കേരളത്തിലെ അതിപ്രഗത്ഭരായ സംഗീതജ്ഞരുടെ പട്ടിക തയ്യാറാക്കിയാല്‍ അതിലെ പ്രമുഖമായ ഒരു പേര് പാറശ്ശാല പൊന്നമ്മാള്‍ എന്നായിരിക്കും. കര്‍ണ്ണാടക സംഗീതത്തിലെ ഇതിഹാസമായിരുന്ന എം.എസ്. സുബ്ബലക്ഷ്മിയുടെ ആരാധികയായി ആ സംഗീതത്തിന്റെ മാസ്മര വലയത്തില്‍ ഇഴുകിച്ചേര്‍ന്ന പാറശ്ശാല പൊന്നമ്മാളിന് ഭാരതം പത്മശ്രീ നല്കി ആദരിച്ചു. ഇത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി കരുതുന്നു എന്ന് പറയാന്‍ ഈ 92-ാം വയസിലും നൂറുനാവ്. തിരുവനന്തപുരം വലിയശാല ഗ്രാത്തിലെ വ്യാസഅഗ്രഹാരത്തില് നിന്ന് ശുദ്ധസംഗീതം ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു.
1924-ല്‍ ജനിച്ച പൊന്നമ്മാളിനെ നന്നെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിപ്പിച്ചത് പരമുപിള്ള ഭാഗവതരായിരുന്നു. രാമസ്വാമി ഭാഗവതരുടെ ശിക്ഷണം കൂടി ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച പൊന്നമ്മാളിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ മകളെ സംഗീത ലോകത്തുതന്നെ തുടരുവാന്‍ അനുവദിച്ചു.
അംഗീകാരങ്ങള്‍, റെക്കോഡുകള്‍
1952-ല്‍ സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ അദ്ധ്യാപികയായി ചേരുമ്പോള്‍ ആ പദവിയിലെത്തുന്ന പ്രഥമ വനിത എന്ന അംഗീകാരം കൂടി പൊന്നമ്മാളിനു സ്വന്തം. ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സില്‍ പ്രിന്‍സിപ്പലായി. 1980-ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെയും ആ പദവിയില്‍ തുടര്‍ന്നു.
നവരാത്രി മണ്ഡപത്തില്‍ അരങ്ങേറുന്ന സംഗീതോത്സവത്തില്‍ പാടാന്‍ ഭാഗ്യം ലഭിച്ച ആദ്യ വനിതയും പാറശ്ശാല പൊന്നമ്മാളായിരുന്നു. 177 വര്‍ഷം പുരുഷന്മാരുടെ മാത്രം സ്വന്തമായിരുന്ന നവരാത്രിസദസ്സില്‍ ചരിത്രം തിരുത്തിക്കൊണ്ട് സ്ത്രീ ശബ്ദം ഉയര്‍ന്നു കേട്ടത് 2006 ലാണ്.
തിരുവനന്തപുരം ആകാശവാണിയുടെ തുടക്കം മുതല്‍ തന്നെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. 76 കൊല്ലം തുടര്‍ച്ചയായി ആകാശവാണിയിലൂടെ കച്ചേരികള്‍ അവതരിപ്പിച്ചു. ആകാശവാണിയിലൂടെ ഇപ്പോഴും കച്ചേരി നടത്തിക്കൊണ്ടിരിക്കുന്നു.
ഈ സംഗീതജ്ഞയെ തേടിയെത്തിയ പുരസ്കാരങ്ങളും അംഗീകാരങ്ങളും നിരവധി. 1965 ല്‍ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയില്‍ നിന്നേറ്റു വാങ്ങിയ ‘ഗായകരത്നം’ പട്ടം. 1977ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 2009 ലെ കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്കാരം, കേന്ദ്ര സംഗീതനാടക അക്കാദമിയുടെയും കേരള സംഗീതനാടക അക്കാദമിയുടെയും ഫെലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പന് പുരസ്കാരം, ചെന്നൈ മ്യൂസിക് അക്കാദമി പുരസ്കാരം, ചെന്നൈ ശ്രീകൃഷ്ണ ഗാനസഭയുടെ പുരസ്കാരം തുടങ്ങി 30 ലേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. കേരളത്തിനു പുറത്തുനിന്നും നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി.
ഗുരുവായൂര്‍പുരേശ സുപ്രഭാതം, തൃശ്ശിവ പുരേശ സുപ്രഭാതം, ഉത്സവ പ്രബന്ധം, നവരാത്രി കൃതി, മീനാംബികാ സ്തോത്രം, ഇരയിമ്മന്‍ തമ്പിയുടെയും കെ.സി.കേശവപിള്ളയുടെയും കൃതികള്‍ തുടങ്ങിയവയുടെ അനശ്വരങ്ങളായ സംഗീതാവിഷ്കാരങ്ങള്‍ പാറശ്ശാല പൊന്നമ്മാളെന്ന അതുല്യ പ്രതിഭയുടെ മികവ് തെളിയിക്കുന്നു.
മഹാദേവയ്യരുടെയും ഭഗവതിയമ്മാളിന്റെയും നാലു പെണ്മക്കളില് മൂന്നാമത്തെ മകളായി 1924 ല്‍ ജനിച്ച പൊന്നമ്മാളിന് സംഗീതത്തോടുള്ള താല്പര്യം മനസിലാക്കി പരമുപിള്ള എന്ന സംഗീതജ്ഞന്റെ അടുത്തേയ്ക്ക് ഏഴാം വയസ്സില്‍ സംഗീതം പഠിപ്പിക്കാനയച്ചു. പിന്നീട് പൊന്നമ്മാളിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
13-ാം വയസില്‍ ഒരു സംഗീതമത്സരത്തില്‍ വിധികര്‍ത്താക്കളില്‍ ഒരാള്‍ ശെമ്മാങ്കുടി ശ്രീനിവാസയ്യരായിരുന്നു. മത്സരം കഴിഞ്ഞ ഉടനെ അച്ഛനോടൊപ്പം തിരിച്ചുപോകാന്‍ നിന്ന അവരെ പിറകില്‍ നിന്നാരോ വിളിച്ചു. ‘നിങ്ങള്‍ പോകരുത്, നിങ്ങളുടെ മകള്‍ക്കാണ് ഒന്നാം സമ്മാനം’. ഫലപ്രഖ്യാപനത്തിനു ശേഷം ഒരു മാസം കഴിഞ്ഞ് ജൂബിലി ഹാളില്‍ വച്ച് ഹരികേശനല്ലൂര്‍ മുത്തയ്യ ഭാഗവതര്‍ ആ സമ്മാനം നല്‍കിയത് പൊന്നമ്മാളുടെ ജീവിതത്തിലെ വഴിത്തിരിവായി. പൊന്നമ്മാളുടെ സംഗീതജ്ഞാനം മനസിലാക്കിയ മുത്തയ്യ ഭാഗവതര്‍ എത്രയും വേഗം സ്വാതിതിരുന്നാള്‍ അക്കാദമിയില്‍ ചേര്‍ക്കുവാന്‍ ആവശ്യപ്പെട്ടു.
1940ല്‍ പൊന്നമ്മാള്‍ അക്കാദമിയില്‍ ചേര്‍ന്നു. അന്ന് മുത്തയ്യ ഭാഗവതര്‍ തന്നെ തിരുച്ചിറപ്പിള്ളി ആകാശവാണി നിലയത്തില്‍ പാടാനുള്ള അവസരം ചെയ്തു കൊടുത്തു. ഗായിക കോഴ്സ് കഴിഞ്ഞപ്പോള്‍ പൊന്നമ്മാള്‍ തിരുവനന്തപുരത്ത് പുന്നപുരം സ്കൂളില്‍ അദ്ധ്യാപികയായി. തുടര്‍ന്ന് സ്വാതിതിരുന്നാള്‍ അക്കാദമിയില്‍ ഗാനഭൂഷണത്തിനു റാങ്കോടെ കോഴ്സ് പൂര്‍ത്തിയാക്കി.
ഇരുപത്തിനാലാം വയസിലായിരുന്നു പൊന്നമ്മാളുടെ വിവാഹം. വരന് തെങ്കാശിക്കടുത്ത് ആയക്കൂടിയില്‍ ദേവനായകം അയ്യരും സംഗീത തല്പരനായിരുന്നു. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. പൊന്നമ്മാളെ ഏറെ പ്രശസ്തയാക്കിയത് നവരാത്രി മണ്ഡപത്തിലെ സംഗീതക്കച്ചേരിയാണ്. 2016 വരെ നവരാത്രി മണ്ഡപത്തില്‍ പൊന്നമ്മാള്‍ പാടി.
സ്വന്തം ശിഷ്യരെക്കുറിച്ച്
പ്രശസ്തരായി ധാരാളം ശിഷ്യ സമ്പത്തിനുമയായത് അലിയഭാഗ്യം. അതില്‍ മറക്കാനാകാത്തത് സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പ്രിന്‍സിപ്പാളായിരുന്ന കുമാരകേരളവര്‍മ്മയെ. മറ്റുളളരുടെ പേരുകള്‍ പറഞ്ഞാല്‍ തീരില്ല. ഒരു കുടുംബത്തിലെ മൂന്നു തലമുറയിപ്പെട്ടവരെ പഠിപ്പിക്കാനായത് അപൂവ ഭാഗ്യമല്ലേ.
ഇഷ്മുള്ള സംഗീതജ്ഞര്‍
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, എം.എസ്. സുബ്ബലക്ഷ്മി, കവിയൂര്‍ രേവമ്മ, കമലാ കൈലാസനാഥ് എന്നിവരുടെ പാട്ടുകള്‍ ആരാധനയോടെ കേള്‍ക്കുമായിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയുടെ നൂറാം ജന്മദിനാഘോഷത്തിന് പാടാനായത്് മറക്കാനാകില്ല. കര്‍ണാടക സംഗീതം എന്നത് ഒരു സാഗരമാണ്. അതിനാല്‍ മറ്റുള്ള സംഗീത ശാഖകളിലേക്ക് കടക്കാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവയെക്കുറിച്ച് കൂടുതല്‍ അറിയുകയുമില്ല.
പുതുതലമുറയുടെ സംഗീതത്തെക്കുറിച്ച്
പുതിയ തലമുറ വളരെ മിടുക്കരാണ്. സംഗീതവും മറ്റ് കലകളും ഒരേസമയം പഠിക്കുന്നതില്‍ അവരെ അഭിനന്ദിക്കണം. കഥകളിപ്പദവും കര്‍ണാടക സംഗീതവും ഒരുപോലെ അവര്‍ക്കു വഴങ്ങുന്നു. ഇത് സ്വാഗതാര്‍ഹമാണ്.
സംഗീതം ചിട്ടപ്പെടുത്തല്‍
പഠനം മുതല്‍ സംഗീതലോകത്തായതിനാല് സംഗീത സപര്യ തുടര്‍ന്നുകൊണ്ടിരുന്നു. ആഗ്രഹമുണ്ടായിരുന്നെങ്കിലും സംഗീതം ചിട്ടപ്പെടുത്തല്‍ അതിനിടയില്‍ നടന്നില്ല.
ഇന്ന് തൊണ്ണൂറ്റി രണ്ടാം വയസ്സില്‍, നവതിയുടെ നിറവില്‍ നില്‍ക്കുമ്പോഴും ടീച്ചര്‍ പാടിക്കൊണ്ടേയിരിക്കുന്നു. പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ശിഷ്യസമ്പത്തിന്റെ നിറവില്‍, തന്റെ അറിവും സംഗീതവും പങ്കുവച്ചുകൊണ്ട് ആ സപര്യ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: