തിരുവനന്തപുരം: മികവുറ്റ സുഗന്ധവ്യഞ്ജനങ്ങളുടെ തടസ്സമില്ലാത്ത ഉത്പാദനവും, വിതരണവും ആഗോള വിപണിയില്‍ ഉറപ്പുവരുത്താന്‍ ലോകരാഷ്ട്രങ്ങള്‍ ഏകീകൃത മാനദണ്ഡങ്ങളും, നടപടി ക്രമങ്ങളും ആവിഷ്കരിക്കേണ്ടതുണ്ടെന്ന് യൂറോപ്യന്‍ സ്പൈസ് അസോസിയേഷന് ചെയര്മാന് നില്‍സ് മെയര്‍ പ്രൈസ് പറഞ്ഞു. അന്താരാഷ്ട്ര സ്പൈസസ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിഭൂമി തൊട്ട് അന്താരാഷ്ട്ര വിപണിവരെ ഏകീകൃത ഗുണനിലവാര മാനദണ്ഡങ്ങളനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങളുടെ കൃത്യമായ ഉല്പാദനവും, വിതരണവും സാധ്യമാക്കാന്‍ ശാസ്ത്ര വിവരസാങ്കേതിക വിദ്യകള്‍ക്ക് സാധിക്കും. ബാര്‍ കോഡിങ്ങ്, മെട്രിക്സ് ബാര്‍ കോഡിങ്ങ് എന്നിവയില്‍ മൊബൈല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉല്പാദനം, സംസ്കരണം, സംഭരണം, വിതരണ ശൃംഖല എന്നീ വിവരങ്ങളെല്ലാം ഉല്പന്നത്തോടൊപ്പം ഉപഭോക്താവിന് ലഭ്യമാക്കാന്‍ സാധിക്കും.
ഉപഭോക്താവിന്റെ ഹൃദയം കീഴടക്കാന്‍ സ്രോതസ്സിന്റെ സല്‍പ്പേരിന് സാധിക്കണം. സുതാര്യതയാണ് വിപണി കീഴടക്കാനുള്ള ആയുധമെന്ന് നില്‍സ് മെയര്‍ പറഞ്ഞു.
ചൈന എസന്‍ഷ്യല്‍ ഓയില്‍ ആരോമ ആന്റ് സ്പൈസസ് ട്രേഡ് അസോസിയേഷന് സെക്രട്ടറി ജനറല്‍ മിസ്. ലീയീ, ഗ്ലോബല്‍ ക്വാളിറ്റി ആന്റ് റെഗുലേറ്ററി മക്കോര്‍മിക് ആന്റ് കമ്പനി കോര്‍പറേറ്റ്വൈസ് പ്രസിഡന്റ് റോജര്‍ടി. ലോറന്‍സ്, ടോറു അസാമി പ്രസിഡന്റ് നിപ്പോണ്‍ സ്പൈസ് അസോസിയേഷന് (ജപ്പാന്), ജോര്‍ജ്ജ് ലിക്ഫെറ്റ് (ജര്‍മ്മനി) എന്നിവര്‍ സ്പൈസ് ഗുണനിലവാര മാനദണ്ഡ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
കീടനാശിനികളുടെയും, രാസവസ്തുക്കളുടെയും അവശിഷ്ടപരിധികളും, കോഡെക്സ് മാനദണ്ഡങ്ങളും, അവയ്ക്ക് ആവശ്യമായ പരിഷ്കരണങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്സ് സിഇഒ ജീമോന്‍ കോര നേതൃത്വം നല്കി. ഡോ. വേണുഗോപാല്‍ കെ.ജെ., ഡോ. രമേശ് ഭട്ട്, മിലന് ഷാ, റോബിന് ആന്ഡേഴ്സണ്, പോള്‍ ഹ്യൂബ്നര്‍ എന്നിവര്‍ സംസാരിച്ചു.
സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് വൈസ് ചെയര്മാന് ജോര്‍ജ്ജ് പോള്‍, എഐഎസ്ഇഎഫ് ചെയര്മാന് പ്രകാശ് നമ്പൂതിരി എന്നിവര്‍ സുഗന്ധവ്യഞ്ജന വ്യവസായത്തിലെ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതന സംരംഭക ആശയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നയിച്ചു.
മാനദണ്ഡങ്ങള്‍ അനുസരിച്ച് നല്ല വിളകളുടെ ഉല്പാദനത്തിനായി കാര്‍ഷിക രസതന്ത്ര മേഖലയും, കര്‍ഷകരും തമ്മില്‍ നിരന്തര സമ്പര്‍ക്കം ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ കെ.എസ്. ത്യാഗരാജന് (ബിഎഎസ്എഫ് ഇന്ത്യ) വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: