കരുവാരകുണ്ട്: മലയോര മേഖലയായ കരുവാരക്കുണ്ടില്‍ പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു.
തൊട്ടടുത്ത എടപ്പറ്റ പഞ്ചായത്തില്‍ ഡെങ്കിപനി ബാധിച്ച് ഒരു സ്ത്രീ കഴിഞ്ഞ ദിവസം മരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. കൊച്ചു കുട്ടികളിലും മറ്റും പനിയുടെ ലക്ഷണം അനുഭവപ്പെട്ടാലുടനെ ചികിത്സ തേടി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.
പനി കാരണം സ്കൂളുകളില്‍ ഹാജര്‍ നിലയിലും കുറവനുഭവപ്പെടുന്നുണ്ടന്ന് അദ്ധ്യാപകര്‍ പറയുന്നു.
സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതികളും ജനങ്ങളില്‍ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
കരുവാരകുണ്ട് ഗവ.ആശുപത്രിയില്‍ കിടത്തി ചികിത്സയില്ലാത്തതിനാല്‍ മഞ്ചേരി, പെരിന്തല്‍മണ്ണ തുടങ്ങിയ സ്വകാര്യ ആശുപത്രികളെയാണ് ജനങ്ങള്‍ അഭയം തേടുന്നത്.
സ്ഥലപരിമിതി കാരണം ആശുപത്രി വരാന്തകളടക്കം രോഗികളെ കൊണ്ടു നിറഞ്ഞു.
കരുവാരകുണ്ട് ഗവ.ആശുപത്രിയില്‍ കിടത്തി ചികിത്സക്കാവശ്യമായ കെട്ടിടങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ കുറവും ലാബ് സൗകര്യങ്ങളും മറ്റും നിലവിലില്ലാത്തതാണ് കിടത്തി ചികിത്സക്ക് തടസ്സമാകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
തുവ്വൂര്‍ പഞ്ചായത്തിലെ നിലാഞ്ചേരി, ഊത്താലക്കുന്ന് ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിവരുന്നു.
കേരള, മഞ്ഞള്‍പാറ അരിമണല്‍, പാന്ത്ര, ചുള്ളിയോട്, കക്കറ ഭാഗങ്ങളില്‍ നിന്ന് ഡെങ്കിപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും, അധികൃതര്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് ആരോപണമുയരുന്നുണ്ട്.
തോട്ടം മേഖലയായ കരുവാരകുണ്ടില്‍ കൊതുകിന്റെ സാന്ദ്രത ഏറെയാണന്ന് ആരോഗ്യവകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മഴക്കാല രോഗപ്രതിരോധം ശക്തമാക്കുവാന്‍ ആരോഗ്യ വകുപ്പും തദ്ദേശസ്ഥാപനങ്ങളടക്കം ശ്രമിക്കാത്തതാണ് പ്രശ്നം രൂക്ഷമായതെന്നും ജനങ്ങള്‍ക്കിടയില്‍ ആരോപണമുണ്ട്.
കൊതുകുനശീകരണത്തിന് മുന്നോടിയായി ടാപ്പ് ചെയ്യുന്ന റബ്ബറിന്റെ ചിരട്ടകള്‍ വെള്ളം കെട്ടി നില്‍ക്കാതെ കമഴ്ത്തിവെക്കുക, കമുകിന്റെ പാളകള്‍ ചീന്തിയിടുക, വീടുകളില്‍ നിന്നും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രദേശത്തെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: