്‍ കേരളത്തെ കൂടുതല്‍ കാണുകയും അനുഭവിച്ചു ആസ്വദിക്കുകയും ചെയ്യുന്നത് വിദേശികളാണ്. കഥകളിയെ മലയാളിയെക്കാള്‍ വിദേശി ഇഷ്ടപ്പെടുന്നപോലെ.
ലോകത്തിലെ ഏറ്റവും നല്ല കാലാവസ്ഥയായിരുന്നു കേരളത്തിലേത്. അത് അത്യാവശ്യം തകര്‍ക്കേണ്ടതു നമ്മള് ചെയ്തു കഴിഞ്ഞു. എന്നാലും മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ചും ഇന്നും കേരളത്തിന്റെ കാലാവസ്ഥ തന്നെയാണ് നല്ലത്. നമ്മുടെ കാടും മലയും മേടുമൊക്കെ ഇനിയും സംരക്ഷിക്കുകയാണെങ്കില്‍ കുറെക്കാലം കേരളത്തിനു വലിയ കേടുപാടില്ലാതെ പോകാന്‍ കഴിയും. നമ്മുടെ ചരിത്രവും സംസ്ക്കാരവുമൊക്കെ ആര്‍ക്കും കൗതുകമുണ്ടാക്കുന്നവയാണ്. നമ്മുടെ ഭാഷ, കുടുംബ ജീവിതം, സ്നേഹം…ഇതെല്ലാം എല്ലാവര്ക്കും മാതൃകയാണ്. നമ്മുടെ സാഹിത്യം, കലകള്‍, ആയോധനങ്ങള്, ചികിത്സ, പഴമ, ഐതിഹ്യം…അങ്ങനെ പറഞ്ഞുതീരാത്തതെന്തെല്ലാം.
ലോകം മുഴുവന്‍ ചുറ്റിത്തീര്ന്നാലും കേരളം മുഴുവന്‍ ചുറ്റിത്തീരാനാവില്ല. അത്രയ്ക്കുണ്ട് കാണാനും അറിയാനും അനുഭവിക്കാനും.ടൂറായിട്ടല്ല,അനുഭവിക്കാന്‍ തന്നെ. മലയാളി സ്വന്തം നാടുകണ്ടും അറിഞ്ഞും കൂടുതല്‍ കേരളിയനാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: