തിരൂര്‍: വാഹനങ്ങളിലെയും മൊബൈല്‍ ടവറുകളിലേയും ബാറ്ററി മോഷ്ടിക്കുന്ന സംഘം തിരൂരില്‍ പിടിയില്‍. തൃശ്ശിനാപ്പള്ളി സ്വദേശി
നാഗരാജ് എന്ന അരുണ്‍കുമാര്‍(28), കൂട്ടായി സ്വദേശി കക്കോച്ചിന്റെ പുരക്കല്‍ സഫ്വാന്(28) എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാലു മാസങ്ങള്‍ക്ക് മുമ്പ് തിരൂരില്‍ പോലീസ് പിടികൂടിയ തൊണ്ടിവാഹനങ്ങക്ക് തീപിടിച്ചിരുന്നു. തീ പിടുത്തത്തില്‍ അസ്വാഭാവിക തോന്നിയ പോലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് നിരവധി തവണ പോക്കറ്റടി കേസുകളിലും മോഷണ കേസുകളിലും പ്രതിയായ സഫ്വാനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
സഫ്വവനില് നിന്നാണ് നാഗരാജിനെ കുറിച്ച് വിവരം കിട്ടുന്നത്. കോതമംഗലത്തുവെച്ചാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്.
പാലക്കാട്, ഇരിങ്ങാലക്കുട, തിരൂര്‍, കാടാമ്പുഴ എന്നീ സ്ഥലങ്ങളിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വാഹനങ്ങളിലേയും ബിഎസ്എന്‍എല്‍ ടവറുകളിലെയും ഹെവി ബാറ്ററികളുമാണ് ഇവര്‍ മോഷ്ടിക്കാറുള്ളത്. പല പോലീസ് സ്റ്റേഷനുകളിലും ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. അറുന്നൂറോളം ബാറ്ററികളും നാല് ബൈക്കും ഒരു ഓട്ടോറിക്ഷയും മോഷ്ടിച്ചിട്ടുണ്ടെന് പ്രതികള്‍ സമ്മതിച്ചു.
66 വാഹന ബാറ്ററികളും 19 ബിഎസ്എന്‍എല്‍ ഹെവി ബാറ്ററികളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഏകദേശം ഏഴ് ലക്ഷം രൂപ വിലവരുന്നവയാണ് ഇവ. തലക്കടത്തൂര്‍, പെരിന്തല്‍മണ്ണ, വേങ്ങര എന്നീ സ്ഥലങ്ങളിലെ ആക്രികടകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. നാലു ബൈക്കുകളില്‍ രണ്ട് ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്ന് പൊളിച്ചു വിറ്റെന്ന് പ്രതികള്‍ പറഞ്ഞു.
ഡിവൈഎസ്പി ഉല്ലാസിന്റെ നേതൃത്വത്തില്‍ താനൂര്‍ സിഐ അലവി, തിരൂര്‍ സിഐ അബ്ദുള്‍ ബഷീര്‍, എസ്ഐ സുമേഷ് സുധാകര്‍, സിപിഒമാരായ സാബു, ലൂഷ്യ സ്, ഷിജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: