കടുത്ത ഉപ്പുരസമാണ് ചാവുകടലിന്റെ പ്രത്യേകത. സാധാരണ കടല്‍വെള്ളത്തിന്റെ ഒന്‍പതിരട്ടി ഉപ്പ്. അതുകൊണ്ട് ആള് കടലില്‍ വീണാലും താണുപോകില്ല. വേണമെങ്കില്‍ കടല്പ്പരപ്പില് കിടന്ന് പത്രം വായിക്കുകയും ചെയ്യാം. ചാവുകടലിലെ വെള്ളത്തിന് ഔഷധഗുണവും ഏറെ. പക്ഷെ പറഞ്ഞിട്ടെന്തുകാര്യം. കടല്‍ വറ്റിവരളുകയാണ്. പ്രതിവര്‍ഷം ഒരു മീറ്റര്‍ എന്ന കണക്കില്‍ കടല്‍ നിരപ്പ്താഴുന്നു. പണ്ട് കടലിനോട് ചേര്‍ന്നുണ്ടാക്കിയ ഹോട്ടലുകളില്‍നിന്ന് ഇന്ന് കടലിലെത്താന്‍ ലവണചതുപ്പിലൂടെ നടക്കേണ്ടത് രണ്ടുകിലോമീറ്റര്‍ദൂരം!
അങ്ങകലെ റഷ്യയില്‍ ഒരു കടല്‍ വറ്റുന്നതിന്റെ കഥ പത്രമാധ്യമങ്ങളില്‍ വലിയവാര്‍ത്തയായിരുന്നു. അറാള്‍ കടല്‍. രണ്ട് മഹാനദികളിലെ ജലമത്രയും വിവിധ രാജ്യങ്ങള്‍ വഴി അണകെട്ടിതിരിച്ചുവിട്ടതാണ് ‘അറാളി’നു വിനയായത്. തുടര്‍ന്നുണ്ടായത് വന്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ – അന്നാട്ടില്‍ മഴ കണികാണാനില്ല; നാടും നഗരവും നിറഞ്ഞു നില്ക്കുന്ന ഉപ്പുപൊടി. വന്തൊഴിലില്ലായ്മ; അനന്തമായി നീളുന്ന അഭയാര്‍ത്ഥി പ്രവാഹവും.
ഇപ്പോള്‍ ചാവുകടലും വറ്റുകയാണ്. റോമന്ചരിത്രത്തിലും ബൈബിള്‍ കഥകളിലുമൊക്കെ നിറസാന്നിദ്ധ്യമായ ചാവുകടല്‍. ഒരിക്കല്‍ ക്ലിയോപാട്രയ്ക്ക് സുഗന്ധദ്രവ്യങ്ങളെത്തിച്ച കടല്‍. ഹെറോണ്‍ രാജാവിന് രോഗചികിത്സയ്ക്ക് വേദിയൊരുക്കിയ കടല്‍. സോളമന് അഭയമരുളിയ കടല്‍. പക്ഷേ ഈ കടലില്‍ ജലജീവികളൊന്നുമില്ല. അത്രയേറെയാണ് ലവണാംശം. ആകെയുള്ളത് എങ്ങും പിടിച്ചുനില്‍ക്കുന്ന കുറെ ബാക്ടീരിയകളും കുറെ ഫംഗസുകളും. പക്ഷേ കടലിലെ ലവണജലവുംചേറുമൊക്കെ ഒരുപാട് രോഗങ്ങള്‍ക്ക് കൈകണ്ട ഔഷധമാണുപോലും!
നാലുവശവും കരയാല്‍ ചുറ്റപ്പെട്ടാണ് ചാവുകടലിന്റെസ്ഥാനം. ഭൂമിയിലെ ഏറ്റവും താഴ്ചയുള്ള സ്ഥലമെന്ന പദവിയുമുണ്ട്-സമുദ്രനിരപ്പില്‍ നിന്ന് 1388 അടിതാഴ്ചയിലാണ്ചാവുകടല്. ഇസ്രായേല്‍, ജോര്‍ദാന്‍, പാലസ്തീന് വെസ്റ്റ് ബാങ്ക് എന്നീ മൂന്നു രാജ്യങ്ങളാണീ കടലിന്റെ അതിര്‍ത്തികള്‍. ഏതാണ്ട് 67 കിലോമീറ്റര്‍ നീളവും18 കിലോമീറ്റര്‍ വീതിയും പരമാവധി 377 മീറ്റര്ആഴവും. ഒരുപാട് ദേശാടന പക്ഷികളാണ് കടലിനോടുചേര്‍ന്ന തണ്ണീര്‍ത്തടങ്ങളില്‍ സദാചിറകടിക്കുന്നത്.
ഒപ്പം ചാവുകടലിനു സ്വന്തമായ ചാവുകടല്‍ കുരുവികളും. കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട ്ചാവുകടലിന്റെ വിസ്തീര്‍ണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി കണക്കുകള്‍ പറയുന്നു. വെള്ളംവറ്റിയതിനു കാരണം ആഗോള താപനമോ വനനശീകരണമോ അല്ല: മറിച്ച് അതാത് സര്‍ക്കാരുകളുടെ ശരിയല്ലാത്ത കൈയിലിരിപ്പ് മാത്രം. ചാവ് കടലില്‍ വെള്ളമെത്തിക്കുന്ന പ്രധാന സ്രോതസ് ജോര്‍ദാന്‍ നദിയാണ്. ആ നദിയില്‍ ഇസ്രയേലും ജോര്‍ദാനുമൊക്കെ നിരനിരയായി അണകള്‍ കെട്ടി ഒഴുകിവന്ന വെള്ളമത്രയും തിരിച്ചുവിട്ടു-കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനും വ്യവസായാവശ്യങ്ങള്‍ക്കും. കണക്കന്മാരുടെ രേഖകള്‍ പ്രകാരം അപ്രകാരം തിരിച്ചുവിട്ടിരിക്കുന്നത് നദീജലത്തിന്റെ 90 ശതമാനം. മഴതീരെ കിട്ടാത്ത ഒരു പ്രദേശത്തുള്ള വെള്ളംകൂടി മുട്ടിയാല്‍ ചാവുകയല്ലാതെ ചാവുകടല്‍ എന്തുചെയ്യാന്‍?.
കടലിനെ കൊല്ലുന്ന വില്ലന്മാര് ഇനിയുമുണ്ടവിടെ. അതിര്‍ത്തിരാജ്യങ്ങള്‍ പ്രതിദിനം കടലിലേക്ക് ഒഴുക്കിവിടുന്നത് സംസ്കരിക്കാത്ത 15 ദശലക്ഷം ക്യൂബിക് ലിറ്റര്‍ മലിനജലം. വിലയേറിയ ഫോസ്ഫേറ്റ് ശേഖരിക്കുന്നതിനായി വെള്ളംകെട്ടി നിര്‍ത്തി വറ്റിക്കുന്ന പടുകൂറ്റന്‍ ഉപ്പളങ്ങള്‍ ആവശ്യത്തിലേറെ. കടലിനോടുചേര്‍ന്നുള്ള വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരവധി. ഷോപ്പിംഗ്മാളുകള്‍, ഹോട്ടലുകള്‍, വിനോദസഞ്ചാര, ചികിത്സാകേന്ദ്രങ്ങള്‍ അതിനുംപുറമെ. അതുകൊണ്ടാണ് മധ്യപൂര്‍വ്വ പ്രദേശത്തിനായുള്ള ഇക്കോപീസ് (ഇക്കോപീസ് മിഡില്‍ഈസ്റ്റ്) എന്ന സംഘടനയുടെ ഇസ്രായേല്‍ ഡയറക്ടര്‍ ഗിഡോണ്‍ ബ്രോംബെര്‍ഗ് ഇങ്ങനെ പറയുന്നത്’ചാവുകടലിന്റെ ഭീഷണി കാലാവസ്ഥാവ്യതിയാനമോ ആഗോളതാപനമോ അല്ല; അയല്‍രാജ്യങ്ങളിലെ സര്‍ക്കാരുടെ നയത്തിലുണ്ടായ കൊടും പാളിച്ചകളാണ്’
വെള്ളം വറ്റിയകലുന്നതിന് ആനുപാതികമായി അയല്‍ പ്രദേശങ്ങളിലൊക്കെ ജലപ്പരപ്പ് അപകടകരമാംവിധം താഴ്ന്നു. ഭൂഗര്‍ഭജലം തീരെക്കുറഞ്ഞു. കൃഷികള്‍ നശിച്ചു.
കടലിറങ്ങുന്ന സ്ഥലങ്ങളില്‍ ആയിരക്കണക്കിന് കൂറ്റന്‍ ഗര്‍ത്തങ്ങള്‍ രൂപമെടുക്കുകയും ചെയ്തു. നൂറുമീറ്റര്‍വരെ ആഴമുള്ള വമ്പന്കുഴികള്. വലിയ ഉപ്പുപാറകളായിരുന്നു ഈ കുഴികളില്‍ നിറഞ്ഞിരുന്നത്. കടല്‍ വെള്ളം വലിഞ്ഞതോടെ മലയിലെ ഉറവ് ജലം കുഴികളിലെത്തി. ഉപ്പ് പാറകള്‍ അലിഞ്ഞുപോയി. അതോടെയാണ് വന്‍ഗര്‍ത്തങ്ങള്‍ പിറവിയെടുത്തത്. അത്തരം ഉപ്പുപാറക്കുഴികളിലേക്ക് നിരവധി കെട്ടിടങ്ങളാണ്ഇടിഞ്ഞിറങ്ങിയത്. റോഡുകളും ഫാക്ടറികളും പൊട്രോള്‍ ബങ്കുകളുമൊക്കെ അങ്ങിനെ കുഴിയില്‍വീണു. ചിലേടത്ത് താമസംതന്നെ ഇല്ലാതായി. ചിലസ്ഥലങ്ങളില്‍ യാത്രചെയ്യുമ്പോള്‍ പൊട്ടിയ ഗ്ലാസ്പാളികളിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണത്രേ.
ഒരുപാട് വെള്ളം കിട്ടിയാല്‍ മാത്രമേ ഇനി ഈ കടലിന് പുനര്‍ജനി സംഭവിക്കുകയുള്ളു. ഇക്കാര്യം മനസ്സിലാക്കിയ ഇസ്രായേല്‍-ജോര്‍ദാന്‍ സര്‍ക്കാരുകള്‍ വലിയൊരു കരാറിന് രൂപം നല്കി. 900 ദശലക്ഷം ഡോളര്‍ ചിലവ് വരുന്ന ഒരുകരാറിന്. ചെങ്കടലില്‍ നിന്ന് തോട്വെട്ടി ചാവുകടലിലേക്ക് വെള്ളംകൊണ്ടുവരിക. ആകെനീളം 124 മൈല്‍മാത്രം. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ ചാവുകടല്‍ ജീവിക്കുമെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: